റേഷൻ വിതരണം ഇ-പോസ് സംവിധാനം തുടരുന്നതിൽ ആശങ്ക
text_fieldsഅടിമാലി: കോവിഡ് പശ്ചാത്തലത്തിൽ റേഷൻ വിതരണ സംവിധാനത്തിൽ ഇ_പോസ് ബയോമെട്രിക് രീതി തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു.
കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഇ-_പോസ് മെഷിനിൽ കൈവിരൽ പതിപ്പിച്ചുള്ള റേഷൻ വിതരണം പ്രതിസന്ധി ഉയർത്തുന്നതായി റേഷൻ വ്യാപാരി സംഘടനാ ഭാരവാഹികളും കാർഡുടമകളും പറയുന്നു.
ബയോമെട്രിക് തിരിച്ചറിയലിന് ആദ്യം കാർഡുടമയും പിന്നീട് റേഷൻ വ്യാപാരിയും ഇ-_പോസ് യന്ത്രത്തിൽ പലതവണ സ്പർശിക്കേണ്ടിവരുന്നുണ്ട്.
കൈകളിൽ അണുനാശിനി ഉപയോഗിക്കുന്നുണ്ടെങ്കിലും രോഗവ്യാപനസാധ്യത ഇല്ലാതാവുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. ഒരു മാസത്തിനുള്ളിൽ സംസ്ഥാനത്ത് എട്ട് വ്യാപാരികൾ കോവിഡ് ബാധിച്ച് മരിച്ചു. ശരാശരി ഒരു താലൂക്കിൽ ദിനംപ്രതി രണ്ടും മൂന്നും വ്യാപാരികൾ വരെ കോവിഡ് പോസിറ്റിവ് ആകുകയും റേഷൻ വാങ്ങാൻ എത്തിയ കാർഡുടമ രോഗബാധിതനായതുമൂലം നിരീക്ഷണത്തിൽ പോകുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്.
മറ്റെല്ലാ സ്ഥാപനങ്ങളിലും കൈവിരൽ പതിപ്പിച്ചുള്ള ബയോമെട്രിക് സംവിധാനം ഒഴിവാക്കിയിട്ടും ദിനംപ്രതി നൂറുകണക്കിനുപേർ എത്തുന്ന റേഷൻ കടകളിൽ ഈ രീതി തുടരുന്നത് രോഗപ്പകർച്ച കൂട്ടുമെന്നും വ്യാപാരികൾ പറയുന്നു. പ്രശ്നപരിഹാരത്തിന് പഴയരീതിയിൽ റേഷൻ വിതരണത്തിന് അനുമതി നൽകണമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
കഴിഞ്ഞവർഷം കോവിഡിെൻറ തുടക്കത്തിൽ അടച്ചിടൽ കാലത്ത് രോഗവ്യാപന സാധ്യത കുറയ്ക്കാൻ ബയോ മെട്രിക് രീതി ഒഴിവാക്കി പ്രത്യേക രജിസ്റ്റർ തയാറാക്കി റേഷൻ വിതരണത്തിന് അനുമതി നൽകിയിരുന്നു. റേഷൻ വ്യാപാരി തയാറാക്കുന്ന രജിസ്റ്ററിൽ റേഷൻ വാങ്ങിയതായ കാർഡുടമയുടെ സത്യപ്രസ്താവന, പേര്, ഒപ്പ് എന്നിവ രേഖപ്പെടുത്തണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, ചില മേഖലകളിൽ മാന്വൽ വിതരണത്തിലും രജിസ്റ്റർ തയാറാക്കുന്നതിലും കൃത്രിമം നടന്നതായി ആരോപണമുയരുകയും പൊതുവിതരണവകുപ്പ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. മേയിലെ റേഷൻ വിതരണം ആരംഭിച്ചതോടെ കടകളിൽ വലിയ തിരക്കാണ്.
കേന്ദ്ര സർക്കാറിെൻറ പി.എം.ജി.കെ.വൈ പദ്ധതി പ്രകാരമുള്ള അരി അടുത്തയാഴ്ചയോടെ കടകളിലെത്തും.
ഒരേ കാർഡുടമതന്നെ പലതവണ റേഷൻ കടയിൽ എത്തേണ്ട സാഹചര്യമാണെന്നും വ്യാപാരികൾ പറയുന്നു. പഞ്ചസാരയും ആട്ടയും കടകളിലെത്തിക്കാൻ ബാങ്കിൽ വ്യാപാരി പണമടക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി ട്രഷറിയിൽ ഓൺലൈനായി പണമടക്കാൻ സൗകര്യമൊരുക്കണമെന്നും ആവശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.