റഊഫ് ഷെരീഫിെൻറ അറസ്റ്റ്: മലപ്പുറത്ത് കാംപസ് ഫ്രണ്ട് മാർച്ചിന് നേരെ പൊലീസ് ലാത്തിവീശി, നിരവധി പേർക്ക് പരിക്ക്
text_fieldsമലപ്പുറം: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്യായമായി അറസ്റ്റ് ചെയ്ത ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് കാംപസ് ഫ്രണ്ട് മാർച്ച് നടത്തി. ഇ.ഡിയെ ഉപയോഗിച്ച് നേതാക്കൾക്കെതിരെ കേന്ദ്രസർക്കാർ പകപോക്കുകയാണെന്ന് സമരക്കാർ കുറ്റപ്പെടുത്തി.
തിരുവനന്തപുരം എ.ജി.എസ് ഓഫിസ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. മലപ്പുറം ജി.എസ്.ടി ഓഫിസിലേക്ക് നടന്ന മാർച്ചിൽ പൊലീസ് ലാത്തിവീശി. മലപ്പുറം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു. മുദ്രാവാക്യ വിളിയുമായെത്തിയ വിദ്യാർഥികൾ ബാരിക്കേഡിന് മേൽ ഇരുന്നതാണ് പൊലീസ് ലാത്തിവീശാൻ കാരണം.
യാതൊരു പ്രകോപനവുമില്ലാതെ വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തിവീശുകയായിരുന്നു. പരിക്കേറ്റ് വീണ മുൻനിരയിലെ പ്രവർത്തകരെ വിട്ടോടാൻ തയാറാവാതെ നിന്നവരെ വീണ്ടും പൊലീസ് തല്ലി. വിദ്യാർഥി സമര ചരിത്രത്തിൽ പിന്തിരിഞ്ഞോടുന്നതിന് വ്യത്യസ്തമായിരുന്നു സമരരീതി. പൊലീസ് അതിക്രമത്തിൽ പരിക്കേറ്റവരെ ഇട്ടേച്ച് ഓടിപ്പോവാൻ വിസമ്മതിച്ച സമരക്കാർ കൂടെയുള്ളവരെ സംരക്ഷണവലയം തീർക്കുന്നതാണ് കണ്ടത്. 20 വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 40ഓളം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കണ്ണൂരിൽ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. കോഴിക്കോട് ഇൻകം ടാക്സ് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ നൂറിലധികം വിദ്യാർഥികൾ അണിനിരന്നു. ആലപ്പുഴ, കോട്ടയം, കൊല്ലം എന്നിവിടങ്ങളിലും പോസ്റ്റ് ഒാഫിസിലേക്ക് മാർച്ച് നടത്തി. തൃശൂർ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സമിതിയംഗം ഫർസാന ജലീൽ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.എസ്. ഹബീബ്, ഷെഫീർ എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ ആഴ്ചയാണ് റഊഫ് ഷെരീഫിനെ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം ഉയർന്നിരുന്നു. പൗരത്വഭേദഗതി നിയമത്തിനും ഹാഥറസ് ബലാത്സംഗക്കൊലക്കും എതിരെ നടന്ന പ്രക്ഷോഭങ്ങളിൽ റഊഫ് സജീവ പങ്കാളിയായിരുന്നു. ഡൽഹി പൊലീസ് പൗരത്വ പ്രക്ഷോഭകരെ വേട്ടയാടുന്നത് തുടരുന്നതിനിടയിലാണ് പണ ഇടപാട് ആരോപിച്ച് ഇദ്ദേഹത്തെ പിടികൂടിയത്.
മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനൊപ്പം യു.പിയിലെ ഹാഥറസ് സന്ദർശിക്കാൻ പുറപ്പെട്ട സംഘത്തിലുണ്ടായിരുന്ന കാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറർ അതീഖ് റഹ്മാന് റഊഫ് ഷരീഫ് പണം നൽകിയെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള പ്രത്യേക കോടതി) കഴിഞ്ഞദിവസം റിമാൻഡ് ചെയ്തിരുന്നു. പ്രാഥമിക ചോദ്യംചെയ്യലിനും തെളിവെടുപ്പിനും ശേഷം ഹാജരാക്കിയപ്പോഴാണ് 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.