രവീന്ദ്രൻ പട്ടയം: 410 എണ്ണം റദ്ദാക്കി: പുതിയത് ഏപ്രിൽ അവസാനം
text_fieldsതൊടുപുഴ: ദേവികുളം താലൂക്കിൽ വിതരണം ചെയ്ത 541 വിവാദ രവീന്ദ്രൻ പട്ടയങ്ങളിൽ 410 എണ്ണം റദ്ദാക്കി. പുതിയ അപേക്ഷകർക്ക് ഏപ്രിൽ അവസാനവാരം പട്ടയം വിതരണം ചെയ്യാനാണ് നിലവിലെ തീരുമാനം.രണ്ട് മാസത്തിനകം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട നടപടികളാണ് ഒരുവർഷം കഴിഞ്ഞിട്ടും തുടരുന്നത്. 1999ൽ ദേവികുളം അഡീഷനൽ തഹസിൽദാറായിരുന്ന എം.ഐ. രവീന്ദ്രൻ തന്റെ അധികാരപരിധി മറികടന്ന് വിതരണം ചെയ്ത 541 പട്ടയം റദ്ദാക്കി അർഹർക്ക് പുതിയവ വിതരണം ചെയ്യാൻ കഴിഞ്ഞ വർഷം ജനുവരി 18നാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്.
രവീന്ദ്രൻ നൽകിയ നിയമവിരുദ്ധ പട്ടയങ്ങൾ കണ്ടെത്തി റദ്ദാക്കി രണ്ട് മാസത്തിനകം പുതിയവ വിതരണം ചെയ്യണമെന്നായിരുന്നു നിർദേശം.ഇതിനായി വിശദ കർമപദ്ധതി തയാറാക്കുകയും 40ലധികം ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക റവന്യൂ സംഘത്തെ നിയോഗിക്കുകയും ചെയ്തു.
1964ലെ ഭൂപതിവ് ചട്ടപ്രകാരം ഭൂമി പതിച്ച് നൽകാനുള്ള അധികാരം തഹസിൽദാർ അല്ലെങ്കിൽ സ്പെഷൽ തഹസിൽദാർ അല്ലെങ്കിൽ ഇതിനായി പ്രത്യേകം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനാണ്. അഡീഷനൽ തഹസിൽദാറായിരുന്ന രവീന്ദ്രനെ പട്ടയം നൽകാൻ ചുമതലപ്പെടുത്തിയിട്ടില്ലാത്തതിനാൽ അദ്ദേഹം നൽകിയ പട്ടയങ്ങൾക്കൊന്നും സാധുതയില്ലെന്ന് കണ്ടെത്തിയാണ് റവന്യൂ വകുപ്പ് നടപടികൾ ആരംഭിച്ചത്.
സർക്കാർ അനുവദിച്ചത് രണ്ടുമാസം ആണെങ്കിലും ഭൂപതിവ് ചട്ടങ്ങൾ പാലിച്ച് അർഹരായവർക്ക് പട്ടയം വിതരണം ചെയ്യാൻ അധികസമയം അനുവദിക്കണമെന്ന് ഇടുക്കി കലക്ടർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം മേയ് 28ന് മൂന്ന് മാസം കൂടി അനുവദിച്ചു. എന്നിട്ടും നടപടികൾ പൂർത്തിയാകാത്തതിനാൽ കഴിഞ്ഞ നവംബർ 17ന് മൂന്ന് മാസം കൂടി അധികം നൽകി. ഈ സമയപരിധിയും കഴിഞ്ഞെങ്കിലും പുതിയ അപേക്ഷകർക്ക് ഇനിയും പട്ടയം വിതരണം ചെയ്ത് തുടങ്ങിയിട്ടില്ല.
236 പുതിയ അപേക്ഷ
പുതിയ പട്ടയം ലഭിക്കാൻ ഇതുവരെ 236 അപേക്ഷയാണ് ബന്ധപ്പെട്ട ഓഫിസുകളിൽ ലഭിച്ചിട്ടുള്ളത്. ഇവയിൽ 195 എണ്ണത്തിൽ സർവേ നടപടികൾ പൂർത്തിയായി.ആദ്യഘട്ടത്തിൽ സർവേ കഴിഞ്ഞ വസ്തുക്കളുടെ സർവേ നമ്പർ ഉൾപ്പെട്ട പട്ടിക ഭൂപതിവ് കമ്മിറ്റിയുടെയും തുടർന്ന് കലക്ടറുടെയും അംഗീകാരത്തോടെ ദേവികുളം തഹസിൽദാർക്ക് കൈമാറിയിട്ടുണ്ട്.
ഓരോ കേസിലും ഭൂമി പതിച്ചുകിട്ടിയവർക്കും കൈമാറി കിട്ടിയവർക്കും ഉൾപ്പെടെ നോട്ടീസ് നൽകി വിചാരണ നടത്തി റദ്ദാക്കാനും പുതിയ അപേക്ഷകളിൽ ചട്ടങ്ങൾ പാലിച്ച് നടപടികൾ പൂർത്തിയാക്കാനും വേണ്ടിവരുന്ന സ്വഭാവിക കാലതാമസം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ വിശദീകരണം.
അപേക്ഷകർ 46,293; കിട്ടിയത് 3671 പേർക്ക്
ജില്ലയിൽ പട്ടയത്തിനായി അപേക്ഷ നൽകി കാത്തിരിക്കുന്നത് 46,293 പേർ. എന്നാൽ, നിലവിലെ സർക്കാറിന്റെ കാലയളവിൽ ജില്ലയിൽ പട്ടയം ലഭിച്ചതാകട്ടെ 3,671 പേർക്ക് മാത്രവും. സംസ്ഥാനത്ത് പട്ടയം ലഭിക്കാനുള്ളവരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്താണ് ഇടുക്കി ജില്ല.
വിവിധ പേരുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഭൂമി പതിച്ചുകൊടുക്കുന്നതിലെ നിയമതടസ്സങ്ങളും ചില വിഷയങ്ങളിൽ ചട്ട ഭേദഗതി ആവശ്യമുള്ളതുമാണ് പട്ടയ വിതരണം വൈകാൻ കാരണമെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്. മലയോര മേഖലകളിൽ താമസിക്കുന്നവർ, പട്ടിവർഗ വിഭാഗക്കാർ, കോളനിവാസികൾ എന്നിവർക്ക് അടിയന്തര പ്രാധാന്യത്തോടെ പട്ടയം നൽകാൻ പട്ടയ മിഷൻ രൂപവത്കരിച്ചിട്ടുണ്ടെങ്കിലും നടപടികൾ ഇഴയുകയാണ്. സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 40,000 പട്ടയമെങ്കിലും വിതരണം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ പറയുന്നു.
മേയ് 31നകം പൂർത്തിയാക്കും
ഇതിനകം അപേക്ഷ നൽകിയവർക്ക് ഏപ്രിൽ അവസാനവാരം പുതിയ പട്ടയങ്ങൾ വിതരണം ചെയ്ത് തുടങ്ങുമെന്ന് ഭൂപതിവ് ഡെപ്യൂട്ടി കലക്ടർ മനോജ് പറഞ്ഞു. മേയ് 31നകം നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. നിലവിൽ ചുരുക്കം അപേക്ഷകൾ മാത്രമാണ് പുതിയ പട്ടയത്തിനായി ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.