സ്വാതന്ത്ര്യസമര പോരാട്ടത്തിന്‍റെ ഓർമയിൽ രവീന്ദ്രന്‍ വൈദ്യര്‍
text_fieldsകാഞ്ഞിരപ്പള്ളി: നാടിന്‍റെ മോചനത്തിനായുള്ള പോരാട്ടത്തിന്‍റെ കഥകള്‍ യുവതലമുറ മറക്കുന്നതായി സ്വാതന്ത്ര്യസമര സേനാനി എം.കെ. രവീന്ദ്രന്‍ വൈദ്യര്‍. നീതിബോധവും പരസ്പരധാരണയും നേതൃത്വഗുണവും സത്യസന്ധതയും അര്‍പ്പണബോധമുള്ള യുവ തലമുറ ഉയര്‍ന്നുവന്നാലേ വര്‍ഗീതയും മയക്കുമരുന്ന് ഉപയോഗവും തടയാന്‍ കഴിയൂ. ജില്ലയിലെ ജീവിച്ചിരിക്കുന്ന ഏക സ്വാതന്ത്ര്യസമര സേനാനി കോരുത്തോട് മങ്കുഴിയില്‍ എം.കെ. രവീന്ദ്രന്‍ വൈദ്യര്‍ക്ക് വയസ്സ് 96 ആയെങ്കിലും പൂർണ ആരോഗ്യവാനാണ്.
പൂഞ്ഞാര്‍ മാര്‍ക്കറ്റിന് സമീപം മങ്കുഴിയില്‍ തറവാട്ടില്‍ ജനിച്ചുവളര്‍ന്ന രവീന്ദ്രന്‍ വൈദ്യര്‍ 22ാമത്തെ വയസ്സിലാണ് സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയാകുന്നത്. കുഞ്ഞന്‍-കല്ല്യാണിയമ്മ ദമ്പതികളുടെ ആറു മക്കളില്‍ മൂത്തയാളാണ് രവീന്ദ്രന്‍ വൈദ്യര്‍.ഭക്ഷ്യക്ഷാമം പൂര്‍ണമായിരിക്കെ സി.പി. രാമസ്വാമി അയ്യരുടെ പൊലീസ് ഉത്തരവാദ പ്രക്ഷോഭത്തിനിടെ കര്‍ഷകസംഘത്തിന്‍റെ നേതൃത്വത്തില്‍ നടന്ന സമരം അടിച്ചമര്‍ത്താനൊരുങ്ങി. പൂഞ്ഞാറിലെ മോഹന തിയറ്ററിലെ യോഗത്തിനുശേഷം നടന്ന ജാഥ പൊലീസ് തടഞ്ഞു.
ഇതില്‍ പങ്കെടുത്ത 250 പേരെ അറസ്റ്റ് ചെയ്ത് ഈരാറ്റുപേട്ട, പാലാ, കൂത്താട്ടുകുളം, തൊടുപുഴ, മൂവാറ്റുപുഴ, ചങ്ങനാശ്ശേരി, കോട്ടയം, വെമ്പായം എന്നിവിടങ്ങളില്‍ പാര്‍പ്പിക്കുകയും മാത്രമല്ല, ഇവരെ ബന്ധുക്കളെ കാണാന്‍പോലും അധികാരികൾ അനുവദിച്ചില്ല. 11 മാസം ജയില്‍വാസം അനുഭവിക്കേണ്ടിവന്നു.സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടിയ എം.കെ. രവീന്ദ്രന്‍ വൈദ്യര്‍ 1954ല്‍ കോരുത്തോട്ടിലെത്തി. പൊതുപ്രവര്‍ത്തകനും സി.പി.ഐ നേതാവുമായിരുന്ന കെ.ആര്‍. ഭാസിയുടെ സഹായത്തോടെയാണ് നാട്ടിലെത്തിയത്. കുടുംബപരമായി ലഭിച്ച ആയുർവേദ ചികിത്സ നടത്തിയാണ് കുടുംബജീവിതം നയിച്ചത്.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് കേന്ദ്രസര്‍ക്കാര്‍ താമ്രപത്രം നല്‍കി അദ്ദേഹത്തെ ആദരിച്ചു. അന്നത്തെ സംസ്ഥാനമന്ത്രി എം.എന്‍. ഗോവിന്ദന്‍ നായര്‍ ഇത് കോട്ടയത്തുവെച്ച് നല്‍കിയാണ് ആദരിച്ചത്. 2003ല്‍ അന്നത്തെ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം ഡല്‍ഹിയില്‍വെച്ച് 10 സ്വാതന്ത്ര്യസമര സേനാനികളെ ആദരിച്ചു. ഇതിലൊരാൾ രവീന്ദ്രന്‍ വൈദ്യരായിരുന്നു. 2021ല്‍ അദ്ദേഹത്തെ ആദരിക്കുവാന്‍ ഡല്‍ഹിയിലേക്ക് ക്ഷണിച്ചെങ്കിലും ആരോഗ്യപരമായ കാരണത്താല്‍ എത്താന്‍ കഴിഞ്ഞില്ല.
പിന്നീട് അദ്ദേഹത്തെ കലക്ടര്‍ ഡോ.പി.കെ. ജയശ്രീ കോരുത്തോട്ടിലെ വീട്ടിലെത്തി ആദരവ് നൽകുകയായിരുന്നു. സി.പി.എം നേതാക്കളായ ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും പൂഞ്ഞാറില്‍ ഒളിവുജീവിതം നയിക്കുമ്പോള്‍ പലതവണ ഇരുവരുടെയും ക്ലാസുകളില്‍ പങ്കെടുത്തിട്ടുള്ളതായി രവീന്ദ്രന്‍ വൈദ്യര്‍ പറയുന്നു.
സരോജിനിയമ്മയാണ് ഭാര്യ. എം.ആര്‍. ലൈലമ്മ, എം.ആര്‍. ഷാജി, എം.ആര്‍. വല്‍സമ്മ, പരേതനായ എം.ആര്‍. സെലിന്‍ എന്നിരാണ് മക്കള്‍. ഇപ്പോള്‍ ഇളയമകന്‍ ഷാജിയുടെ ഒപ്പമാണ് താമസിക്കുന്നത്. സ്വാതന്ത്ര്യസമര പെന്‍ഷന്‍, ആരോഗ്യമേഖലയിലെ ചികിത്സ സൗകര്യം, റെയില്‍വേയില്‍ സൗജന്യ യാത്രസൗകര്യം തുടങ്ങിയവ എം.കെ. രവീന്ദ്രന്‍ വൈദ്യര്‍ക്ക് ലഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.