അലങ്കോലമായി റേഷൻ മസ്റ്ററിങ്: പിങ്ക് കാർഡുകാരുടെ മസ്റ്ററിങ് നിർത്തിവെച്ചു, പലയിടങ്ങളിലും വ്യാപാരികൾക്കു നേരെ കൈയേറ്റം
text_fieldsതിരുവനന്തപുരം: സർവർ തകരാറിനെ തുടർന്ന് മുൻഗണന കാർഡുകാർക്കുള്ള റേഷൻ മസ്റ്ററിങ് സംസ്ഥാനത്ത് അലങ്കോലമായി. റേഷൻ വിതരണം നിർത്തിവെച്ച് മഞ്ഞ, പിങ്ക് കാർഡുകാർക്ക് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മസ്റ്ററിങ് പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിച്ചിരുന്നതെങ്കിലും സംസ്ഥാന ഐ.ടി മിഷന്‍റെ സെർവറിലെ സാങ്കേതിക തകരാറിനെ തുടർന്ന് പ്രവർത്തനങ്ങൾ സ്തംഭിക്കുകയായിരുന്നു.
ഭക്ഷ്യവകുപ്പിന്‍റെ നിർദേശത്തെ തുടർന്ന് വെള്ളിയാഴ്ച റേഷൻകടകൾക്ക് പുറമെ, പ്രദേശത്തെ ഇതര കെട്ടിടങ്ങളിലും ക്യാമ്പുകൾ സജ്ജീകരിച്ചായിരുന്നു റേഷൻ വ്യാപാരികൾ മസ്റ്ററിങ്ങിന് സൗകര്യമൊരുക്കിയത്. രാവിലെ എട്ടുമുതൽ ക്യാമ്പുകളിലും റേഷൻ കടകളിലും വൻ ജനകൂട്ടമായിരുന്നു.
ആദ്യ രണ്ടര മണിക്കൂറിൽ 14,177 റേഷൻ കടകളിലായി 28,390 കാർഡുകളേ മസ്റ്റർ ചെയ്യാനായുള്ളൂ. ഒരു കടയിൽ ശരാശരി രണ്ട് കാർഡ് വീതം. ഇതോടെ, പൊരിവെയിലത്ത് വരികളിൽ കാത്തുനിന്ന സ്ത്രീകളടക്കമുള്ളവർ പ്രതിഷേധിച്ചു. ആലപ്പുഴ ജില്ലയിലെ മാന്നാറിൽ കാർഡുടമ വ്യാപാരിയുടെ തലയിൽ ബിയർ കുപ്പികൊണ്ട് അടിച്ച് പരിക്കേൽപിച്ചു. സംഭവത്തിൽ പ്രതിയായ സനലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ, പാലാ താലൂക്കുകളിലും വ്യാപാരികളെ കാർഡുടമകൾ കൈയേറ്റം ചെയ്തു. പലയിടങ്ങളിലും പ്രതിപക്ഷ യുവജന സംഘടനകൾ മസ്റ്ററിങ് സെന്‍ററുകളിലേക്ക് പ്രകടനം നടത്തി.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്‍റെ അധ്യക്ഷതയിൽ രണ്ടുതവണ ഉന്നതതലയോഗം ചേർന്നു. സംസ്ഥാന ഐ.ടി മിഷന്‍, ഐ.ടി വകുപ്പ്, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, എൻ.ഐ.സി അധികൃതരുടെ സംയുക്ത പരിശോധയിലാണ് ഐ.ടി മിഷന്‍റെ ഉടമസ്ഥതയിലുള്ള ‘ഓതന്‍റിക്കേഷൻ യൂസർ ഏജൻസി’ സർവറിൽ തകരാർ കണ്ടെത്തിയത്. ഇതോടെ, വെള്ളിയാഴ്ച 11 ഓടെ മസ്റ്ററിങ് മഞ്ഞ കാർഡുകാർക്ക് മാത്രമായി ചുരുക്കി.
എന്നിട്ടും പ്രവർത്തനം സുഗമമായി നടത്താൻ സാധിച്ചില്ല. വെള്ളിയാഴ്ച വൈകീട്ടുവരെ 1,82,116 മുന്‍ഗണന കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് മാത്രമേ പൂർത്തിയാക്കാനായുള്ളൂ. മാർച്ച് 31നുള്ളിൽ മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കില്‍ കേരളത്തിന്‍റെ റേഷന്‍ വിഹിതം വെട്ടിക്കുറക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്രത്തോട് സാവകാശം തേടാനുള്ള ശ്രമങ്ങളും ആരംഭിച്ചു. മാർച്ചിലെ റേഷൻ വിതരണം ഏപ്രിലിലേക്ക് നീട്ടാനും ആലോചിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.