റേഷന്‍ പ്രതിസന്ധി ഇടതുസര്‍ക്കാര്‍ ഉണ്ടാക്കിയതെന്ന പ്രചാരണം തെറ്റ് -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ പ്രതിസന്ധി എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉണ്ടാക്കിയതാണെന്ന രീതിയിലെ പ്രചാരണങ്ങള്‍ ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യമൊട്ടാകെ നിലവില്‍വന്ന ഭക്ഷ്യസുരക്ഷ നിയമം കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് നടപ്പാക്കേണ്ടതായിരുന്നു. മുന്‍സര്‍ക്കാര്‍ നിയമം നടപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാതെ പലകാരണങ്ങള്‍ പറഞ്ഞ് അവധി നീട്ടിവാങ്ങി. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴേക്കും മറ്റല്ലാ സംസ്ഥാനങ്ങളും നിയമം നടപ്പാക്കി. നിയമം ഇനിയും നടപ്പാക്കാത്ത കേരളത്തിന് അരി തരാന്‍ നിര്‍വാഹമില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം റേഷന്‍ പ്രതിസന്ധിയുണ്ടായി എന്ന രീതിയിലാണ് പ്രചാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശനാണ്യം നേടിത്തരുന്ന ഒട്ടേറെ നാണ്യവിളകള്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനമെന്ന നിലക്ക് കേരളത്തിനാവശ്യമായ അരി കേന്ദ്രം നല്‍കാമെന്നായിരുന്നു ഇതുവരെയുള്ള കരാര്‍. പുതിയ ഭക്ഷ്യസുരക്ഷനിയമം വന്നതോടെ മുന്‍ഗണനപട്ടികയിലുള്‍പ്പെട്ടവര്‍ക്ക് മാത്രം സൗജന്യ അരിയെന്ന തീരുമാനത്തില്‍ കേരളത്തിന് മാത്രം ഇളവ് നല്‍കാനാവില്ലെന്ന നിലപാടിലാണ് കേന്ദ്രം. അതോടെ നേരത്തേ ബി.പി.എല്‍ പട്ടികയിലുണ്ടായിരുന്ന ഒട്ടേറെ കുടുംബങ്ങള്‍ക്ക് ആവശ്യത്തിന് അരി കിട്ടാത്ത അവസ്ഥ വന്നു. നിലവില്‍ സൗജന്യ അരിക്ക് അര്‍ഹതയില്ലാത്തതും നേരത്തേ സംസ്ഥാന മുന്‍ഗണനപട്ടികയില്‍ ഉള്‍പ്പെട്ടതുമായ കുടുംബങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന രണ്ട് കിലോ അരി മൂന്നാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അരിയുടെ കാര്യത്തില്‍ കേരളത്തിന് പ്രത്യേകപരിഗണന ലഭിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.