മുൻഗണന പട്ടികയിലേക്ക് രണ്ടു ലക്ഷം കാർഡുകൾ കൂടി
text_fieldsതൃശൂർ: രണ്ടു ലക്ഷത്തോളം റേഷൻ കാർഡുകൾ കൂടി പൊതുവിതരണ വകുപ്പ് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുന്നു. ഒാരോ താലൂക്കിൽനിന്നും ചുരുങ്ങിയത് 2500 അനർഹരെ പുറത്താക്കി അർഹരെ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കും. ഇതു സംബന്ധിച്ച വ്യാഴാഴ്ച ഉത്തരവ് ഇറക്കി. ആഗസ്റ്റ് 15നകം പ്രക്രിയ പൂർത്തീകരിക്കും. ഇതോെട സംസ്ഥാനത്ത് 79 താലൂക്കുകളിലായി 2500 പേർക്ക് വീതം അവസരം നൽകിയാൽ ചുരുങ്ങിയത് 1,97,500 അർഹർ പട്ടികയിൽ ഇടം പിടിക്കും.
80,24,449 റേഷൻ കാർഡുകളാണ് ഭക്ഷ്യ സുരക്ഷ പദ്ധതിയിലുള്ളത്. 27,95,662 കാർഡുകളാണ് ഗുണഭോക്തൃ വിഹിതം ലഭിക്കുന്ന മുൻഗണന പട്ടികയിലുള്ളത്. 18,44,076 കാർഡുകൾ മുൻഗണനേതരമാണ്. കേന്ദ്രസർക്കാർ നയം അനുസരിച്ച് നഗരമേഖലയിലെ 39.5 ഉം ഗ്രാമീണതലത്തിൽ 52.63 ശതമാനവും മാത്രമേ പദ്ധതിക്ക് കീഴിൽവരൂ. അതുകൊണ്ടുതന്നെ മുൻഗണന പട്ടികയിലെ അനർഹരെ പുറത്താക്കാതെ അർഹരെ ഉൾപ്പെടുത്താനാവില്ല. 2015ൽ പട്ടികയിൽ ഉൾപ്പെട്ടവരിൽ അധികവും അനർഹർ ആയിരുന്നു. തുടർന്ന് വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിൽ വീണ്ടുമൊരു പട്ടിക തയാറാക്കി. ഇൗ പട്ടികയും വിവാദമായി. ശേഷം റേഷനിങ് ഇൻസ്പെക്ടർ മുഖേന നടത്തിയ പുതിയ പട്ടിക കഴിഞ്ഞ ഒക്ടോബറിൽ നിലവിൽ വന്നു. ഇതിൽ നിന്നുമാണ് അർഹർക്ക് അവസരം നൽകുന്നത്.
ഹിയറിങ് കഴിഞ്ഞ് പട്ടികയിൽ ഇടംപിടിക്കാനാവാതെ കഴിയുന്ന ആയിരങ്ങൾക്ക് ഗുണകരമാണ് സർക്കാർ തീരുമാനം. എന്നാൽ റേഷൻകാർഡ് അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിന്നുതിരിയാൻ പോലും സമയമില്ലാത്ത സാഹചര്യത്തിൽ ഇക്കാര്യം എങ്ങനെ നടപ്പാക്കുമെന്നത് ആശങ്കയുയർത്തുന്നുണ്ട്. അനർഹരെ പുറത്താക്കുന്നതിന് മാനദണ്ഡങ്ങൾ അനുസരിച്ച് നടപടികൾ സ്വീകരിക്കാൻ ഇൗ അവസരത്തിൽ സാധിക്കുകയില്ല. ഇത്രയും മാസം അനങ്ങാപ്പാറ നയം സ്വീകരിച്ച വകുപ്പ് ഏറെ തിരക്കേറിയ സാഹചര്യത്തിൽ പുതിയ നടപടിയുമായി വരുന്നത് വീണ്ടും പ്രശ്നം സങ്കീർണമാക്കുെമന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.