മൂന്നുമാസം റേഷൻ വാങ്ങിയില്ല; 60,000 ഓളം കാർഡുകൾ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റി
text_fieldsകൊച്ചി: തുടർച്ചയായി മൂന്നുമാസം സാധനങ്ങൾ വാങ്ങാത്തതിനെത്തുടർന്ന് സംസ്ഥാനത്ത് 59,688 റേഷൻ കാർഡുടമകളെ മുൻഗണനേതര സബ്സിഡിയിതര വിഭാഗത്തിലേക്ക് മാറ്റി. ഇക്കൂട്ടത്തിൽ മുൻഗണന വിഭാഗത്തിലെ (പിങ്ക്) 48,724 കാർഡുടമകളും എ.എ.വൈ വിഭാഗത്തിലെ (മഞ്ഞ) 6,672 കാർഡുടമകളും എൻ.പി.എസ് വിഭാഗത്തിലെ (നീല) 4292 കാർഡുടമകളും ഉൾപ്പെടുന്നുണ്ട്. ഏറ്റവും കൂടുതൽ കാർഡുടമകൾ മുൻഗണനേതര സബ്സിഡിയിതര വിഭാഗത്തിലേക്ക് മാറിയത് എറണാകുളം ജില്ലയിലാണ് -8571 പേർ. തൊട്ടുപിന്നിൽ തിരുവനന്തപുരം ജില്ലയാണ് -7563 പേർ. സംസ്ഥാനത്താകെ 94,32,430 റേഷൻ കാർഡുടമകളാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ കണക്ക് പ്രകാരമുള്ളത്. ഇതിൽ 5,91,524 കാർഡ് എ.എ.വൈ വിഭാഗത്തിലും 35,94,506 കാർഡ് മുൻഗണന വിഭാഗത്തിലും 22,72,158 കാർഡ് സബ്സിഡി വിഭാഗത്തിലും 29,45,738 കാർഡ് മുൻഗണനേതര സബ്സിഡിയിതര വിഭാഗത്തിലും ഉൾപ്പെടുന്നുണ്ട്.
മുൻഗണന കാർഡ് ലഭിക്കാൻ നവകേരള സദസ്സിലും വിവിധ സർക്കാർ പരിപാടികളിലും അടക്കം ലഭിച്ച ആയിരക്കണക്കിന് അപേക്ഷയാണ് സർക്കാർ പരിഗണനയിലുള്ളത്. ഒഴിവുകൾ വരുന്ന മുറക്കാണ് അർഹരായ മുൻഗണനേതര വിഭാഗക്കാരായ അപേക്ഷകരെ മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നത്. ഈ വരുന്ന ഒഴിവുകൾ ഇത്തരം അപേക്ഷകർക്ക് പ്രയോജനകരമാകും. അതേസമയം, വ്യക്തമായ കാരണങ്ങളുള്ള കാർഡുടമകൾക്ക് അപേക്ഷ നൽകി വീണ്ടും അർഹത തിരിച്ചുപിടിക്കാനും അവസരമൊരുക്കിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.