റസാഖ് പയമ്പ്രോട്ടിെൻറ ആത്മഹത്യ: ക്രൈംബ്രാഞ്ച് അന്വേഷിക്കും
text_fieldsകൊണ്ടോട്ടി: പൊതുപ്രവർത്തകനും മാപ്പിള കല അക്കാദമി മുൻ സെക്രട്ടറിയുമായിരുന്ന റസാഖ് പയമ്പ്രോട്ട് ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം. ക്രൈംബ്രാഞ്ച് മലപ്പുറം ഡിവൈ.എസ്.പി കെ.സി. ബാബുവിനാണ് ചുമതല. പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫിസ് വരാന്തയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റസാഖ് പയമ്പ്രോട്ടിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്തെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ പരാതികളും രേഖകളും സഹിതമാണ് റസാഖ് ജീവനൊടുക്കിയത്. മരണവും സമരമാണെന്ന് രേഖപ്പെടുത്തി ആത്മഹത്യ ചെയ്ത റസാഖിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഷീജ പൊലീസിൽ പരാതി നൽകിയിരുന്നു. റസാഖിന്റെ ആത്മഹത്യക്കുറിപ്പും മൃതദേഹത്തോടൊപ്പം ലഭിച്ച രേഖകളും പൊലീസ് കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു.
ജനവാസകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സംസ്കരണ കേന്ദ്രത്തിനെതിരെ റസാഖ് പയമ്പ്രോട്ടും കുടുംബവും നിരന്തരം പരാതിപ്പെട്ടിരുന്നെങ്കിലും ഗ്രാമപഞ്ചായത്തോ മറ്റു അധികാരകേന്ദ്രങ്ങളോ നടപടിയെടുത്തിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചുകൂടിയാണ് അദ്ദേഹം പഞ്ചായത്ത് ഓഫിസിൽ ജീവനൊടുക്കിയത്.
റസാഖിനെ വ്യക്തിഹത്യ ചെയ്ത് മരണത്തിലേക്ക് നയിച്ചവരെക്കുറിച്ചും ആത്മഹത്യ ചെയ്യാനിടയാക്കിയ സാഹചര്യവും സമഗ്രമായി അന്വേഷിക്കണമെന്ന് ഭാര്യ ഷീജ കഴിഞ്ഞ ദിവസം പൊലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ചവരുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
സി.പി.എം സഹയാത്രികനായ റസാഖ് പഞ്ചായത്ത് പ്രസിഡന്റിനെയും സി.പി.എം പ്രാദേശിക നേതാക്കളെയുമെല്ലാം ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണം വേഗത്തിൽ ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസുമായി ബന്ധപ്പട്ട രേഖകളും മറ്റും കൊണ്ടോട്ടി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.