കോടതി ജാമ്യം നൽകിയ റഊഫ് ഷെരീഫിനെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു
text_fieldsകൊച്ചി: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചുമത്തിയ കേസിൽ ജാമ്യം ലഭിച്ച് ഒരുദിവസത്തിനകം കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റഊഫ് ഷെരീഫിനെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു. യു.പിയിലെ മഥുര സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കുന്നതിനാണ് എസ്.ടി.എഫ് കാക്കനാട് ജില്ലാ ജയിലിലെത്തി കസ്റ്റഡിയിലെടുത്തത്. ട്രെയിൻ മാർഗം മഥുരയിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച ജാമ്യം ലഭിച്ചിരുന്നെങ്കിലും യു.പി പൊലീസിന്‍റെ പ്രൊഡക്ഷന്‍ വാറണ്ട് ഉള്ളതിനാല്‍ ജയിലിൽനിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഹാഥറസിലേക്കുള്ള വഴിമധ്യേ യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകനും കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ക്ക് സാമ്പത്തിക സഹായം ചെയ്‌തെന്ന് ആരോപിച്ച് റഊഫ് ശരീഫിനെതിരേയും കേസ് ചുമത്തിയിരുന്നു. യു.പി പൊലീസ് പുറപ്പെടുവിച്ച പ്രൊഡക്ഷന്‍ വാറന്‍റിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. ഹാഥറസിലെത്താൻ സിദ്ദീഖ് കാപ്പെൻറയും മറ്റ് മൂന്നുപേരുടെയും യാത്രക്ക് 5000 രൂപ ധനസഹായം നൽകിയത് റഊഫാണെന്നാണ് യു.പി പൊലീസ് ആരോപണം.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത റഊഫിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള) പ്രത്യേക കോടതിയാണ് വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്. അക്കൗണ്ടിലെത്തിയ പണം കുറ്റകൃത്യത്തിെൻറ ഭാഗമാണെന്നായിരുന്നു ഇ.ഡി ആരോപണം. എന്നാൽ, കുറ്റകൃത്യത്തിെൻറ ഭാഗമായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, കേസ് ലഖ്നോയിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ അപേക്ഷയും തള്ളിയിരുന്നു. തുടർന്നാണ് യു.പി പൊലീസ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.