ഇ-പോസിലും റേഷന്‍കൊള്ള
text_fieldsതൃശൂര്‍: സ്റ്റാറ്റ്യൂട്ടറി സംവിധാനത്തില്‍ നിന്നും ഭക്ഷ്യഭദ്രത നിയമത്തിലേക്ക് ഇ-പോസ് സാങ്കേതികതയില്‍ ചുവടുമാറിയിട്ടും സംസ്ഥാനത്ത് റേഷന്‍കൊള്ള നിര്‍ബാധം തുടരുന്നു. അതും പൊതുവിതരണ വകുപ്പ് ജീവനക്കാരുടെ പൂര്‍ണ ഒത്താശയോടെ. ഇ-പോസിൽ ബയോമെട്രിക് രേഖയുടെ പിന്‍ബലത്തില്‍ മാത്രമേ റേഷന്‍വിതരണം നടത്താനാവൂ എന്ന അവകാശവാദമാണ് ഇതോടെ പൊളിയുന്നത്. വണ്‍ ടൈം പാസ്വേഡ് (ഒ.ടി.പി) ഉപയോഗിച്ച് റേഷൻവാങ്ങാത്ത ഗുണഭോക്താക്കളുടെ വിഹിതം വ്യാപകമായി തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. റേഷന്‍കാര്‍ഡ് നമ്പര്‍ അടിച്ചതിന് പിന്നാലെ ആര് വിരൽ വെച്ചാലും അരി വാങ്ങിയെടുക്കാവുന്ന രീതിയിലാണ് ഇ-പോസ് സംവിധാനിച്ചിരിക്കുന്നത്.
ശനിയാഴ്ച സംസ്ഥാനത്ത് 1,59,237 പേരാണ് റേഷൻ വാങ്ങിയത്. ഇതിൽ 14,133 കാർഡുകൾക്ക് ഒ.ടി.പിയിലൂടെയാണ് അരി നൽകിയത്. വിതരണത്തിെൻറ 8.87 ശതമാനമാണിത്. 14.11 ശതമാനവുമായി പത്തനംതിട്ട ജില്ലയാണ് മുന്നിൽ. ഇടുക്കി (13.68), തിരുവനന്തപുരം (11.65) രണ്ടും മൂന്നും. താലൂക്കുകളിൽ തിരുവനന്തപുരം സൗത്താണ് മുന്നിൽ. 41.17 ശതമാനം അരിയാണ് ഇവിടെ ഒ.ടി.പിയിലൂടെ നൽകിയത്. മഞ്ചേശ്വരം-29.41, എറണാകുളം-17.16, റാന്നി -17.71, കോട്ടയം-17.42, ആലത്തൂർ -16.84, ഇടുക്കി-17.83, മാനന്തവാടി-14.97, ചെങ്ങന്നൂര്‍-13.95, കൊല്ലം-12.58, നിലമ്പൂർ-12.82, ഇരിട്ടി-10.84, തൃശൂർ-9.88, നോര്‍ത്ത് കോഴിക്കോട്-7.54 ശതമാനം വീതവുമാണ് മറ്റ് ജില്ലകളിൽ ഒ.ടി.പി വഴി കൂടുതൽ റേഷൻവാങ്ങിയ താലൂക്കുകൾ. ഇതില്‍ പകുതിയില്‍ അധികവും റേഷൻ വാങ്ങാത്തവരായാൽ തന്നെ റേഷൻകടക്കാർക്ക് കോളാണ്. നഗരങ്ങളിലെ റേഷന്‍കടകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം കൊള്ള വ്യാപകമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
റേഷന്മാഫിയക്ക് രണ്ട് വിരലിെൻറ സഹായത്തോടെ കൊള്ള നടത്താവുന്ന വിധത്തിലാണ് കാര്യങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇ-പോസില്‍ ആധാര്‍നമ്പറും മൊബൈല്‍ഫോണ്‍ നമ്പറും നല്‍കാതെ തന്നെ അരിയടക്കം സ്വന്തമാക്കാനാവും. ഇ-േപാസിൽ റേഷൻ വാങ്ങാത്തവരുടെ കാർഡ് നമ്പറടിച്ചതിന് ശേഷം വിരല്‍ വെക്കുമ്പോള്‍ യോജിക്കില്ലെന്ന സന്ദേശം വരും. തുടര്‍ന്ന് ഒരു വിരല്‍ കൂടി വെക്കാന്‍ കടക്കാരനോട് മെഷിന് ആവശ്യപ്പെടും. ശേഷം ആധാര്‍നമ്പറും മൊബൈല്‍നമ്പറും അടിച്ചുനല്കുവാന് സ്ക്രീനില്‍ എഴുതി കാണിക്കും. ഇവ അടിച്ചുനൽകുന്നതിന് പകരം ക്യാന്‍സല്‍ ചെയ്താല്‍ പ്രക്രിയ അവസാനിക്കാെത കാര്‍ഡ് ഉടമക്ക് ലഭിക്കേണ്ട വിഹിതം സ്ക്രീനിൽ തെളിഞ്ഞുകാണും. ഇതോടെ ഉപഭോക്താവിെൻറ വിഹിതത്തില്‍ നിന്നും കടക്കാരന് ആവശ്യമായ അളവ് ബില്ല് എഴുതി എടുക്കാം. നേരത്തെ ഒ.ടി.പിയില്‍ വിതരണം കര്‍ശനമായി നിയന്ത്രിച്ചിരുന്ന ജീവനക്കാര്‍ തന്നെയാണ് ഇതിന് പച്ചക്കൊടി കാണിക്കുന്നത്. ഇ-പോസ് സംവിധാനം നിലവില്‍ വന്നപ്പോൾ മാസപ്പടി കിട്ടാതായതോടെയാണ് പുതിയ അടവുമായി ഒരുകൂട്ടം ജീവനക്കാര്‍ രംഗത്തുവന്നിരിക്കുന്നത്. ഇക്കാര്യം അറിയാത്ത കടക്കാർക്ക് പഠിപ്പിച്ച് കൊടുക്കാന്‍ വരെ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്. കാര്യം കുശാലായതോടെ റേഷൻകടക്കാരുടെ സമരം ആറിത്തണുത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.