വിതരണത്തെച്ചൊല്ലി തർക്കം; കൊച്ചിയിലെ റേഷൻ വിതരണം സ്തംഭനാവസ്ഥയിൽ
text_fieldsമട്ടാഞ്ചേരി: റേഷൻ വ്യാപാര സംഘടന നേതൃത്വവും വാതിൽപടി റേഷൻ വിതരണ തൊഴിലാളികളും തമ്മിലുള്ള തർക്കത്തെ തുടർന്ന് കൊച്ചിയിലെ റേഷൻ വിതരണം സ്തംഭനാവസ്ഥയിലേക്ക്.
റേഷൻ സാധനങ്ങൾ വാതിൽപടി വിതരണം ചെയ്യുമ്പോൾ കടയിൽ തൂക്കി നൽകണമെന്നാണ് ചട്ടം. എന്നാൽ ഇത്തരത്തിൽ തൂക്കി നൽകാതെ സാങ്കേതിക കാരണങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികളെ ഭീഷണിപ്പെടുത്തി കടകളിൽ സാധനങ്ങൾ ഇറക്കി പോകുന്നത് തടയണമെന്ന റേഷൻ വ്യാപാരി സംഘടനയുടെ പരാതിയാണ് തർക്കത്തിലേക്ക് നയിച്ചത്.
എന്നാൽ പരാതി ശരിയല്ലെന്നാണ് വാതിൽപടി വിതരണ തൊഴിലാളികൾ പറയുന്നത്. കഴിഞ്ഞ മാസം വരെ റേഷൻ കടകളിൽ വാതിൽപടി വിതരണം തൂക്കി നൽകുകയും അത് സംബന്ധിച്ച് റേഷൻ കടക്കാർ രസീതിൽ ഒപ്പിട്ട് നൽകുകയും ചെയ്തിട്ടുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്.
കഴിഞ്ഞ ദിവസം ഒരു കടയിൽ വാതിൽപടി വിതരണം നടത്തുന്നതിനിടെ ത്രാസ് തകരാറിലാകുകയും റേഷൻ കടയുടമ സാധനങ്ങൾ ഇറക്കാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് വാതിൽപടി വിതരണ തൊഴിലാളികൾ ത്രാസിന്റെ തകരാർ പരിഹരിക്കാൻ കരാറുകാരനോട് ആവശ്യപ്പെട്ടിരുന്നു.
ഇതാണ് ഇത്തരം ഒരു പരാതിയിലേക്ക് നയിച്ചതെന്നും മറിച്ചുള്ള ആരോപണം തെറ്റാണെന്നും തൊഴിലാളികൾ പറയുന്നു. ഇതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് റേഷൻ വിതരണം സ്തംഭനാവസ്ഥയിലേക്ക് നീങ്ങിയത്. റേഷൻ വ്യാപാര സംഘടന നേതൃത്വം തങ്ങൾക്കെതിരെയുള്ള അടിസ്ഥാന രഹിത ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. അതേസമയം റേഷൻ വ്യാപാരികളിൽ ഒരു വിഭാഗം നേതൃത്വത്തിന്റെ നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നതായാണ് അറിയുന്നത്. എന്തായാലും തർക്കം കൊച്ചിയിലെ റേഷൻ കാർഡ് ഉടമകളെയാണ് ബാധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.