റേഷന്‍ പഞ്ചസാര വിതരണവും അവതാളത്തില്‍ അര്‍ഹര്‍ക്ക് മുഴുവന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അധികം ചെലവിടേണ്ടത് 7.61 കോടി
text_fields
കോഴിക്കോട്: സംസ്ഥാനത്ത് അര്‍ഹര്‍ക്ക് മുഴുവന്‍ പഞ്ചസാര ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിമാസം അധികം കണ്ടെത്തേണ്ടത് 7.61 കോടി രൂപ. പുതിയ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം പഴയ എ.എ.വൈ, ബി.പി.എല്‍ വിഭാഗത്തെക്കാള്‍ വര്‍ധിച്ച സാഹചര്യത്തിലാണിത്. എ.എ.വൈ, ബി.പി.എല്‍ ലിസ്റ്റ് പ്രകാരം സംസ്ഥാനത്ത് 97 ലക്ഷം പേര്‍ക്കാണ് 400 ഗ്രാം വീതം റേഷന്‍ പഞ്ചസാരക്ക് അര്‍ഹത. ഇതുപ്രകാരം സംസ്ഥാനത്ത് പ്രതിമാസം 3880 മെട്രിക് ടണ്‍ പഞ്ചസാരയാണ് വിതരണത്തിന് വേണ്ടത്. ഇപ്പോള്‍ 4103 മെട്രിക് ടണ്‍ പഞ്ചസാരയാണ് ലഭ്യമാവുന്നത്. 1.54 കോടി പേരാണ് പുതിയ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. അതായത് എ.എ.¥ൈവ, ബി.പി.എല്‍ ലിസ്റ്റിനെക്കാള്‍ 57 ലക്ഷം അധികം പേര്‍. ഇതുപ്രകാരം അധികം വേണ്ടത് 2057 മെട്രിക് ടണ്‍ പഞ്ചസാരയാണ്.
ഓരോ ജില്ല സപൈ്ളകോ ഡിപ്പോകളിലും 800 ക്വിന്‍റലോളമാണ് കുറവുള്ളത്. കേന്ദ്ര സര്‍ക്കാറില്‍നിന്ന് ലഭ്യമാവുന്ന ഗ്രാന്‍ഡ് പ്രകാരം കര്‍ണാടകയിലെ മില്ലില്‍നിന്ന് വാങ്ങി ഓരോ ഉപഭോക്താവിനും 13.50 രൂപക്കാണ് പഞ്ചസാര നല്‍കേണ്ടത്. ശേഷിക്കുന്ന പണം സംസ്ഥാന സര്‍ക്കാര്‍ എടുക്കണം. പഞ്ചസാരയുടെ ഇപ്പോഴത്തെ മാര്‍ക്കറ്റ് മൊത്ത വില 37.50 ആണ്. ഇതുപ്രകാരം സംസ്ഥാനത്ത് അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പഞ്ചസാര ലഭ്യമാക്കാന്‍ ഒരു കിലോക്ക് 37 രൂപ തോതില്‍ 2057 മെട്രിക് ടണ്ണിന് 7.61 കോടിയോളം വേണ്ടിവരും. സംസ്ഥാനത്ത് അര്‍ഹരായ ഗുണഭോക്താക്കളുടെ വിവരം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ച് ആവശ്യമായ പഞ്ചസാര ലഭ്യമാക്കാത്തതാണ് പ്രശ്നമായത്. ഈ അനിശ്ചിതത്വം കാരണം നവംബര്‍ മാസത്തെ പഞ്ചസാര വിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല.
ഇത് കാരണം റേഷന്‍ഷാപ്പുകളിലും സപൈ്ളകോ ഗോഡൗണുകളിലും പഞ്ചസാര വിതരണം ചെയ്യാതെ കെട്ടിക്കിടക്കുകയാണ്. കോഴിക്കോട് ഡിപ്പോയില്‍ മാത്രം 1413 ക്വിന്‍റലാണ് കെട്ടിക്കിടക്കുന്നത്. മുന്‍ഗണന ലിസ്റ്റ്, ബി.പി.എല്‍ ലിസ്റ്റുകളില്‍ ഒരേപോലെ ഉള്‍പ്പെട്ടവര്‍ക്ക് മാത്രം പഞ്ചസാര വിതരണം ചെയ്യാനാണ് റേഷന്‍ഷാപ്പുകള്‍ക്ക് ഇപ്പോള്‍ കിട്ടിയ നിര്‍ദേശം. എന്നാല്‍, ഇതോടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പഞ്ചസാര ലഭ്യമാകാത്ത അവസ്ഥയുണ്ടാകും. ഇത് അടുത്തമാസം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.