തട്ടാരമ്പലം ഗോഡൗണിലെ റേഷൻ കടത്ത്: റിപ്പോർട്ട് വിജിലൻസിന്
text_fieldsവേലിക്കര: സിവിൽ സപ്ലൈസ് കോർപറേഷന്റെ തട്ടാരമ്പലം ഗോഡൗണിൽനിന്ന് ഭക്ഷ്യധാന്യം കടത്തിയ സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് വിജിലൻസിന് മാവേലിക്കര പൊലീസ് കൈമാറും. സർക്കാർ ഉദ്യോഗസ്ഥൻ പ്രതിയാക്കപ്പെട്ടതിനാൽ വിജിലൻസാണ് കേസ് തുടർന്ന് അന്വേഷിക്കേണ്ടത്. വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ് എത്തിയാലുടൻ കേസ് ഫയലുകൾ കൈമാറാനാണ് പൊലീസ് നീക്കം.
ഗോഡൗണിൽനിന്ന് 40 ചാക്ക് കുത്തരിയും 20 ചാക്ക് ഗോതമ്പും കടത്തിയ സംഭവത്തിൽ തട്ടാരമ്പലം ഗോഡൗൺ സീനിയർ അസിസ്റ്റന്റ് തിരുവനന്തപുരം ഉഴമലക്കൽ പുതുക്കുളങ്ങര അശ്വനി വീട്ടിൽ രാജു (52), വാതിൽപടി കരാറുകാരൻ ഹരിപ്പാട് ചെറുതന ആയാപറമ്പ് പണിക്കർ വീട്ടിൽ സന്തോഷ് വർഗീസ് (61), സഹായി ചെറിയനാട് കിഴക്ക് പ്ലാന്തറയിൽ സുകു (54), ലോറി ഡ്രൈവർ ഹരിപ്പാട് തുലാംപറമ്പ് കിഴക്ക് നക്രാത്ത് കിഴക്കതിൽ വിഖിൽ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അതിനിടെ, അറസ്റ്റിലായ വാതിൽപടി കരാറുകാരൻ സന്തോഷ് വർഗീസിനെതിരെ ഒരു കേസുകൂടി രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമക്കൽ, കബളിപ്പിക്കൽ തുടങ്ങിയ പരാതികളിലാണ് കേസെടുത്തത്. സിവിൽ സപ്ലൈസ് കോർപറേഷന്റെ രേഖകൾ പ്രകാരം വാതിൽപടി കരാർ റെജി വർഗീസ് എന്നയാളിന്റെ പേരിലാണെങ്കിലും സന്തോഷ് വർഗീസാണ് കാര്യങ്ങൾ നടത്തിയിരുന്നത്. തന്റെ വ്യാജ ഒപ്പിട്ടും വ്യാജരേഖകൾ ചമച്ചുമാണ് 10 ലോറികളുടെ പെർമിറ്റ് സമർപ്പിച്ചതെന്നും കരാർ തന്റെ പേരിലായിരിക്കുമെന്നു വിശ്വസിപ്പിച്ച ശേഷം പിന്നീട് കബളിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി റെജി വർഗീസ് സമർപ്പിച്ച പരാതിയിലാണ് കേസെടുത്തത്.
ഇ-മെയിൽ, ഫോൺ നമ്പർ എന്നിവയെല്ലാം വ്യാജമാണെന്നും റെജി വർഗീസ്, സന്തോഷ് വർഗീസ് എന്നീ പേരുകളിലുള്ള ജോയന്റ് അക്കൗണ്ടിലേക്കു പണം പോയിരുന്നെങ്കിലും അതൊന്നും റെജി വർഗീസ് അറിയാതെയാണെന്നും പൊലീസ് പറഞ്ഞു. റിമാൻഡിലുള്ള സന്തോഷ് വർഗീസിനെതിരെ കബളിപ്പിക്കൽ, വ്യാജരേഖ ചമക്കൽ എന്നിവ പ്രകാരവും കേസെടുക്കും.
റേഷൻ വിതരണത്തിനുള്ള വാഹനങ്ങൾക്ക് കളർ കോഡ്
ഭക്ഷ്യപൊതുവിതരണ വകുപ്പിന് കീഴിലെ എൻ.എഫ്.എസ്.എ ഗോഡൗണുകളിൽനിന്ന് റേഷൻകടകളിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്ന വാഹനങ്ങൾക്ക് കളർ കോഡ് വരുന്നു. വാഹനങ്ങൾക്കു മുകളിൽ ചുവപ്പും താഴെ മഞ്ഞനിറവും നൽകാൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിലും ഗതാഗതമന്ത്രി ആന്റണി രാജുവും നടത്തിയ ചർച്ചയിൽ തീരുമാനമായി. ഗോഡൗണുകളിൽനിന്ന് കരിഞ്ചന്തയിലേക്കുള്ള ധാന്യക്കടത്ത് തടയാൻ ലക്ഷ്യമിട്ടാണ് പരിഷ്കാരം. ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ ഉപയോഗിക്കുന്ന എഴുനൂറിലധികം കരാർ വാഹനങ്ങളിൽ പുതുവർഷത്തിൽ നിറംമാറ്റം നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.