പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: സര്‍ക്കാര്‍, എയ്ഡഡ് മേഖലകള്‍ക്ക് തുല്യ പരിഗണന –മന്ത്രി രവീന്ദ്രനാഥ്
text_fieldsതിരുവനന്തപുരം: ‘പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ’ത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ക്ക് തുല്യപരിഗണന നല്‍കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെട്ടിടം നിര്‍മിച്ചുനല്‍കുന്നത് ഒഴികെയുള്ള എല്ലാ മേഖലകളിലും തുല്യ പരിഗണനയുണ്ടാവും. കമ്പ്യൂട്ടര്‍,ശൗചാലയം, പാചകപ്പുര തുടങ്ങിയ സൗകര്യങ്ങളെല്ലാം എയ്ഡഡ് സ്കൂളുകള്‍ക്കും അനുവദിക്കും. ഇതിനായി എം.പി, എം.എല്‍.എ ഫണ്ടുകള്‍ ഉറപ്പാക്കും. എല്ലാ സ്കൂളുകളിലും ജൈവ വൈവിധ്യ പാര്‍ക്കുകള്‍ ഒരുക്കും. മാതൃഭാഷയെ ഒന്നാം ഭാഷയായി നിലനിര്‍ത്തുന്നതിനൊപ്പം ഇംഗ്ളീഷ്, ഹിന്ദി ഭാഷാ പഠനത്തിനും പ്രാധാന്യം നല്‍കും.
മറ്റ് ഭാഷാ പഠനത്തിനുള്ള പ്രശ്നങ്ങളും പരിഹരിക്കും. ഹൈകോടതി സ്റ്റേയെ തുടര്‍ന്ന് തടസ്സപ്പെട്ട 733 അധിക അധ്യാപകരുടെ പുനര്‍വിന്യാസം കോടതി ഉത്തരവ് ലഭിച്ചാലുടന്‍ പൂര്‍ത്തിയാക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കാന്‍ മുഴുവന്‍ അധ്യാപകരുടെയും സഹകരണം ആവശ്യമാണ്.
ഹയര്‍ സെക്കന്‍ഡറികളില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ജൂനിയര്‍ അധ്യാപകര്‍ക്ക് സീനിയര്‍ പ്രമോഷന്‍ നല്‍കും. പുതിയ ഹയര്‍ സെക്കന്‍ഡറികളിലേക്കും അധിക ബാച്ചുകളിലേക്കുമുള്ള തസ്തിക നിര്‍ണയം നടത്തും. നിലവില്‍ ഈ സ്കൂളുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ദിവസ വേതനം നല്‍കാനുള്ള തീരുമാനം ഇതിന്‍െറ ആദ്യഘട്ടമാണ്. അടുത്ത വര്‍ഷം മുതല്‍ സൗജന്യ കൈത്തറി യൂനിഫോമിനുള്ള തുണി ലഭ്യമാക്കും. വെബ്സൈറ്റ് വഴി ഇതിനുള്ള സൗകര്യം ഒരുക്കും. ഡയറക്ടറേറ്റില്‍ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ഡിസംബറില്‍ അദാലത് നടത്തും.
ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റത്തിനുള്ള മാര്‍ഗരേഖയുടെ കരട് തയാറാക്കി. എസ്.എസ്.എയിലേക്ക് പുനര്‍വിന്യസിക്കപ്പെട്ട അധ്യാപകര്‍ക്ക് സര്‍വിസ് ആനുകൂല്യങ്ങളും ശമ്പളം ലഭിക്കാത്തതും ഉള്‍പ്പെടെ പ്രശ്നങ്ങള്‍ പരിഹരിക്കും. പൊതുവിദ്യാഭ്യാസ മേഖലയില്‍ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ അധ്യാപക സംഘടനാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഒടുവില്‍ നടന്ന അധ്യാപക ക്ളസ്റ്റര്‍ പരിശീലനത്തിനുള്ള മൊഡ്യൂള്‍ തയാറാക്കുന്നതില്‍ പോലും ഒരു വിഭാഗം അധ്യാപകരെ മാറ്റിനിര്‍ത്തിയെന്നും ഇവര്‍ ആരോപിച്ചു. ഒരു വിഭാഗം അധ്യാപകര്‍ക്കെതിരെ ശത്രുതാപരമായ നടപടിയെടുക്കുന്നെന്നും കുറ്റപ്പെടുത്തി.
പൊതുവിദ്യാഭ്യാസ സ്പെഷല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ട്, ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, വി.എച്ച്.എസ്.ഇ ഡയറക്ടര്‍ കെ.പി. നൗഫല്‍, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ്, ഐ.ടി @ സ്കൂള്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത്, സീമാറ്റ് ഡയറക്ടര്‍ പി.എ. ഫാത്തിമ, എ.ഡി.പി.ഐ ജെസി ജോസഫ്, സംഘടനാ പ്രതിനിധികളായ കെ.സി. ഹരികൃഷ്ണന്‍, എം. സലാഹുദ്ദീന്‍, പി. ഹരിഗോവിന്ദന്‍, സി.പി. ചെറിയ മുഹമ്മദ്, എ.കെ. സൈനുദ്ദീന്‍, എന്‍. ശ്രീകുമാര്‍, ശരത്ചന്ദ്രന്‍, ടി. തിലകരാജ്, കെ.ടി. അബ്ദുല്ലത്തീഫ്, കെ. പ്രസന്നകുമാര്‍, ജോഷി ആന്‍റണി തുടങ്ങിയവര്‍ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.