അഞ്ചു ദിവസത്തിന് ശേഷം റേഷൻ കടകൾ തുറന്നു, സാധനങ്ങൾ വാങ്ങാൻ വൻതിരക്ക്; 7.4 ലക്ഷംപേര്‍ റേഷൻ കൈപ്പറ്റിയെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: അഞ്ചു ദിവസത്തെ ഇടവേളക്കുശേഷം റേഷൻ കടകൾ തുറന്നതോടെ സാധനങ്ങൾ വാങ്ങാൻ കടകളിൽ കാർഡുടമകളുടെ വൻതിരക്ക്. ശനിയാഴ്ച രാത്രി ഏഴുവരെ 7.4 ലക്ഷം പേർ ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റിയതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇതോടെ ഈ മാസത്തെ വിതരണം 54 ശതമാനം പിന്നിട്ടു.
മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെയും എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഉച്ചക്ക് രണ്ടുമുതൽ ഏഴുവരെയുമാണ് വിതരണം ക്രമീകരിച്ചിരുന്നത്. രാവിലെ പല ജില്ലകളിലും തുടക്കത്തിൽ കണക്ടിവിറ്റി പ്രശ്നമുണ്ടായെങ്കിലും ഒരു മണിക്കൂറിനുള്ളിൽ പരിഹരിച്ചു. വൈകീട്ട് ആറോടെ പലയിടങ്ങളിലും വിരൽ പതിയാത്ത അവസ്ഥയുണ്ടായി. എങ്കിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വിതരണം സുഗമമായി നടന്നതായി റേഷൻ വ്യാപാരികൾ അറിയിച്ചു.
സര്‍വര്‍ സംബന്ധമായ സാങ്കേതിക പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിച്ചെന്ന് മന്ത്രി അറിയിച്ചു. സര്‍വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഡേറ്റ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്ന പ്രക്രിയ എൻ.ഐ.സി ഹൈദരാബാദ് വെള്ളിയാഴ്ച പൂര്‍ത്തിയാക്കിയിരുന്നു. മേയ് രണ്ട്, മൂന്ന് തിയതികളില്‍ കൂടി ഷിഫ്റ്റ് സംവിധാനം തുടരും. അഞ്ചുവരെ ഏപ്രിലിലെ റേഷൻ വിതരണം ഉണ്ടാകും. ആറിന് മേയിലെ റേഷൻ വിതരണം ആരംഭിക്കും.
നിലവില്‍ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട ആധാര്‍ ഓതന്‍റിക്കേഷനായി ഐ.ടി മിഷന്‍റെ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. ഐ.ടി മിഷനുകീഴില്‍ ഒരു ആധാര്‍ സര്‍വിസ് ഏജന്‍സി (ബി.എസ്.എന്‍.എല്‍ ഹൈദരാബാദ്) മാത്രമാണുള്ളത്. എൻ.ഐ.സിയെ ഓതന്‍റിക്കേഷന്‍ യൂസര്‍ ഏജന്‍സിയായി ലഭ്യമായാല്‍ അഞ്ച് ഓതന്‍റിക്കേഷന്‍ സര്‍വിസ് ഏജന്‍സികളുടെ സേവനം ലഭ്യമാകും. ഇതിനായുള്ള അപേക്ഷ ഡല്‍ഹി എൻ.ഐ.സിക്ക് പൊതുവിതരണ വകുപ്പില്‍നിന്ന് നല്‍കിയെന്നും സേവനം ലഭ്യമായാൽ ആധാര്‍ ഓതന്‍റിക്കേഷനുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാനാകുമെന്നും മന്ത്രി അറിയിച്ചു.
റേഷൻ, പെൻഷൻ പ്രതിസന്ധിക്ക് കാരണം സംസ്ഥാനം -ബി.ജെ.പി
ന്യൂഡൽഹി: മലയാളികൾക്ക് റേഷനും പെൻഷനും മുടങ്ങിയ സംഭവത്തിൽ കേന്ദ്രമല്ല, പ്രതി സംസ്ഥാന സർക്കാറാണെന്ന് ബി.ജെ.പി. നാഷനൽ ഇൻഫർമാറ്റിക് സെന്‍ററിലെ സർവർ തകരാറാണ് റേഷൻ മുടങ്ങാൻ കാരണമെന്നാണ് സംസ്ഥാന സർക്കാർ വാദിക്കുന്നത്.
എന്നാൽ, കേരള സർക്കാറിനു കീഴിലെ ഡേറ്റ സെന്‍ററിന്‍റെയും സർവറിന്‍റെയും തകരാർ പരിഹരിക്കാത്തതാണ് യഥാർഥ പ്രശ്നമെന്ന് കേരളത്തിലെ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. റേഷൻ വിതരണത്തിനായി കേരളത്തിലെ ഡേറ്റ സെന്‍റർ ഒരുക്കിയ സംവിധാനം ഏഴു വർഷത്തിലേറെയായി നവീകരിച്ചിട്ടില്ല. റേഷൻ വിതരണ സൗകര്യത്തിനുള്ള പി.ഒ.എസ് സംവിധാനം നോക്കി നടത്തുന്നത് സംസ്ഥാന സർക്കാറാണ്.
ഇതിലേക്ക് കേന്ദ്രത്തെ വലിച്ചിടേണ്ടതില്ല. റേഷൻ കടകൾക്കായുള്ള സർവർ നവീകരിക്കാനും ശേഷി കൂട്ടാനും നാഷനൽ ഇൻഫർമാറ്റിക് സെന്‍റർ പലവട്ടം കേരള സർക്കാറിനോട് ആവശ്യപ്പെട്ടതല്ലാതെ ഒരു നടപടിയുമുണ്ടായില്ല.
ഈയടുത്ത കാലത്തു മാത്രമാണ് സർവർ നവീകരണം നടന്നത്. പുതിയ സർവറുകളിലേക്ക് ഡേറ്റ സംഭരിക്കുന്ന പ്രവർത്തനങ്ങളിൽ നാഷനൽ ഇൻഫർമാറ്റിക് സെന്‍റർ കേരള സർക്കാറിനെ സഹായിക്കുന്നുണ്ട്. ഡേറ്റ കൈമാറ്റത്തിനായി റേഷൻ കടകൾ അടക്കാൻ തീരുമാനിച്ചത് സംസ്ഥാന സർക്കാറാണ്. എന്നാൽ, പറയുന്നത് നേർവിപരീതമാണ് -ജാവ്ദേക്കർ കുറ്റപ്പെടുത്തി. ആധാർ സാക്ഷ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്കാണ്.
കേരളത്തിലെ ഈ സംവിധാനം കുറ്റമറ്റതല്ല. അതുകൊണ്ട് സാക്ഷ്യപ്പെടുത്തൽ പ്രശ്നമാകുന്നു. നാഷനൽ ഇൻഫർമാറ്റിക് സെന്‍ററിന്‍റെ സർവറുകളിലൂടെ ആധാർ സാക്ഷ്യപ്പെടുത്തൽ നടത്താൻ സംസ്ഥാന സർക്കാർ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, ഈ കഥയൊന്നും കേരളത്തിലെ ജനങ്ങളോട് സംസ്ഥാന സർക്കാർ പറഞ്ഞിട്ടില്ല. വീഴ്ചകൾക്കെല്ലാം കേന്ദ്രവും നേട്ടത്തിനെല്ലാം സംസ്ഥാനവുമാണ് കാരണമെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങൾ സംസ്ഥാന സർക്കാർ രീതിയാക്കി മാറ്റിയിരിക്കുകയാണെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.