നടൻ രവി വള്ളത്തോൾ അന്തരിച്ചു
text_fieldsതിരുവനന്തപുരം: ചലചിത്ര സീരിയൽ നടൻ രവി വള്ളത്തോൾ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത ്രിയിലായിരുന്നു അന്ത്യം.
വർഷങ്ങളായി സിനിമ മേഖലയിൽ സജീമായ ഇദ്ദേഹം ചെറുതും വലുതമായ നിരവധി റോളുകളിൽ പ് രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. 46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ച രവി വള്ളത്തോൾ. കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായിരുന്നു.
ഓൾ ഇന്ത്യ റേഡിയോ നാടക കലാകാരനും എഴുത്തുകാരനുമായിരുന്ന ടി.എൻ ഗോപിനാഥൻ നായരുടേയും മലബാറിലെ വള്ളത്തോൾ കുടുംബാംഗമായ സൗദാമിനിയുടെയും മൂന്ന് മക്കളിൽ ഇളയവനായി 1952 നവംമ്പർ 25ന് മലപ്പുറത്തായിരുന്നു ജനനം. മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ അനന്തരവനും ജസ്റ്റിസ് പി.കെ നാരായണ പിള്ളയുടെയും കുറ്റിപ്പുറത്ത് കേശവൻ നായരുടെയും ചെറുമകനുമാണ്. ശിശുവിഹാർ മോഡൽ ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. മാർ ഇവാനിയോസ് കോളേജിൽ നിന്നും ബിരുദമെടുത്ത രവി വള്ളത്തോൾ, കാര്യവട്ടം കേരള യൂനിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി. 1976ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി ‘താഴ്വരയിൽ മഞ്ഞുപെയ്തു’ എന്ന ഗാനം എഴുതി രവി വള്ളത്തോൾ സിനിമയിലെത്തി. 1986-ൽ പുറത്തിറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന ചിത്രത്തിന്‍റെ കഥ രവി വള്ളത്തോളിേന്റതായിരുന്നു.
1986-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത ‘വൈതരണി’ എന്ന സീരിയലിലൂടെയാണ് രവിവള്ളത്തോൾ അഭിനേതാവാകുന്നത്. അച്ഛൻ ടി.എൻ ഗോപിനാഥൻ നായരുടെയായിരുന്നു സീരിയലിന്‍റെ തിരക്കഥ. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987-ൽ റിലീസ് ചെയ്ത് സ്വാതിതിരുനാൾ ആണ് രവി വള്ളത്തോളിന്‍റെ ആദ്യ സിനിമ. തുടർന്ന് മതിലുകൾ,കോട്ടയം കുഞ്ഞച്ചൻ, ഗോഡ്ഫാദർ, വിഷ്ണുലോകം, സർഗം, കമ്മീഷണർ തുടങ്ങിയ സിനിമകളിൽ മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം അഭിനയിച്ചു.
എഴുത്തുകാരൻ കൂടിയായ രവിവള്ളത്തോൾ 25-ഓളം ചെറുകഥകളും എഴുതിയിട്ടുണ്ട്. 2003ലെ മികച്ച സീരിയൽ നടനുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരം ലഭിച്ചു.
ഗീതാലക്ഷ്മിയാണ് ഭാര്യ. സഹോദരങ്ങൾ: വി. നന്ദകുമാർ, മീനാക്ഷി. രവി വള്ളത്തോളും ഭാര്യയും ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് തണൽ എന്ന ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.