‘മസ്റ്ററിങ് ദുരന്ത’ത്തിന് കാരണം ഭക്ഷ്യവകുപ്പിന്റെ അലംഭാവം
text_fieldsതിരുവനന്തപുരം: ഒരു വർഷംകൊണ്ട് പൂർത്തിയാക്കേണ്ട മസ്റ്ററിങ് നടപടിക്രമങ്ങൾ ഒരുമാസംകൊണ്ട് പൂർത്തിയാക്കാമെന്ന സംസ്ഥാന സർക്കാറിന്റെയും ഭക്ഷ്യവകുപ്പിന്റെയും അമിത ആത്മവിശ്വാസമാണ് കേരളത്തിൽ ‘മസ്റ്ററിങ് ദുരന്ത’ത്തിന് വഴിവെച്ചത്. 2023 മാര്‍ച്ച് 17നാണ് കേന്ദ്ര സര്‍ക്കാറിന്റെ മിനിസ്ട്രി ഓഫ് കണ്‍സ്യൂമര്‍ അഫയേഴ്സ് ഫുഡ് ആന്‍ഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ എല്ലാ സംസ്ഥാനങ്ങളോടും മുൻഗണന കാർഡുകാരുടെ മസ്റ്ററിങ് നടത്തണമെന്ന് നിർദേശിച്ചത്. പാവങ്ങൾക്കുള്ള റേഷൻ സാധനങ്ങൾ അനർഹർ കൈപ്പറ്റുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിർദേശം.
2024 മാര്‍ച്ച് 31നുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും ഇ-മെയിൽ മുഖാന്തരം ആവശ്യപ്പെട്ടിരുന്നു. മറ്റു സംസ്ഥാനങ്ങൾ മാസങ്ങൾക്ക് മുമ്പ് ഇ-കെ.വൈ.സി നടപടിക്രമങ്ങൾ പൂർത്തിയാക്കിയപ്പോൾ കേരളത്തിൽ ഭക്ഷ്യവകുപ്പ് അലംഭാവം തുടർന്നു. ഒടുവില്‍ മസ്റ്ററിങ് വേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കേന്ദ്ര ഭക്ഷ്യമന്ത്രാലയം നാലു കത്തുകള്‍ സംസ്ഥാനത്തിന് അയച്ചു.
മസ്റ്ററിങ് സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ വിതരണം, സബ്സിഡി ക്ലെയിം എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് കേന്ദ്ര ഉദ്യോഗസ്ഥര്‍ വിഡിയോ കോണ്‍ഫറണ്‍സിലൂടെ മുന്നറിയിപ്പ് നൽകിയപ്പോഴാണ് കേരളത്തിൽ നടപടി തുടങ്ങിയത്.
ഫെബ്രുവരി 16, 17 തീയതികളില്‍ സിവില്‍ സപ്ലൈസ് കമീഷണറേറ്റിലെ ഐ.ടി ഉദ്യോഗസ്ഥര്‍ പൊതുവിതരണവകുപ്പ് ജീവനക്കാര്‍ക്ക് മസ്റ്ററിങ് അപ്ഡേഷന് ആവശ്യമായ പരിശീലനം നല്കി. 19, 20, 21 തീയതികളില്‍ റേഷന്‍ വ്യാപാരികള്‍ക്ക് പരിശീലനം നല്കി.
ഇതിനുശേഷമാണ് റേഷന്‍ കടകളിലെ ഇ-പോസ് മെഷീനിലൂടെ 14,177 റേഷൻ കടകൾ വഴിയുള്ള മസ്റ്ററിങ് ആരംഭിച്ചത്. മഞ്ഞ, പിങ്ക് കാർഡുകളിലായി 1,54,42,057 പേരാണ് കേരളത്തിൽ മുൻഗണന റേഷന്റെ ഉപഭോക്താക്കൾ.
ഇത്രയും പേരുടെ ബയോമെട്രിക് വിവരങ്ങൾ ഒരേസമയം ശേഖരിക്കാനുള്ള ഐ.ടി മിഷന്റെ സർവറിന്റെ ശേഷിക്കുറവാണ് ജനങ്ങളെ വലയ്ക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.