റേഷൻ വ്യാപാരികൾ പണിമുടക്കിൽ നിന്നും പിൻമാറണമെന്ന് ജി.ആർ. അനിൽ
text_fieldsതിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈമാസം എട്ട്, ഒമ്പത് തീയതികളിൽ സംസ്ഥാന വ്യാപകമായി റേഷൻകടകൾ അടച്ചിട്ട് നടത്തുമെന്ന് അറിയിച്ചിട്ടുള്ള സമരത്തിൽ നിന്ന് പിൻമാറണമെന്ന് മന്ത്രി ജി.ആർ അനിൽ ആവശ്യപ്പെട്ടു. സമരത്തിന് ആധാരമായി റേഷൻ വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങളിൽ ജൂലൈ നാലിന് റേഷൻ വ്യാപാരി കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളുമായി ഭക്ഷ്യ- ധന വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നു.
വേതന പാക്കേജ് പരിഷ്കരിക്കുക, കെ.ടി.പി.ഡി.എസ് ഓർഡറിൽ കാലോചിതമായ മാറ്റം വരുത്തുക എന്നീ ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിച്ച് വരികയാണ്. ഇതിനായി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നൽകി. റിപ്പോർട്ട് പരിശോധിച്ച് പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങളിൽ അടിയന്തിര നടപടി ഉണ്ടാകുമെന്ന് ഭക്ഷ്യ മന്ത്രി യോഗത്തിൽ അറിയിച്ചിരുന്നു.
റേഷൻ വ്യാപാരി ക്ഷേമനിധി ശക്തിപ്പെടുത്തണമെന്ന കമ്മിറ്റിയുടെ ആവശ്യത്തോട് പൂർസ്റ്റമായും യോജിക്കുന്നതായും ക്ഷേമനിധി ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രിമാർ യോഗത്തെ അറിയിച്ചു. കോവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റിന്റെ കമീഷൻ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറക്ക് പൂർണമായും കൊടുത്തു തീർക്കുമെന്നും മന്ത്രിമാർ അറിയിച്ചു.
ഈ സാഹചര്യത്തിലാണ് ജനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ വാങ്ങാനുള്ള അവസരം നിഷേധിക്കുന്ന കട അടച്ചിട്ടുള്ള സമര പരിപാടികളിൽ നിന്നും റേഷൻ വ്യാപാരികൾ പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.