രവീന്ദ്രൻ പട്ടയം റദ്ദാക്കാൻ നടപടി തുടങ്ങി; തെളിവെടുപ്പ് നാളെ മുതൽ
text_fieldsതൊടുപുഴ: 23 വർഷം മുമ്പ് ദേവികുളം താലൂക്കിലെ ഒമ്പത് വില്ലേജിൽ വിതരണം ചെയ്ത വിവാദ രവീന്ദ്രൻ പട്ടയങ്ങൾ റവന്യൂ വകുപ്പിന്റെ ഉത്തരവുപ്രകാരം റദ്ദാക്കാൻ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ആദ്യഘട്ട തെളിവെടുപ്പ് ശനിയാഴ്ച ആരംഭിക്കും. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി അർഹരായവർക്ക് പുതിയ പട്ടയം നൽകാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ആദ്യസംഘം ചുമതലയേറ്റു.
1999ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ ദേവികുളം അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ച ഡെപ്യൂട്ടി തഹസിൽദാർ തൊടുപുഴ പെരിങ്ങാശ്ശേരി സ്വദേശി എം.ഐ. രവീന്ദ്രൻ താലൂക്കിലെ ഒമ്പത് വില്ലേജിലെ 4251 ഹെക്ടർ സ്ഥലത്തിന് നൽകിയ 530 പട്ടയമാണ് അനധികൃതമെന്ന് കണ്ടെത്തി റദ്ദാക്കാൻ ഉത്തരവായത്.
ജനുവരി 18ന് പുറത്തിറങ്ങിയ ഉത്തരവുപ്രകാരം നടപടികൾ 45 ദിവസത്തിനകം പൂർത്തിയാക്കണം. ഇതിനുള്ള തിരക്കിട്ട പ്രവർത്തനങ്ങളിലാണ് ജില്ലയിലെ റവന്യുവിഭാഗം. ശനിയാഴ്ച ദേവികുളം ആർ.ഡി.ഒ കോൺഫറൻസ് ഹാളിൽ നടക്കുന്ന തെളിവെടുപ്പിൽ മറയൂർ, കീഴാന്തൂർ, കാന്തല്ലൂർ വില്ലേജുകളിൽ രവീന്ദ്രൻ പട്ടയം ലഭിച്ചവരും നിലവിൽ ഈ ഭൂമി കൈവശം വെച്ചവരും പങ്കെടുക്കും.
കുഞ്ചിത്തണ്ണി വില്ലേജിലേത് മാർച്ച് 14ന് നടക്കും. മറ്റ് വില്ലേജുകളിലെ പരിശോധന നടപടി പൂർത്തിയാകുന്ന മുറക്ക് തെളിവെടുപ്പ് തീയതി തീരുമാനിക്കുമെന്ന് ദേവികുളം തഹസിൽദാർ അറിയിച്ചു.
ഒമ്പത് വില്ലേജിലെയും രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയശേഷമേ പുതിയ പട്ടയം അനുവദിക്കുന്ന നടപടി ആരംഭിക്കൂ. അതേസമയം, പട്ടയങ്ങളിൽ ഒപ്പിട്ട ഉദ്യോഗസ്ഥൻ എന്ന നിലയിൽ തന്റെ ഭാഗം കൂടി കേട്ട ശേഷമേ റദ്ദാക്കൽ നടപടി ആരംഭിക്കാവൂ എന്ന് ആവശ്യപ്പെട്ട് എം.ഐ. രവീന്ദ്രൻ ഇടുക്കി കലക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.
അപേക്ഷ സ്വീകരിച്ചതായോ നിരസിച്ചതായോ മറുപടി ലഭിച്ചിട്ടില്ലെന്നും വിശദീകരണം ചോദിച്ചാൽ എഴുതി നൽകുമെന്നും രവീന്ദ്രൻ പറഞ്ഞു. സി.പി.എം-സി.പി.ഐ തർക്കമാണ് ഇപ്പോഴത്തെ വിഷയം. രവീന്ദ്രൻ പട്ടയങ്ങൾ ക്രമവത്കരിച്ച് നൽകാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനിച്ചിരുന്നു.
തീരുമാനം അട്ടിമറിച്ചത് കൈയേറ്റക്കാരെ സഹായിക്കാനെന്നും തന്റെ നെഞ്ചിൽ ചവിട്ടി അത് വേണ്ടെന്നും രവീന്ദ്രൻ പറഞ്ഞു. അഡീഷനൽ തഹസിൽദാറുടെ ചുമതല തന്ന് പട്ടയം നൽകാൻ നിർദേശിച്ചത് അന്നത്തെ കലക്ടറാണ്.
കലക്ടറുടെ ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്തത്. കലക്ടർക്ക് കത്ത് നൽകാൻ എത്തിയപ്പോൾ ഉത്തരവാദപ്പെട്ട ചില റവന്യൂ ഉദ്യോഗസ്ഥർ മുതിർന്ന പൗരൻ എന്ന പരിഗണനപോലും നൽകിയില്ലെന്നും രവീന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.