ഓണക്കാലത്തും റേഷൻ കൊള്ള ; 50 ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കരിഞ്ചന്തയിലേക്ക് കടത്തി
text_fieldsതിരുവനന്തപുരം: സർവർ തകരാറിെൻറ മറവിൽ റേഷൻ ഭക്ഷ്യധാന്യങ്ങളിൽ ഓണക്കാലത്തും വ്യാപാരികൾ കൈയിട്ടുവാരി. സിവിൽ സപ്ലൈസ് ഡയറക്ടറുടെ നിർദേശമില്ലാതെ അവധി ദിനങ്ങളിൽ തുറക്കരുതെന്ന ഉത്തരവ് മറികടന്ന് 512 വ്യാപാരികൾ തിരുവോണത്തിനും മൂന്നാംഓണത്തിനും ചതയത്തിനും കടകൾ തുറന്ന് ഇ-പോസ് വഴി 50 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തി. 97 ശതമാനവും വിരലടയാളം പതിപ്പിക്കാതെ വ്യാപാരികൾ നേരിട്ട് ( മാന്വൽ) നടത്തിയവയാണ്. മൂന്ന് ശതമാനം പോർട്ടബിലിറ്റിയും.
ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ രണ്ടുവരെ അവധിയായിരുന്നു. എന്നാൽ, കോവിഡിൽ മതിയായ വിശ്രമവും അവധിയും ലഭിക്കുന്നില്ലെന്ന് പരാതി പറഞ്ഞ വ്യാപാരികൾതന്നെ തിരുവോണദിനമായ തിങ്കളാഴ്ച നടത്തിയത് 37 ഇടപാടാണ്. 31ഉം നേരിട്ട്. കൂടുതലും ഇടുക്കി, മലപ്പുറം ജില്ലകളിലും. ചൊവ്വാഴ്ച്ച 128 കടകളിലായി നടന്നത് 525 ഇടപാട്. ചതയദിനമായ ബുധനാഴ്ച 370 കടകളിലായി 3604 ഉം. 3057 നേരിട്ട്. എറണാകുളത്താണ് കൂടുതൽ 699. 629 ഉം നേരിട്ട്. കോഴിക്കോട് 411ഉം തിരുവനന്തപുരത്ത് 385ഉം വിതരണം നടന്നു. നെറ്റ്വർക്ക്, സർവർ തകരാറിനെ തുടർന്ന് പലയിടങ്ങളിലും റേഷൻ വിതരണം തടസ്സപ്പെടുന്നെന്ന വ്യാപാരി സംഘടനകളുടെ പരാതിയിലാണ് ആഗസ്റ്റ് 29 മുതൽ മാന്വൽ വിതരണത്തിന് അനുമതി നൽകിയത്. കാലതാമസം കണക്കിലെടുത്ത് ആഗസ്റ്റിലെ വിതരണം സെപ്റ്റംബർ അഞ്ചുവരെ നീട്ടിയിരുന്നു.
ഈ അവസരം മുതലെടുത്താണ് ആഗസ്റ്റിൽ വാങ്ങാത്തവരുടെ കാർഡ് നമ്പർ ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിലേക്കും ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലേക്കും മറിച്ചത്. സിവിൽ സപ്ലൈസ് ഡയറക്ടറേറ്റും ഐ.ടി സെല്ലും അവധിയായതും സൗകര്യമായി. പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.