റേഷൻ മസ്റ്ററിങ് മുടങ്ങി; താൽക്കാലികമായി നിർത്തിവെച്ചതായി മന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാവിലെ എട്ടുമണി മുതൽ തുടങ്ങുമെന്നറിയിച്ച റേഷന്‍ മസ്റ്ററിങ് മുടങ്ങി. ഇ പോസ് മെഷീൻ സർവർ തകരാറിനെ തുടര്‍ന്നാണ് മസ്റ്ററിങ് മുടങ്ങിയത്. ഇതുസംബന്ധിച്ച് ഉച്ചയോടെ തീരുമാനം അറിയിക്കാമെന്നും താൽക്കാലികമായി നിർത്തിവെച്ചതായും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
സർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാനാകില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ഇന്ന് 8 മണി മുതല്‍ മസ്റ്ററിങ് തുടങ്ങുമെന്നായിരുന്നു അറിയിപ്പ്. സ്ത്രീകളും വൃദ്ധരും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളാണ് മസ്റ്ററിങ് നടത്താൻ റേഷൻകടകളിൽ രാവിലെ എത്തിയത്. നടപടി മുടങ്ങിയതോടെ റേഷന്‍ കടകള്‍ക്കും ക്യാമ്പുകള്‍ക്കും മുന്നില്‍ കാര്‍ഡുടമകള്‍ പ്രതിഷേധിക്കുകയാണ്.
രാവിലെ 8 മുതല്‍ വൈകിട്ട് ഏഴുവരെയാണ് റേഷന്‍ കടകള്‍ക്ക് സമീപമുള്ള അംഗന്‍ വാടികള്‍, ഗ്രന്ഥശാലകള്‍, സാസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളും റേഷന്‍കാര്‍ഡും ആധാര്‍ കാര്‍ഡുമായാണ് മസ്റ്ററിങ്ങിന് എത്തേണ്ടത്. ഈ ദിവസങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരും ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അപ്‌ഡേഷന്‍ സുഗമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇ-പോസ് മെഷീനുകളിലൂടെ മാത്രമേ ഇ-കെവൈസി മസ്റ്ററിങ് നടത്താനാകൂ. ഇതിനാലാണ് റേഷന്‍ വിതരണം നിര്‍ത്തിവെച്ച് മസ്റ്ററിങ് നടത്താന്‍ തീരുമാനിച്ചത്. സ്ഥലസൗകര്യമുള്ള റേഷന്‍ കടകളില്‍ അവിടെ വെച്ചും, അല്ലാത്ത ഇടങ്ങളില്‍ റേഷന്‍ കടകള്‍ക്ക് സമീപമുള്ള പൊതുഇടങ്ങളിലുമാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. കിടപ്പു രോഗികള്‍ക്കും സ്ഥലത്ത് ഇല്ലാത്തവര്‍ക്കും മസ്റ്ററിങ്ങിന് പിന്നീട് അവസരം ഉണ്ടായിരിക്കും. ആധാര്‍ അപ്‌ഡേറ്റ് ചെയ്യാത്ത കുട്ടികള്‍ക്കും വിരലടയാളം പതിയാത്തവര്‍ക്കും പിന്നീട് മസ്റ്ററിങ്ങിന് അവസരം ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.