ഗള്‍ഫ് യാത്രക്കുള്ള മെഡിക്കല്‍ പരിശോധന നിരക്ക് കുത്തനെ കൂട്ടി
text_fieldsകൊണ്ടോട്ടി: ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മെഡിക്കല്‍ പരിശോധന നിരക്ക് വീണ്ടും കുത്തനെ വര്‍ധിപ്പിച്ചു. ഒരു മാനദണ്ഡവുമില്ലാതെയാണ് ഓരോ വര്‍ഷവും നിരക്ക് വര്‍ധിപ്പിക്കുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. 1,100 രൂപയുടെ വര്‍ധനയാണ് ഒറ്റയടിക്ക് വരുത്തിയത്. കഴിഞ്ഞവര്‍ഷം, 4,400 രൂപയായിരുന്നു സൗദി അറേബ്യയിലേക്ക് മെഡിക്കല്‍ പരിശോധനക്ക് ഈടാക്കിയിരുന്നത്. ഈ വര്‍ഷം 5,500 ആയി വര്‍ധിപ്പിച്ചു. മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് പുതിയ നിരക്ക് പ്രകാരം 5,000 രൂപയായി. നേരത്തേ, ഇത് 4,000 രൂപയായിരുന്നു. കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ 4,250 രൂപയായിരുന്നു സൗദിയിലേക്കുള്ള നിരക്ക്. ഇത് പിന്നീട് 4,400 ആക്കി വര്‍ധിപ്പിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറഞ്ഞ ചെലവില്‍ നടന്നിരുന്ന മെഡിക്കല്‍ പരിശോധനക്കാണ് ഇപ്പോള്‍ വന്‍ തുക ഈടാക്കുന്നത്. ഫീസും ആശുപത്രിയും നിശ്ചയിക്കുന്നതിന്‍െറ മാനദണ്ഡം അന്വേഷിക്കുന്നവര്‍ക്ക് എംബസിയില്‍ നിന്നാണ് തീരുമാനിക്കുന്നതെന്നാണ് ലഭിക്കുന്ന മറുപടി. വിവിധ ഗള്‍ഫ് നാടുകളിലേക്ക് ആദ്യമായി പോകുന്നവര്‍ക്കും പുതിയ വിസയില്‍ വീണ്ടും ജോലിക്ക് പോകുന്നവര്‍ക്കുമാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളത്. ഇതിനായി സംസ്ഥാനത്ത് ഗാംകയുടെ (ജി.സി.സി അപ്രൂവ്ഡ് മെഡിക്കല്‍ സെന്‍േറഴ്സ് അസോസിയേഷന്‍) ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്യണം.
കോഴിക്കോട്, എറണാകുളം, മഞ്ചേരി, തിരൂര്‍ തലക്കടത്തൂര്‍ എന്നിവിടങ്ങളിലാണ് ഗാംക ഓഫിസുകളുള്ളത്. ഇവിടെ ഫീസടച്ച് പേര് രജിസ്റ്റര്‍ ചെയ്യലാണ് ആദ്യഘട്ടം. തുടര്‍ന്ന് ഇവിടെനിന്ന് നിര്‍ദേശിക്കുന്ന ആശുപത്രിയിലത്തെിയാണ് പരിശോധന നടത്തേണ്ടത്. നേരത്തേ, അംഗീകാരമുള്ള ഏത് ആശുപത്രിയില്‍നിന്നും ഗള്‍ഫിലേക്കുള്ള മെഡിക്കല്‍ പരിശോധന നടത്താമായിരുന്നു. ഇപ്പോള്‍ ഗാംകയില്‍നിന്ന് നിര്‍ദേശിക്കുന്ന ആശുപത്രിയില്‍ മാത്രമേ പരിശോധന നടത്താന്‍ സാധിക്കൂ. ചില ആശുപത്രികളില്‍നിന്ന് പരിശോധനക്ക് എത്തുന്നവരില്‍നിന്ന് കൂടുതല്‍ തുക ഈടാക്കുന്നതായും പരാതികളുണ്ട്. പരിശോധനയില്‍ പരാജയപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് തുക ഈടാക്കുന്നത്. യാത്രയെ ബാധിക്കുമെന്നതിനാല്‍ പരാതിയുമായി രംഗത്തുവരാന്‍ ആരും തയാറാകാറില്ല. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.