റേഷൻ കാർഡ് വിതരണം തുടങ്ങുന്നു; കൊല്ലത്ത് നാളെ മുതൽ
text_fieldsതിരുവനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം തയാറാക്കിയ റേഷൻകാർഡുകളുടെ വിതരണം ആരംഭിക്കുന്നു. കൊല്ലം ജില്ലയിൽ ഇൗമാസം 22നും മറ്റു ജില്ലകളിൽ ജൂൺ ഒന്നിനുമാണ് തുടങ്ങുന്നത്. ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 80 ലക്ഷത്തിലധികം റേഷൻകാർഡുകൾ നാലു വിഭാഗത്തിനായി നാലു നിറങ്ങളിലാണ് തയാറാക്കിയിരിക്കുന്നത്. എ.എ.വൈ വിഭാഗത്തിന് മഞ്ഞയും മുൻഗണനാ വിഭാഗത്തിന് പിങ്കും സ്റ്റേറ്റ് സബ്സിഡി വിഭാഗത്തിന് നീലയും പൊതുവിഭാഗം കാർഡിന് വെള്ള നിറവുമാണ്. കാർഡുകൾ അതത് റേഷൻ കടകൾ വഴിയോ അടുത്തുള്ള സൗകര്യപ്രദമായ സ്ഥലത്തോ വിതരണം നടത്തും.
ഓരോ റേഷൻ കടയുടെയും റേഷൻകാർഡുകൾ വിതരണം ചെയ്യുന്ന തീയതി, സ്ഥലം, സമയം എന്നിവ മാധ്യമങ്ങളിലൂടെ അതത് ജില്ലാ/താലൂക്ക് സപ്ലൈ ഓഫിസർമാർ കാർഡുടമകളെ മുൻകൂട്ടി അറിയിക്കും. രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചു വരെയാണ് വിതരണ സമയം. റേഷൻ കാർഡുകൾ വാങ്ങുന്നതിന് കാർഡുടമയോ കാർഡുടമ ചുമതലപ്പെടുത്തുന്ന റേഷൻ കാർഡിലെ മറ്റ് അംഗങ്ങളോ ഏതെങ്കിലും തിരിച്ചറിയൽ രേഖയുമായി നിശ്ചിത തീയതിയിൽ വിതരണ സ്ഥലത്ത് എത്തണം. നിലവിെല റേഷൻ കാർഡ് കൗണ്ടറിൽ ഏൽപിച്ച് കാൻസൽഡ് സീൽ പതിച്ച് തിരികെ നൽകും.
നിശ്ചയിച്ചിരിക്കുന്ന തുകക്ക് പുതിയ കാർഡ് വാങ്ങാം. മുൻഗണനാ വിഭാഗം കാർഡിന് 50 രൂപയും പൊതുവിഭാഗം കാർഡിന് 100 രൂപയുമാണ് വില. പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ട മുൻഗണനാ കാർഡുകൾക്ക് സൗജന്യനിരക്കാണ്. അന്തിമപട്ടിക പ്രകാരം മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുകയും എന്നാൽ, അനർഹരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തവരുടെ കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി പൊതുവിഭാഗം എന്ന സീൽ പതിച്ച് നൽകും. റീറാങ്കിങ് നടത്തുമ്പോൾ പൊതുവിഭാഗത്തിന് നൽകുന്ന കാർഡ് അച്ചടിച്ച് നൽകുകയും ചെയ്യും.
മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ലഭിച്ച അപേക്ഷകളിൽ അർഹതയുള്ളവരാണെന്ന് കണ്ടെത്തുന്നവരുടെ കാർഡുകൾ നിശ്ചിത പരിധിക്കുള്ളിൽ റീ-റാങ്കിങ് നടത്തി പട്ടികയിൽ ഉൾപ്പെടുത്തും. പുതിയ റേഷൻകാർഡിലെ തെറ്റുകൾ തിരുത്തുന്നതിന് ജൂലൈ മുതൽ അതത് താലൂക്ക് സപ്ലൈ ഓഫിസുകളിൽ അപേക്ഷ നൽകാം. പുതുക്കിയ പട്ടികകൾ കൊല്ലം ജില്ലയിൽ മേയ് 22 മുതലും മറ്റ് ജില്ലകളിൽ 25 മുതലും എല്ലാ റേഷൻ കടകളിലും അതത് താലൂക്ക് സപ്ലൈ ഓഫിസിലും പരിശോധനക്ക് ലഭിക്കും. പുതുക്കിയ പട്ടിക പ്രകാരമുള്ള റേഷൻ വിഹിതം ജൂൺ ഒന്നുമുതൽ ലഭിക്കും.
റേഷൻ കാർഡ് പുതുക്കിയിട്ടും സാങ്കേതിക കാരണത്താൽ യഥാസമയം ലഭിക്കാത്തവർക്കും പുതുക്കിയ പട്ടിക പ്രകാരം വിഹിതം ലഭിക്കും. റേഷൻ സാധനങ്ങൾ ആവശ്യമില്ലാത്തവർക്ക് റേഷൻകാർഡ് വിതരണം ചെയ്യുന്ന കൗണ്ടറിൽനിന്ന് ഫോറം വാങ്ങി ഇക്കാര്യം അപേക്ഷിക്കാവുന്നതാണെന്നും സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.