ഇടമലക്കുടിയിൽ റേഷൻ വിതരണം പുനരാരംഭിക്കും
text_fieldsമൂന്നാർ: ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ റേഷൻ സാധനങ്ങൾ എത്തിക്കുന്നതിനുള്ള ചുമട്ടുകൂലി കുടിശ്ശിക തുക അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. ഇതോടെ മുടങ്ങിക്കിടന്ന റേഷൻ വിതരണം പുനരാരംഭിക്കും.
പൊതുവിതരണ വകുപ്പിന്റെ വാതിൽപ്പടി സംവിധാനം ഇല്ലാത്ത ഇടമലക്കുടിയിൽ മൂന്നാറിൽനിന്ന് പെട്ടിമുടി വഴി വനത്തിലെ ദുർഘട പാതയിലൂടെ തലച്ചുമടായാണ് റേഷൻ സാധനങ്ങൾ എത്തിച്ചിരുന്നത്.
ഇതിനായി ചുമട്ടുകൂലി ഇനത്തിൽ കിലോക്ക് 10.5 രൂപവീതം സർക്കാർ സബ്സിഡി അനുവദിച്ചിരുന്നു. എന്നാൽ 2020 ഡിസംബർ മുതൽ ഈ തുക കുടിശ്ശികയായിരുന്നു.
ഇതുമൂലം കരാർ എടുത്തവർക്ക് പണം നൽകാൻ കഴിഞ്ഞിരുന്നില്ല. റേഷൻ വിതരണം മുടങ്ങാൻ ഇത് കാരണമായി.
ഇക്കാര്യം ചൂണ്ടിക്കാട്ടി പട്ടികവർഗ വകുപ്പ് ഡയറക്ടർ സർക്കാറിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില നിബന്ധനകളോടെയാണ് ഇപ്പോൾ കുടിശ്ശിക തുക അനുവദിച്ച് ഉത്തരവായത്. 2021 ഡിസംബർ മുതൽ 2022 ആഗസ്റ്റ് വരെയുള്ള കുടിശ്ശികയായ 31,28,846 രൂപയാണ് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.