നാല് വർഷത്തിന് ശേഷം വീണ്ടും റേഷൻ കാർഡിന് അപേക്ഷ സ്വീകരിക്കുന്നു
text_fieldsതൃശൂർ: നാല് വർഷത്തെ ഇടവേളക്ക് ശേഷം പുതിയ റേഷൻ കാർഡിന് അപേക്ഷ സ്വീകരിക്കാൻ നടപടി. ജൂൺ 25 മുതൽ താലൂക്ക് സൈപ്ല ഓഫിസ്, സിറ്റി റേഷനിങ് ഓഫിസുകൾ മുഖേന റേഷൻ കാർഡ് സംബന്ധിച്ച അപേക്ഷകൾ സ്വീകരിക്കാൻ സിവിൽസൈപ്ലസ് ഡയറക്ടർ ഉത്തരവിറക്കി. പുതിയ റേഷൻകാർഡിന്, കാർഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റാൻ, കാർഡിലെ അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മാറ്റാൻ, പുതിയ അംഗങ്ങളെ ഉൾപ്പെടുത്താൻ, ഡ്യൂപ്ലിക്കേറ്റ് കാർഡിന്, തിരുത്തലുകൾ വരുത്തുന്നതിന്, കാർഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാൻ, കാർഡ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാൻ എന്നിങ്ങനെയാണ് അപേക്ഷ സ്വീകരിക്കുക.
നാല് വർഷമായി പുതിയ കാർഡുകൾക്കും വിഭജനങ്ങൾക്കും അപേക്ഷ സ്വീകരിക്കാത്തതിനാൽ വൻ ജനത്തിരക്ക് ഉണ്ടായേക്കുമെന്നും അത് ഒഴിവാക്കേണ്ടത് താലൂക്ക്, സിറ്റി റേഷനിങ് ഓഫിസർമാരുടെ ചുമതലയാണെന്നും ഉത്തരവിൽ പറയുന്നു. അപേക്ഷ ഫോറങ്ങൾ www.civilsupplieskerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഇതിെൻറ മാതൃക റേഷൻ ഡിപ്പോകൾ, പഞ്ചായത്ത് ഓഫിസുകൾ, വില്ലേജ് ഓഫിസുകൾ എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കും. അപേക്ഷ ഫോറങ്ങൾ സൗജന്യമായി ലഭിക്കും. അപേക്ഷ സ്വീകരിക്കാൻ താലൂക്കുകളിൽ ഫ്രണ്ട് ഓഫിസ് സൗകര്യമേർപ്പെടുത്തും.
പുതിയ കാർഡിനുള്ള അപേക്ഷക്കൊപ്പം കാർഡുടമയുടെ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ വേണം. ഒരു ഫോട്ടോ അപേക്ഷയിലെ നിർദിഷ്ട സ്ഥലത്ത് ഒട്ടിച്ച് സ്വയം സാക്ഷ്യപ്പെടുത്തണം. പരിശോധന സമയത്ത് ഉദ്യോഗസ്ഥർ ആധാർ/തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച് ഫോട്ടോയുടെ സത്യസന്ധത ഉറപ്പ് വരുത്തും. അപേക്ഷക്കൊപ്പം റേഷൻ കാർഡിെൻറ ആവശ്യമില്ല. മൊബൈൽ ആപ്ലിക്കേഷൻ വഴി അറിയിപ്പ് ലഭിക്കുമ്പോൾ കാർഡ് ഹാജരാക്കിയാൽ മതി. അതേസമയം, 2016ൽ പുതുക്കിയ റേഷൻകാർഡുകളുടെ വിതരണത്തിലെ അപാകത ഇനിയും പൂർണമായും പരിഹരിക്കാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.