അനിശ്ചിതകാല റേഷൻ സമരം ‘പൊളിച്ചടുക്കി’ സർക്കാർ
text_fieldsതിരുവനന്തപുരം: വേതനപരിഷ്കരണം നടപ്പാക്കണമെന്ന ആവശ്യവുമായി റേഷൻ വ്യാപാരി സംഘടനകൾ നടത്തിയ അനിശ്ചിതകാല കടയടപ്പ് സമരം ഒറ്റദിവസം കൊണ്ട് സർക്കാർ 'പൊളിച്ചടുക്കി'. അടച്ചിട്ട റേഷൻ കടകൾ സർക്കാർ ഏറ്റെടുക്കുമെന്നും സഞ്ചരിക്കുന്ന റേഷൻ കടകൾ തുറക്കുമെന്നുമുള്ള മുന്നറിയിപ്പിനെ തുടർന്നാണ് സംഘടനകൾ വഴങ്ങിയത്. വേതന പരിഷ്കരണം ഉടൻ നടപ്പാക്കാൻ കഴിയില്ലെന്നും മാർച്ചിൽ ചർച്ച ചെയ്ത് തീരുമാനിക്കാമെന്നുമുള്ള ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെ ഉറപ്പിൽ സമരം അവസാനിപ്പിക്കാൻ റേഷൻ ഡീലേഴ്സ് കോ- ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. വേതന പരിഷ്കരണമടക്കം വിഷയങ്ങളിൽ വ്യാപാരി സംഘടനകളുടെ ആവശ്യങ്ങളോട് ഉടനടി വഴങ്ങാതെ സമരം അവസാനിപ്പിക്കാനായത് സർക്കാറിന് ആശ്വാസമായി.
ഏഴുവർഷം മുമ്പ് നടപ്പാക്കിയ വേതന പാക്കേജ് ഉടന്‍ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വ്യാപാരികള്‍ ഇന്നലെ മുതല്‍ അനിശ്ചിതകാല കടയടപ്പ് സമരം ആരംഭിച്ചത്. വ്യാപാരികളുടെ ആവശ്യം ന്യായമാണെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യം പരിഗണിച്ച് ചർച്ചയുടെ അടിസ്ഥാനത്തിൽ പിന്നീട്, പരിഷ്കരണം നടപ്പാക്കാമെന്ന ഭക്ഷ്യ, ധനമന്ത്രിമാരുടെ ഉറപ്പ് തള്ളിയായിരുന്നു 14,000 ത്തോളം റേഷൻ കടകൾ അടച്ചിട്ടുള്ള സമരം. സർക്കാർ ഭീഷണിയെ തുടർന്ന് സഹകരണ സ്ഥാപനങ്ങളുടെ കീഴിലും താൽക്കാലിക ലൈസൻസികൾ നടത്തിവരുന്നതുമായ 256 റേഷൻകടകൾ മാത്രമാണ് ഇന്നലെ തുറന്നത്.
വേതന വർധന ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്കും താലൂക്ക് കേന്ദ്രങ്ങളിലും വ്യാപാരികൾ രാവിലെയോടെ പ്രതിഷേധ മാർച്ച് നടത്തി. ഇതോടെ, സമരത്തെ ശക്തമായി നേരിടാൻ തന്നെ സർക്കാർ തീരുമാനിച്ചു. അടച്ചിട്ട റേഷൻ കടകൾ ഉച്ചക്കുശേഷം സർക്കാർ ഏറ്റെടുക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ സംഘടനാ നേതാക്കളെ അറിയിച്ചു. ചൊവ്വാഴ്ച മുതൽ സംസ്ഥാന വ്യാപകമായി സഞ്ചരിക്കുന്ന റേഷൻകടകൾ തുറക്കാനും ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കണ്ട്രോള് റൂം ആരംഭിക്കാനും മന്ത്രി നിര്‍ദേശവും നല്കി. ഇതോടെ, മുഖ്യമന്ത്രി ഇടപെട്ടു. വ്യാപാരി സംഘടനാ നേതാക്കളെ അടിയന്തര ചർച്ചക്ക് വിളിക്കാൻ അദ്ദേഹം ഭക്ഷ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
തുടർന്ന്, ഉച്ചക്ക് ഭക്ഷ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ നിലവിലെ നിലപാടിൽ നിന്ന് പിന്നാക്കം പോകാൻ സർക്കാർ തയാറല്ലെന്ന് മന്ത്രി ജി.ആർ. അനിൽ ആവർത്തിച്ചു. വേതന പാക്കേജ് പരിഷ്കരണവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച മൂന്നംഗ കമ്മിറ്റിയുടെ റിപ്പോര്ട്ടിന്മേൽ മാര്‍ച്ചില്‍ ചർച്ചകൾ ആരംഭിക്കാമെന്നും അർഹമായ വർധന തീരുമാനിക്കാമെന്നും മന്ത്രി ഉറപ്പ് നൽകി.
