ഗുരുവായൂര്‍ ആനയോട്ടം: രവികൃഷ്ണൻ ജേതാവ്
text_fieldsഗുരുവായൂര്‍: ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് നടന്ന ആനയോട്ടത്തില്‍ രവികൃഷ്ണൻ ജേതാവായി. ദേവദാസ് രണ്ടും വിഷ്ണു മൂന്നും സ്ഥാനത്തെത്തി. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ മൂന്ന് ആനകളെ മാത്രമാണ് ആനയോട്ടത്തിൽ പങ്കെടുപ്പിച്ചത്. ആദ്യമായാണ് രവികൃഷ്ണൻ ജേതാവാകുന്നത്.
ക്ഷേത്രത്തിലെ നാഴിക മണി മൂന്നടിച്ചതോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. പാരമ്പര്യ അവകാശികള്‍ പാപ്പാന്മാര്ക്ക് കുടമണികള്‍ നല്കി. പാപ്പാന്മാര് കിഴക്കേനടയിലൂടെ ഓടി മഞ്ജുളാലിന് സമീപം നിര്‍ത്തിയ ആനകളെ മണികളണിയിച്ചു. ശശി മാരാര്‍ ശംഖനാദം മുഴക്കിയതോടെ ഓട്ടം തുടങ്ങി. തുടക്കം മുതൽതന്നെ രവികൃഷ്ണനാണ് മുന്നിൽ ഓടിയത്. ക്ഷേത്രത്തില്‍ കടന്ന് ആചാരപ്രകാരം മൂന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കി.
ജേതാവായ ആനക്ക് 10 ദിവസം നീളുന്ന ഉത്സവ ചടങ്ങുകളില്‍ പ്രത്യേക പരിഗണന ലഭിക്കും. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, ദേവസ്വം ഭരണ സമിതി അംഗങ്ങളായ കെ.വി. മോഹനകൃഷ്ണൻ, മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയൻ എന്നിവര്‍ സന്നിഹിതരായിരുന്നു. എ.സി.പി കെ.ജി. സുരേഷ്, സി.ഐ സി. പ്രേമാനന്ദകൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷസന്നാഹം ഒരുക്കി.
രവികൃഷ്ണനെ 2003 ജൂൺ 25ന് പാലക്കാട് തൃത്താല സ്വദേശി ശിവശങ്കരനാണ് നടയിരുത്തിയത്. 44 വയസ്സുണ്ട്. ടി. ശ്രീകുമാറാണ് പ്രധാന പാപ്പാൻ. സി.പി. വിനോദ് കുമാർ, സി.വി. സുധീർ എന്നിവർ സഹപാപ്പാന്മാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.