റേഷൻ കടകൾ അടഞ്ഞുതന്നെ; ചർച്ച ഇന്ന്
text_fieldsതിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ നടത്തുന്ന അനിശ്ചിതകാല സമരം പൂർണം. കടയടപ്പു സമരം മൂന്നാംദിവസത്തിലേക്കു കടന്നതോടെ ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ചർച്ചക്കു വിളിച്ചു. മന്ത്രിയുടെ ചേംബറിൽ ബുധനാഴ്ച രാവിലെ 11നാണ് ചർച്ച. സമരം ശക്തമായി നേരിടാൻ നടപടികൾക്കും ഭക്ഷ്യ വകുപ്പ് തുടക്കമിട്ടു.
സംസ്ഥാനത്തെ 14,335 റേഷൻ കടകളിൽ സി.പി.െഎ യൂനിയനിൽ പെട്ട 350 എണ്ണമൊഴികെ മുഴുവനും അടഞ്ഞുകിടക്കുകയാണ്. മാസാദ്യത്തിൽ കടകൾ അടഞ്ഞുകിടന്നതിനാൽ അരി വിതരണം തടസ്സപ്പെട്ടു. പൊലീസ് അകമ്പടിയോടെ അരിയുമായെത്തുന്ന വാഹനങ്ങൾ തിരിച്ചുവിട്ടും ഇൻഡൻറ് പാസാക്കാതെയും അരിവില അടയ്ക്കാതെയുമാണ് സമരം. നവംബറിലെ അരി സപ്ലൈകോ ഗോഡൗണുകളിലും ഡിസംബറിലെ അരി എഫ്.സി.െഎ ഗോഡൗണുകളിലും െകട്ടിക്കിടക്കുകയാണ്. 15നകം എഫ്.സി.െഎയിൽനിന്ന് അരിയെടുത്തില്ലെങ്കിൽ കേന്ദ്രവിഹിതം വെട്ടിക്കുറക്കുമെന്ന ആശങ്കയുമുണ്ട്. വേതന പാക്കേജ് നടപ്പാക്കണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ നടന്ന േയാഗത്തിലാണ് വേതന പാക്കേജ് പ്രഖ്യാപിച്ചത്.
മാസാദ്യത്തിൽ കടയടച്ച് സമരത്തിലേർപ്പെട്ടതിൽ സർക്കാറിന് കടുത്ത അതൃപ്തിയുണ്ട്. കടയുടമകളിൽനിന്ന് വിശദീകരണം തേടി നോട്ടീസ് അയക്കാൻ ജില്ല സപ്ലൈ ഒാഫിസർമാർ താലൂക്ക് സപ്ലൈ ഒാഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സമരവുമായി മുന്നോട്ടുപോയാൽ കുടുംബശ്രീ പ്രവർത്തകരെ ഉപയോഗിച്ച് അരിവിതരണം നടത്താനും നീക്കമുണ്ടായിരുന്നു. ഇതിനെതിരെ ഒാൾ ഇന്ത്യ റേഷൻ ഡീലേഴ്സ് അസോസിയേഷൻ രംഗത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.