റേഷനിൽ കേന്ദ്രത്തിന്റെ കടുംവെട്ട്; കടുത്ത ആശങ്കയെന്ന് ഭക്ഷ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഗോതമ്പിന് പിന്നാലെ മണ്ണെണ്ണയിലും കേന്ദ്രം കടുംവെട്ട് തുടരുന്നത് സംസ്ഥാനത്തെ റേഷൻ വിതരണത്തെ ഗുരുതരമായി ബാധിക്കുന്നെന്ന് മന്ത്രി ജി.ആർ അനിൽ. ഈ നിലപാടാണെങ്കിൽ റേഷൻ വിതരണം തുടരാനാകുമോ എന്ന ആശങ്കയുമുണ്ട്. റേഷൻ കടകൾ വഴിയുള്ള വിതരണത്തിനായി പി.ഡി.എസ് ഇനത്തിലും ഉത്സവങ്ങൾ, കൃഷി, മത്സ്യബന്ധനം തുടങ്ങി മറ്റ് ആവശ്യങ്ങൾക്കായി നോൺ പി.ഡി.എസ് ഇനത്തിലുമാണ് കേന്ദ്രം മണ്ണെണ്ണ അനുവദിക്കുന്നത്. ഇതിൽ വ്യാപാര ആവശ്യങ്ങൾക്കായി വഴിമാറ്റുന്നുവെന്ന് ആരോപിച്ച് പി.ഡി.എസ് വിഹിതം വെട്ടിക്കുറച്ചു. 2022-23 ലെ ആദ്യ പാദത്തിൽ അനുവദിച്ച പി.ഡി.എസ് ഇനത്തിലെ മണ്ണെണ്ണയിൽ മുൻ വർഷത്തെക്കാൾ 40 ശതമാനം വെട്ടിക്കുറവാണ് വരുത്തിയത്. 2021-22 ആദ്യപാദത്തിൽ 6480 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ചെങ്കിൽ 2022-23 ലെ ഇതേ കാലയവിൽ കിട്ടിയത് 3888 കിലോലിറ്റർ മാത്രമാണ്.
വിലയും കൂട്ടി
2020 ഏപ്രിലിൽ ഒരു ലിറ്റർ മണ്ണെണ്ണയുടെ അടിസ്ഥാനവില 22.26 രൂപയായിരുന്നു. 2021 ൽ മേയിൽ ഇത് 72.82 രൂപയായി. ഇതിന് പുറമെ നികുതിയും ഡീലർ കമീഷനും കടത്തുകൂലിയുമെല്ലാം ഉൾപ്പെടെ 84 രൂപയോളമാകും ഒരു ലിറ്റർ മണ്ണെണ്ണക്കെന്നും മന്ത്രി പറഞ്ഞു.
50 ലക്ഷം കാർഡ് ഉടമകൾക്ക് ഗോതമ്പ് കിട്ടില്ല
സംസ്ഥാനത്തെ 43 ശതമാനം ജനവിഭാഗങ്ങൾ മാത്രമാണ് റേഷന് അർഹതയുള്ളതെന്നാണ് കേന്ദ്ര നിലപാട്. ഇതിനെതുടർന്ന് 1.54 കോടി (15480050) പേർ മാത്രമാണ് റേഷൻ സമ്പ്രദായത്തിന് കീഴിൽ വരുന്നത്. കേന്ദ്രം ടൈഡ് ഓവർ വിഹിതമായി നൽകുന്ന ഭക്ഷ്യധാന്യത്തിൽനിന്നാണ് 57 ശതമാനം മുൻഗണനേതര വിഭാഗങ്ങൾക്ക് (നീല, വെള്ള കാർഡുകൾ) ചെറിയ ഒരളവെങ്കിലും അരിയും ഗോതമ്പും നൽകിയിരുന്നത്. 2022 മേയ് 13 ന് മുതൽ ടൈഡ് ഓവർ വിഹിതമായി നൽകിയിരുന്ന 6459.074 മെട്രിക് ടൺ ഗോതമ്പ് നിർത്തലാക്കിയതോടെ 57 ശതമാനം വരുന്ന വിഭാഗത്തിലെ 50 ലക്ഷം കാർഡുടമകൾക്ക് പൊതുവിതരണ സമ്പ്രദായത്തിൽനിന്ന് ഗോതമ്പ് കിട്ടാത്ത സ്ഥിതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.