25 വർഷം നിഴൽപോലെ രവീന്ദ്രൻ പിള്ളയെ കണ്ടത് കുടുംബാംഗത്തെപ്പോലെ
text_fieldsകൊട്ടിയം: കാൽനൂറ്റാണ്ടിലധികമുള്ള സേവനത്തിനിടയിൽ തന്നെ ഒരിക്കലും ഒരു ഗൺമാനായിട്ടായിരുന്നില്ല ഉമ്മൻ ചാണ്ടി കണ്ടിരുന്നതെന്ന് 1991 മുതൽ 2017 വരെ ഉമ്മൻ ചാണ്ടിയൊടൊപ്പം ഗൺമാനായിരുന്ന കൊല്ലം തട്ടാർകോണം ഗിരിദീപത്തിൽ റിട്ട. എസ്.ഐ രവീന്ദ്രൻ പിള്ള. 25 വർഷത്തിലധികം അദ്ദേഹത്തിന്റെ നിഴൽപോലെ കൂടെയുണ്ടായിരുന്ന തന്നെ സ്വന്തം കുടുംബാംഗത്തെപ്പോലെയാണ് കണ്ടിരുന്നത്.
ഒരിക്കൽ കാറിന് മുകളിൽ പടക്കം വീണ് പൊട്ടിയ സംഭവം മറക്കാനാകാത്തതാണ്. 2009 ൽ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ ഒരു ദീപാവലിയുടെ തലേദിവസം കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് സ്റ്റേറ്റ് കാറിൽ വരുന്ന വഴി പൊടിയാടിയിൽ ഒരു സംഘം പടക്കം പൊട്ടിക്കുന്നുണ്ടായിരുന്നു. ഒരാൾ മുകളിലേക്ക് എറിഞ്ഞ ഗുണ്ട് ഉമ്മൻ ചാണ്ടിയുടെ കാറിന് മുകളിൽ വീഴുകയും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും കാറിന്റെ ഗ്ലാസ് തകർന്ന് അദ്ദേഹത്തിന്റെ ശരീരമാകെ വീഴുകയും ചെയ്തു.
പടക്കം പൊട്ടിച്ചു കൊണ്ടിരുന്നവർ സ്ഥലം വിട്ടെങ്കിലും അദ്ദേഹം കാറിൽനിന്ന് പുറത്തിറങ്ങി സ്ഥലത്തെത്തിയവരോട് തനിക്ക് പരാതിയില്ലെന്ന് പറഞ്ഞിട്ട് പോയി. എന്നാൽ, പടക്കം പൊട്ടിച്ചവരെ രാത്രിയിൽതന്നെ പൊലീസ് പിടികൂടി. ഈ വിവരമറിഞ്ഞ ഉമ്മൻ ചാണ്ടി പൊലീസ് സൂപ്രണ്ടിനെ വിളിച്ച് ഇതു സംബന്ധിച്ച് യാതൊരു നടപടികളും സ്വീകരിക്കരുതെന്ന് നിർദേശിച്ചു.
ആശുപത്രി കേസുകളുമായി ബന്ധപ്പെട്ട് നേരം പുലരും മുമ്പുതന്നെ നിരവധി പേരാണ് അദ്ദേഹത്തിനെ കാണാനെത്തിയിരുന്നത്. അവർക്കെല്ലാം ആവശ്യമായതെന്തും ചെയ്തുകൊടുക്കുമായിരുന്നു. സമരസ്ഥലം സന്ദർശിക്കാൻ പോകവെ ഒരിക്കൽ കുഴിയിൽ വീഴാൻ പോയ അദ്ദേഹത്തെ പൊക്കി കയറ്റിയതും മറക്കാൻ കഴിയുന്നില്ല.
എവിടെ ചെന്നാലും നിവേദനവുമായി ധാരാളം പേർ എത്തുമായിരുന്നു. എല്ലാവരുടെയും കൈയിൽനിന്ന് പരാതികളും നിവേദനങ്ങളും വാങ്ങി വായിച്ചുനോക്കി നടപടികൾക്കായി അയക്കും. കൊടി കാണിച്ചാൽപോലും ആളുകളെ ഉപദ്രവിക്കുന്ന ഇക്കാലത്ത് തന്നെ ഉപദ്രവിക്കാൻ വന്നാൽപോലും ക്ഷമിക്കുക പതിവായിരുന്നു. ബംഗളൂരുവിൽ ചികിത്സക്ക് പോകുന്നതിന് മുമ്പ് അദ്ദേഹത്തെ പോയികണ്ടിരുന്നതായും ആർക്കും എപ്പോഴും കാണാവുന്ന മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹമെന്നും രവീന്ദ്രൻ പിള്ള പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.