റേഷൻ വിതരണം ഇൗ മാസം കമ്പ്യൂട്ടർവത്കരിക്കും
text_fieldsതിരുവനന്തപുരം: റേഷൻ കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനും അന്ത്യംകുറിച്ച് സംസ്ഥാനത്തെ റേഷൻകടകളിൽ ഭക്ഷ്യവകുപ്പ് ഇ-പോസ് (ഇലക്ട്രോണിക് പോയൻറ് ഓഫ് സെയിൽ) മെഷീൻ സ്ഥാപിക്കും. റേഷൻ സാധനങ്ങളുടെ വിതരണം കമ്പ്യൂട്ടർവത്കരിക്കുന്നതിെൻറ ഭാഗമായാണ് ഇൗമാസം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ 50 റേഷൻകടകളിൽ മെഷീൻ സ്ഥാപിക്കുന്നത്. ഇതിെൻറ നടപടികൾ രണ്ടാഴ്ചക്കകം പൂർത്തിയാകും.
മെഷീൻ സ്ഥാപിക്കുന്നതിന് മുമ്പ് വ്യാപാരികൾക്ക് സപ്ലൈകോയുടെ നേതൃത്വത്തിൽ പരിശീലന ക്ലാസുകൾ നൽകും. ഇതിനുശേഷം 25 ഓളം പരിശീലകരെ വ്യാപാരികളുടെ സഹായത്തിന് താൽക്കാലികമായി നിയോഗിക്കും. ഡിസംബറോടെ നാല് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ആന്ധ്ര, തെലങ്കാന, ഒഡിഷ തുടങ്ങി 17 സംസ്ഥാനങ്ങളിൽ മെഷീൻ സ്ഥാപിച്ചിട്ടുള്ള ‘വിഷൻ ടെക്ക്’ കമ്പനിക്കാണ് സർക്കാർ ടെൻഡർ നൽകിയത്. നേരത്തെ ‘ഒയാസിസ് ’ കമ്പനിക്ക് ടെൻഡർ നൽകാൻ തീരുമാനിച്ചെങ്കിലും ഇവരുടെ സാങ്കേതികവിദ്യക്കെതിരെ ആരോപണമുയർന്നതോടെ ഒഴിവാക്കുകയായിരുന്നു.
ഇ-പോസ് മെഷീന് വരുന്നതോടെ ഒരാള്ക്കനുവദിച്ച റേഷന്‍ സാമഗ്രികള്‍ കൃത്യമായ അളവില്‍ അയാള്ക്കുമാത്രമേ ലഭിക്കൂ. വില്ക്കാത്ത സാധനങ്ങളുടെ കണക്ക് മെഷീനിലുള്ളതിനാല് വ്യാപാരികൾക്ക് മറിച്ചുവില്ക്കാനാകില്ല. തനിക്ക് ലഭിക്കാനുള്ള ഭക്ഷ്യധാന്യങ്ങളുടെ അളവ് കാർഡുടമക്ക് മൊബൈൽ സന്ദേശത്തിലൂടെ ലഭിക്കും. പെന്‍ഷനും പണവും ലഭിക്കാനുള്ള സൗകര്യവും മെഷീനിലുണ്ടാകും.
ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ 10,000 രൂപവരെ മെഷീനിലൂടെ ലഭിക്കും. ആന്ധ്രയിലും തെലങ്കാനയിലും കര്‍ണാടകയിലും ഈ സംവിധാനം നിലവിലുണ്ട്. ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചവര്‍ക്കാണ് ഇതിെൻറ ഗുണം ലഭിക്കുക. കേരളത്തിലെ റേഷന്‍ കാര്‍ഡ് ഉടമകളില്‍ 90 ശതമാനം പേരും റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ബാങ്കുകളുമായി റേഷൻ വ്യാപാരികൾ നേരിട്ട് കരാറുണ്ടാക്കിയെങ്കിൽ മാത്രമേ സേവനം ലഭിക്കൂ.
അതിനാൽ മെഷീൻ സ്ഥാപിച്ചാലും കേരളത്തിൽ ഈ സേവനം ലഭ്യമാകാൻ മാസങ്ങൾ കഴിയണം. സംസ്ഥാനത്തെ 14,238 റേഷൻ കടകളിലും മെഷീൻ സ്ഥാപിച്ചുകഴിഞ്ഞാൽ ഭക്ഷ്യഭദ്രത നിയമപ്രകാരം റേഷൻ വ്യാപാരികൾക്ക് നൽകേണ്ട വേതനപാക്കേജും അണിയറയിൽ തയാറാകുന്നുണ്ട്.
അനിശ്ചിതകാല സമരത്തിലേക്ക് വ്യാപാരികൾ
തിരുവനന്തപുരം: ഇ-പോസ് മെഷീൻ പൂർണമായി സ്ഥാപിച്ചതിനുശേഷം മാത്രമേ വേതനം പ്രഖ്യാപിക്കൂവെന്ന സർക്കാർ നിലപാടിനെതിരെ റേഷൻ വ്യാപാരികൾ രംഗത്ത്. ഇൗമാസം ആറുമുതൽ അനിശ്ചിതകാല സമരം നടത്താൻ റേഷൻ ഡീലേഴ്സ് കോഓഡിനേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ജൂണിൽ ഇ-പോസ് മെഷീൻ സ്ഥാപിച്ച് േവതന പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ നിയമസഭയിൽ അറിയിച്ചിരുന്നത്. എന്നാൽ പാക്കേജ് പ്രഖ്യാപിച്ചില്ലെന്ന് മാത്രമല്ല വ്യാപാരികൾക്ക് ലഭിക്കുന്ന തുച്ഛമായ വേതനംപോലും യഥാസമയം ലഭിക്കുന്നില്ലെന്നും സമരസമിതി കൺവീനർ ടി. മുഹമ്മദാലി ‘മാധ്യമ’ത്തോട് പറഞ്ഞു.
ബുധനാഴ്ച മുതൽ ഇൻറൻറ് ബഹിഷ്കരിച്ച് താലൂക്ക് സപ്ലൈ ഓഫിസിന് മുന്നിൽ പ്രതിഷേധധർണ നടത്തും. തുടർന്ന് ആറിന് ജില്ല താലൂക്ക് കേന്ദ്രങ്ങളിൽ കുടുംബസമേതം ധർണ നടത്തും. സമരത്തിെൻറ ഭാഗമായി നാലിന് മുമ്പ് റേഷൻ സാധനങ്ങൾ കാർഡുടമകൾ കൈപ്പറ്റണം. പൊലീസിനെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് കടതുറപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.