എതിർ ശബ്ദങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ സി.പി.എം ശ്രമിക്കുന്നു -റസാഖ് പാലേരി
text_fieldsകണ്ണൂർ: സർക്കാറിന്റെയും എസ്.എഫ്.ഐയുടെയും അഴിമതികളും ക്രമക്കേടുകളും ചോദ്യം ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കെതിരെ ഇനിയും കേസെടുക്കുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമർശം സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് നേരെയും പൗരസമൂഹത്തിന് നേരെയുമുള്ള ജനാധിപത്യ വിരുദ്ധ ഭീഷണിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.
എസ്.എഫ്.ഐ നേതാവ് ആർഷോയുടെ പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട വിവാദം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമ പ്രവർത്തക അഖിലാ നന്ദകുമാറിനെതിരെ കേസെടുത്തത് കേരളത്തിൽ ഇനി സ്വതന്ത്ര മാധ്യമ പ്രവർത്തനം അനുവദിക്കില്ലെന്ന പിണറായി സർക്കാരിന്റെ മുന്നറിയിപ്പാണ്.
അതിന്റെ തുടർച്ചയായാണ് എം. വി. ഗോവിന്ദൻ ഭീഷണി മുഴക്കുന്നത്. എം.വി ഗോവിന്ദനെ ആഭ്യന്തര വകുപ്പ് ഏൽപ്പിച്ചിട്ടാണോ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത് എന്ന് തോന്നും വിധമാണ് ആ ഭീഷണി.
മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ ചോദ്യങ്ങൾ വിലക്കിക്കൊണ്ട് നേരത്തേ തന്നെ തുടക്കം കുറിച്ച പ്രവണത കൂടുതൽ ശക്തിയാർജിക്കുകയാണ്. ഭരണത്തിന്റെ തണലിൽ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതികളും സ്വജനപക്ഷപാതിത്വങ്ങളും മറച്ച് പിടിക്കാൻ എതിർ ശബ്ദങ്ങളെ നിശബ്ദമാക്കുക എന്ന വഴിയാണ് ഇടതുമുന്നണി സ്വീകരിക്കുന്നത്. സംഘ്പരിവാർ സ്വീകരിക്കുന്ന അതേ നയങ്ങളുടെ മിനിയേച്ചറാണ് പിണറായി സർക്കാരും നടപ്പാക്കുന്നത്.
സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമ പ്രവർത്തനം നടത്തുന്ന മുഴുവൻ മാധ്യമപ്രവർത്തകരോടും വെൽഫെയർ പാർട്ടി ഐക്യദാർഢ്യം അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
'ഒന്നിപ്പ്' കേരളപര്യടനത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ നടത്തിയ 'മീറ്റ് ദ പ്രസ്സ് ' പരിപാടിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്, സെക്രട്ടറി ജ്യോതിവാസ് പറവൂർ, ഷംസീർ ഇബ്രാഹിം, ജില്ലാ പ്രസിഡൻ്റ് സാദിഖ് ഉളിയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.