റേഷൻ മുൻഗണനപ്പട്ടിക: അനർഹർക്ക് അന്ത്യശാസനവുമായി സർക്കാർ
text_fieldsതിരുവനന്തപുരം: റേഷൻ മുൻഗണനപ്പട്ടികയിൽ കടന്നുകൂടിയ അനർഹർക്ക് അന്ത്യശാസനവുമായി സംസ്ഥാന സർക്കാർ. തെറ്റായ വിവരങ്ങൾ നൽകി പട്ടികയിൽ കയറിപ്പറ്റിയവർ സ്വയം ഒഴിഞ്ഞുപോകണമെന്നും അല്ലാത്തവർക്കെതിരെ ഇന്ത്യൻ ക്രിമിനൽ ശിക്ഷാനിയമപ്രകാരവും 1955ലെ അവശ്യസാധന നിയമപ്രകാരവും കേസെടുക്കുമെന്ന് ഭക്ഷ്യപൊതുവിതരണവകുപ്പ് അറിയിച്ചു.
സർക്കാറിനെ തെറ്റിദ്ധരിപ്പിച്ചതിനും അനർഹമായി ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റിയതിനുമാണ് നടപടി. റേഷൻകാർഡിനായുള്ള സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതുവഴി പത്തരലക്ഷത്തോളം അനർഹർ മുൻഗണനപ്പട്ടികയിൽ കയറിക്കൂടിയെന്നാണ് കണക്കുകൾ. ഇവരുടെ വിവരങ്ങൾ അതത് താലൂക്ക് സപ്ലൈ ഓഫിസർമാർക്ക് കൈമാറിയിട്ടുണ്ട്.അനർഹരെന്ന് കണ്ടെത്തിയവർക്ക് കലക്ടർമാർ മുൻകൂർ നോട്ടീസ് നൽകും. എന്നിട്ടും പട്ടികയിൽ തുടരുന്നവർക്കെതിരെയാകും നിയമനടപടികൾ.
ഇതുസംബന്ധിച്ച നിർദേശം കലക്ടർമാക്ക് ഭക്ഷ്യവകുപ്പ് നൽകി. പട്ടികയിൽനിന്ന് ഒഴിഞ്ഞുപോകുന്നതിന് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും സ്വമേധയാ കാർഡുകൾ തിരിച്ചുനൽകാൻ ആരും തയാറായിട്ടില്ല. ഇതാണ് കർശന നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാറിനെ പ്രേരിപ്പിച്ചത്. ഇതുവരെ മൂന്നരലക്ഷത്തോളം കാർഡുടമകളെയാണ് ഭക്ഷ്യവകുപ്പിെൻറ പരിശോധനയിൽ അനർഹരായി കണ്ടെത്തിയിട്ടുള്ളത്.
സംസ്ഥാനത്തെ 3.51 കോടി ജനങ്ങളില്‍ കേന്ദ്രസർക്കാര്‍ നിശ്ചയിച്ചപ്രകാരം പരമാവധി 154.80 ലക്ഷം ഗുണഭോക്താക്കളെ മാത്രമാണ് മുൻഗണനപ്പട്ടികയില്‍ ഉള്‍പ്പെടുത്താൻ സാധിക്കുന്നത്. അനർഹർ പലരും പട്ടികയിൽ കയറിപ്പറ്റിയതോടെ പഴയ ബി.പി.എൽ കാർഡുകാരിൽ നല്ലൊരു ശതമാനവും ആനുകൂല്യങ്ങൾക്ക് പുറത്താവുകയും ചെയ്തു. സ്വന്തമായി നാലുചക്ര വാഹനമുള്ള 41,312 പേരുടെ റേഷൻകാർഡുകൾ മുൻഗണപ്പട്ടികയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽനിന്നാണ് -5700. 1000 ചതുരശ്ര അടിക്കുമേല്‍ വീടുള്ള 1,70,470 പേരെയും പട്ടികയിൽനിന്ന് പിടികൂടിയിട്ടുണ്ട്. ഇവർക്ക് ഉടൻ നോട്ടീസ് നൽകും.