വേതന പരിഷ്കരണത്തിന് അന്തിമ തീയതി പറയണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും മന്ത്രി തയാറായില്ല. മിനിമം വേതനം 18,000 രൂപയിൽ നിന്ന് 30,000 ആക്കണമെന്ന ആവശ്യത്തോടും സർക്കാർ മുഖം തിരിച്ചു. പകരം ഓരോ മാസത്തെയും കമീഷൻ അടുത്തമാസം 10- 15 തീയതിക്കുള്ളിൽ നൽകാമെന്നും ഡിസംബറിലെ കമീഷൻ ഇന്ന് വ്യാപാരികളുടെ അക്കൗണ്ടിലെത്തുമെന്നും ഉറപ്പ് നൽകി. കടയടപ്പ് സമരംമൂലം ഭക്ഷ്യധാന്യങ്ങൾ കാർഡുടമകൾക്ക് ലഭിക്കാത്ത സാഹചര്യമുണ്ടായാൽ പൊതുവിതരണ സംവിധാനം മുഖേന ഭക്ഷ്യധാന്യം നല്‍കുന്നതിന് പകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതിനെക്കുറിച്ച് കേന്ദ്രം ചിന്തിച്ചേക്കാമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഇതോടെ, സമരം പിൻവലിക്കാൻ റേഷൻ ഡീലേഴ്സ് കോഓഡിനേഷൻ സംസ്ഥാന കമ്മിറ്റി നിർബന്ധിതരാവുകയായിരുന്നു.
വേതന പരിഷ്കരണം പ്രായോഗികത പരിശോധിച്ച ശേഷം -മന്ത്രി
തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ മിനിമം വേതനം 18,000 രൂപയിൽ നിന്ന് ഉയർത്തുന്നത് പ്രായോഗികത കൂടി പരിശോധിച്ചശേഷം മാത്രമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. 177 റേഷൻകടകളിൽ 10,000 രൂപക്ക് താഴെ മാത്രമേ വിൽപന നടക്കുന്നുള്ളൂ. ഇത്തരം കടകൾ നടത്തണമോ വേണ്ടയോയെന്ന് ലൈസൻസികൾ ആലോചിക്കണം. വലിയ ബാധ്യതകൾ സർക്കാറിന് എടുത്തുവെക്കാൻ കഴിയില്ല. റേഷൻ കടകളുടെ വരുമാനം വർധിപ്പിക്കാൻ കെ സ്റ്റോർ അടക്കം നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കിയിട്ടുണ്ട്. തീരെ വരുമാനമില്ലാത്തവർക്ക് കെ സ്റ്റോറിലൂടെ അധികവരുമാനം ലഭിക്കും. 1700 കടകൾ ഇതിനകം കെ സ്റ്റോറായി മാറിയിട്ടുണ്ട്. റേഷൻ വ്യാപാരികളുടെ കമീഷൻ പരിഷ്കരണം സംബന്ധിച്ച ചർച്ചകൾ മാർച്ചിൽ തുടങ്ങും. അർഹമായ വർധന വേഗത്തിൽ നടപ്പാക്കുമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.