അഞ്ചുവർഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്ക് വില കൂപ്പുകുത്തി; തേങ്ങിക്കരഞ്ഞ് തേങ്ങ
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് നാളികേരവില കുത്തനെ ഇടിഞ്ഞു. പൊതിച്ച പച്ചത്തേങ്ങ കിലോക്ക് പൊതുവിപണിയിൽ 23 രൂപയാണ് ലഭിക്കുന്നത്. അഞ്ചുവർഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 27-28 രൂപ ലഭിച്ചിരുന്നു. സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയായ 34 രൂപ ലഭിച്ചാൽ തന്നെ കർഷകർക്ക് പ്രയോജനമില്ലെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് തേങ്ങവില വീണ്ടും കൂപ്പുകുത്തിയത്. പച്ചത്തേങ്ങയുടെയും കൊപ്രയുടെയും സംഭരണം പാളിയതാണ് വില വലിയതോതിൽ കുറയാനിടയാക്കിയതെന്നാണ് പരാതി. വിലയിടിവിൽ കർഷകസംഘം, കർഷക കോൺഗ്രസ്, കർഷക മോർച്ച അടക്കമുള്ള സംഘടനകൾ പ്രക്ഷോഭപാതയിലാണെങ്കിലും സർക്കാറിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുണ്ടായിട്ടില്ല. ആകെ ഉൽപാദനത്തിന്റെ പത്തുശതമാനം പോലും സംഭരിക്കാൻ സർക്കാർ സംവിധാനമൊരുക്കാത്തതാണ് കടുത്ത പ്രതിഷേധത്തിനിടയാക്കുന്നത്.
വർഷം നാലുലക്ഷം ടൺ തേങ്ങയാണ് സംസ്ഥാനം ഉൽപാദിപ്പിക്കുന്നത്. സംഭരണകേന്ദ്രങ്ങൾ എല്ലാ പഞ്ചായത്തുകളിലും ഇല്ലാത്തതിനാൽ പലരും ദൂരദിക്കുകളിൽ കൊണ്ടുപോയി വേണം തേങ്ങ നൽകാൻ. ഇത് വാഹന വാടകയിനത്തിലും വലിയ ചെലവിന് ഇടവരുത്തുന്നതിനാൽ ചുരുങ്ങിയ വിലക്ക് നാട്ടിൻപുറത്തെ വിപണികളിൽ തേങ്ങ വിറ്റൊഴിക്കുകയാണ് കർഷകർ.
നാളികേര വില 29 രൂപയായി താഴ്ന്നപ്പോഴാണ് സർക്കാർ 32 രൂപ താങ്ങുവില പ്രഖ്യാപിച്ച് സംഭരണം ആരംഭിച്ചത്. എന്നാൽ, പിന്നീട് താങ്ങുവില 34 രൂപയാക്കിയെങ്കിലും പൊതു വിപണിയിലെ വില 23 ആയി കുറഞ്ഞുവെന്നതാണ് വിചിത്രം. നാടൻ കോഴിമുട്ടയുടെ വില പോലും നാളികേരത്തിന് ലഭിക്കുന്നില്ലെന്നാണ് കർഷകർ പരാതിപ്പെടുന്നത്. ശരാശരി മൂന്നു പച്ചത്തേങ്ങവെച്ചാലാണ് ഒരുകിലോ തൂക്കമാവുക.
ഇതിന് 23 രൂപ ലഭിക്കുമ്പോൾ ഒന്നിന് ശരാശരി എട്ടു രൂപയിൽ താഴെയാണ് കിട്ടുന്നത്. അതേസമയം, നാടൻ കോഴിമുട്ടക്ക് ഒന്നിന് 12 രൂപക്ക് മുതൽ മുകളിലോട്ടാണ് വില. തുടർച്ചയായി നാളികേര വില ഇടിയുന്നതിനാൽ പല കർഷകരും മുമ്പത്തെപ്പോലെ വളപ്രയോഗവും നടത്തുന്നില്ല. വളത്തിന്റെ വില കൂടിയതും ഇതിനു കാരണമാണ്. വളപ്രയോഗം കുറഞ്ഞതും മതിയായ ഇടമഴ ലഭിക്കാത്തതും വരും വർഷങ്ങളിലെ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.