91,169 സർക്കാർ ഉദ്യോഗസ്ഥർ തങ്ങളുടെ മുൻഗണന കാർഡ് വകുപ്പ് മേധാവികൾക്ക് മുന്നിൽ ഹാജരാക്കി ശിക്ഷാനടപടികളിൽനിന്ന് ഒഴിവായിട്ടുണ്ട്. ഇനി 2013നുശേഷം മരണമടഞ്ഞവരെ മുൻഗണനപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യവകുപ്പ്. മുൻഗണനപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി 7,42,278 ലക്ഷം പരാതികളാണ് ഭക്ഷ്യവകുപ്പിന് ലഭിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ അപേക്ഷ ആലപ്പുഴയിൽനിന്നാണ് -1,10,839.
മുൻഗണനപ്പട്ടികയിലെ അനർഹർ ആരെല്ലാം
സർക്കാർ/അർധസർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവിസ് പെൻഷൻകാർ (പാർട്ട് ടൈം ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, ക്ലാസ് 4 തസ്തികയിൽ പെൻഷനായവർ, 5000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ, 10,000 രൂപയിൽ താഴെ സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങുന്നവർ ഒഴികെ), ആദായനികുതി ഒടുക്കുന്നവർ, പ്രതിമാസ വരുമാനം 25,000 രൂപക്ക് മുകളിലുള്ളവർ, സ്വന്തമായി ഓരേക്കറിനുമേൽ ഭൂമിയുള്ളവർ (പട്ടികവർഗക്കാർ ഒഴികെ), സ്വന്തമായി 1000 ചതുരശ്ര അടിക്കുമേൽ വിസ്തീർണമുള്ള വീടോ ഫ്ലാറ്റോ ഉള്ളവർ, നാലുചക്ര വാഹനം സ്വന്തമായി ഉള്ളവർ (ഏക ഉപജീവനമാർഗമായ ടാക്സി ഒഴികെ), കുടുംബത്തിൽ ആർക്കെങ്കിലും വിദേശ ജോലിയിൽനിന്നോ സ്വകാര്യസ്ഥാപന ജോലിയിൽ നിന്നോ 25,000 രൂപയിൽ അധികം പ്രതിമാസ വരുമാനം ഉള്ളവർ.
ഇവർ മുൻഗണനക്കാർ
പരമ്പരാഗത/അസംഘടിത തൊഴിലാളികളുടെ കുടുംബങ്ങൾ, തദ്ദേശസ്വയംഭരണ വകുപ്പിെൻറ മാനദണ്ഡങ്ങൾ പ്രകാരം ബി.പി.എൽ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾ, ആശ്രയ പദ്ധതിയിൽ അംഗങ്ങളായുള്ളവർ, പട്ടികവർഗം, കുടുംബത്തിൽ ആർക്കെങ്കിലും എയ്ഡ്സ്, കാൻസർ, ഓട്ടിസം, മാനസിക വെല്ലുവിളികൾ നേരിടുന്നവർ, കുഷ്ഠം ബാധിച്ചവർ, എൻഡോസൾഫാൻ ബാധിതർ, ഡയാലിസിസിന് വിധേയരാകുന്നവർ, കിഡ്നി, ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരാകുന്നവർ, പക്ഷാഘാതം ബാധിച്ചവർ, പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്തവർ, ശരീരം തളർന്നവർ, നിർധനയും നിരാലംബയുമായ സ്ത്രീ ഗൃഹനാഥയായ കുടുംബം, വിധവ ഗൃഹനാഥയായ (21 വയസ്സിന് മുകളിൽ പ്രായമായ പുരുഷന്മാർ ഇല്ലാത്ത) കുടുംബങ്ങൾ, ഉപേക്ഷിക്കപ്പെട്ട സ്ത്രീ എന്നിവരാൽ നയിക്കപ്പെടുന്ന കുടുംബങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.