‘ലൈഫി’ലെ ഗുണഭോക്താക്കൾക്ക് ഇരുട്ടടിയായി കിട്ടാത്ത റേഷൻ കാർഡ്
text_fieldsതൃശൂർ: വീടെന്ന സ്വപ്നത്തിലേക്കുള്ള ലൈഫ് മിഷനിൽ റേഷൻ കാർഡ് വേണമെന്ന നിബന്ധന ഇരുട്ടടിയാകുന്നു. സംസ്ഥാന സർക്കാറിെൻറ സ്വപ്ന ഭവനപദ്ധതിയായ ‘ലൈഫി’െൻറ ഗുണഭോക്താക്കളാവാൻ റേഷൻ കാർഡ് ഹാജരാക്കണമെന്ന ഉദ്യോഗസ്ഥ നിബന്ധനയാണ് പാവപ്പെട്ടവർക്ക് തിരിച്ചടിയാകുന്നത്. പദ്ധതിയുടെ സോഫ്റ്റ്വെയറിന് റേഷൻ കാർഡ് നമ്പർ വേണമെന്ന കാരണമാണ് ഇതിന് പറയുന്നത്.
റേഷൻ കാർഡ് ഇല്ലാത്തവരുടെ നിവേദനങ്ങളാണ് കരടു പട്ടികയിലെ അപാകതകൾ പരിഹരിക്കാനുള്ള അപ്പീലിൽ കൂടുതലായും വന്നത്.
പഞ്ചായത്ത് സെക്രട്ടറി നൽകുന്ന വീട്ടുനമ്പർ രേഖപ്പെടുത്തി മാത്രമേ റേഷൻ കാർഡ് അനുവദിക്കൂ. എന്നാൽ കാർഡ് പുതുക്കലിെൻറ ഭാഗമായി കഴിഞ്ഞ മൂന്നു വർഷത്തിലധികമായി പുതിയ റേഷൻ കാർഡുകൾ അനുവദിച്ചിട്ടില്ല.
കുടുംബശ്രീ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തി നടത്തിയ സർവേയിലൂടെയാണ് ‘ലൈഫ്’പദ്ധതിയുടെ ഗുണഭോക്താക്കളെ നിശ്ചയിച്ചത്. ഇപ്പോൾ അപ്പീലുകൾ പരിഗണിച്ച് കരടു പട്ടിക വീണ്ടും പ്രസിദ്ധീകരിക്കാനുള്ള ജോലിയാണ് നടക്കുന്നത്. അപ്പീൽ പരിഗണിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ നിസ്സഹകരണം മൂലം പ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്നു. സമയം പുനഃക്രമീകരിച്ചതോടെ തദ്ദേശ സ്ഥാപനങ്ങളിൽ അപ്പീൽ പരിശോധിക്കുന്നത് ഉൾെപ്പടെ തുടങ്ങിയിട്ടുണ്ട്. ഇതിനിടയിലാണ് റേഷൻ കാർഡുമായി എത്താനുള്ള പഞ്ചായത്ത് സെക്രട്ടറിമാരുടെ നിർദേശം.
1966ലെ കേരള റേഷനിങ് ഉത്തരവുപ്രകാരം റേഷൻ കാർഡ് അനുവദിക്കാൻ വീട്ടുപേര്, വീട്ടുനമ്പർ, വാർഡ് നമ്പർ എന്നിവ രേഖപ്പെടുത്തിയ തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം ആവശ്യമാണ്. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തവർ സാക്ഷ്യപത്രം എങ്ങനെ സപ്ലൈ ഓഫിസുകളിൽ ഹാജരാക്കുമെന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ല. വാടകക്ക് താമസിക്കുന്നവർ വാടകക്കരാറിെൻറ പകർപ്പും കെട്ടിടമുടമയുടെ സമ്മതപത്രവും ഹാജരാക്കിയാലെ തദ്ദേശസ്ഥാപന സെക്രട്ടറി സപ്ലൈ ഓഫിസിലേക്ക് സാക്ഷ്യപത്രം അനുവദിക്കൂ. സങ്കീർണത നിറഞ്ഞ നടപടികളാൽ ലൈഫിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾ ആശങ്കയിലാണ്.
കുരുക്കഴിക്കാൻ സർക്കാറിെൻറ ഭാഗത്തുനിന്ന് അനുയോജ്യമായ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവർ നിരവധിയാണ്.
അഞ്ചുവർഷംകൊണ്ട് സ്വന്തമായി വീടില്ലാത്തവർ ഉണ്ടാവരുതെന്ന ലക്ഷ്യത്തിലാണ് സർക്കാർ ലൈഫ് മിഷൻ കൊണ്ടുവന്നത്. എന്നാൽ, തുടക്കം മുതൽ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.