27 മുതൽ സംസ്ഥാനത്ത് റേഷൻ വ്യാപാരി സമരം
text_fieldsകോട്ടയം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ 27 മുതൽ കടകളടച്ച് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി ജനറൽ കൺവീനർ അഡ്വ. ജോണി നെല്ലൂർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വേതന പാക്കേജ് പരിഷ്കരിക്കുക, കമീഷനും ഇൻസെന്റിവും അതത് മാസം വിതരണം ചെയ്യുക, കേന്ദ്ര അവഗണന അവസാനിപ്പിക്കുക, ഭക്ഷ്യധാന്യങ്ങൾക്കു പകരം ഡയറക്ട് പേമെന്റ് സംവിധാനം നടപ്പാക്കി റേഷൻ വിതരണം ബി.പി.എൽ മുൻഗണന വിഭാഗത്തിനു മാത്രമായി പരിമിതപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
2018ൽ നടപ്പാക്കിയ വേതന പാക്കേജനുസരിച്ച് തുച്ഛ പ്രതിഫലമാണ് വ്യാപാരികൾക്ക് ലഭിക്കുന്നത്. പല സംഘടനകളുടെയും വിയോജനക്കുറിപ്പ് അവഗണിച്ചാണ് പാക്കേജ് നടപ്പാക്കിയത്. ആറുമാസം കഴിഞ്ഞ് പുനഃപരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നെങ്കിലും ആറുവർഷം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. വരുമാനം വർധിപ്പിക്കുന്നതിന് മറ്റു നിത്യോപയോഗ സാധനങ്ങൾ റേഷൻ കടകളിലൂടെ വിതരണം ചെയ്യാൻ അനുവദിക്കണമെന്നും ജോണി നെല്ലൂർ ആവശ്യപ്പെട്ടു. ടി. മുഹമ്മദാലി, കെ.ബി. ബിജു, ജി. ശശിധരൻ, സുരേഷ് കാരേറ്റ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.