Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുണ്ടക്കൈ-ചൂരൽമല...

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ കേന്ദ്ര നിലപാട് പ്രതിഷേധാർഹം -റസാഖ്‌ പാലേരി

text_fields
bookmark_border
razaq paleri
cancel

വയനാട്: ദുരന്തം സംഭവിച്ച് രണ്ടു മാസം പിന്നിട്ടിട്ടും സംസ്ഥാനത്തിന് അർഹമായ ധനസഹായം നൽകാത്ത കേന്ദ്ര സർക്കാർ നിലപാട് ദുരിതബാധിതരോട് കാണിക്കുന്ന ക്രൂരതയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. മേപ്പാടി - മുണ്ടക്കൈ - ചൂരൽമല മേഖലയിൽ ദുരിതബാധിതരെയും പ്രദേശവാസികളെയും സന്ദർശിച്ച് പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തിയതിന് ശേഷം കല്പറ്റ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെയും കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചത് 145.60 കോടി രൂപ മാത്രമാണ്. പുനരധിവാസം ഉൾപ്പെടെ 2000 കോടിക്ക് മുകളിൽ അനിവാര്യമായിരിക്കെയാണ് തുച്ഛമായ തുക അനുവദിച്ചു കൊണ്ട് കേന്ദ്രം വയനാടിലെ ജനങ്ങളോട് ക്രൂരത കാണിക്കുന്നത്. പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്ന് ക്രിയാത്മകവും ശാസ്ത്രീയവുമായ ഇടപെടൽ ഉണ്ടാകുന്നില്ല. കൃത്യമായ ഓഫീസ് സംവിധാനവും പുനരധിവാസവുമായി ബന്ധപ്പെട്ട് മാത്രം പ്രവർത്തിക്കുന്ന പ്രത്യേക ഉദ്യോഗസ്ഥ സംഘവും പ്രദേശം കേന്ദ്രീകരിച്ച് ഉണ്ടാകണം. നിലവിൽ പുനരധിവാസത്തിന് കണ്ടെത്തിയത് ദുരിതബാധിതർക്ക് ഒരുപാട് ആശങ്ക ഉണർത്തുന്ന സ്ഥലമാണ്. കണ്ടെത്തിയ സ്ഥലം വാസ യോഗ്യമല്ലെന്ന പരാതി സർക്കാർ മുഖവിലക്കെടുക്കണം. ദുരിത ബാധിതരുടെ ആശങ്കകൾ കൂടി പരിഗണിച്ച് കൊണ്ടാകണം പുനരധിവാസവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കേണ്ടത്.

ഇതുവരെയും സർക്കാറിന്റെ ലിസ്റ്റിൽ ഉൾപ്പെടാത്ത എസ്റ്റേറ്റ് പാടികളിൽ താമസിക്കുന്നവരെയും പുനരധിവാസ പദ്ധതിയുടെ ഭാഗമാക്കണം. എസ്റ്റേറ്റ് പാടികളിൽ താമസിച്ചിരുന്ന എൻപതോളം കുടുംബങ്ങൾ ഒരു ലിസ്റ്റിലും വന്നിട്ടില്ല. പാടികൾ തകർന്നു. തൊഴിലും താമസ സൗകര്യവും നഷ്ടപ്പെട്ടു. ഇവർക്ക് ജീവിക്കാൻ വാടക അടക്കമുള്ള ആനുകൂല്യങ്ങൾ സർക്കാർ പരിഗണിക്കണം.

വീടും കുടുംബവും നഷ്ടപ്പെട്ടവരുടെ മുന്നോട്ടുളള ജീവിതത്തിന് സാമ്പത്തിക സഹായം ഉറപ്പ് വരുത്തണം. നിലവിൽ സർക്കാർ പ്രഖ്യാപിച്ചത് ഒരു വീട്ടിലെ രണ്ടു പേർക്ക് മാസം 18,000 രൂപയാണ്. ഈ തുക കൃത്യമായി അർഹരിലേക്ക് എത്തുന്നില്ല. ഇനിയും തുക ലഭിക്കാത്ത ആളുകളുണ്ട്. ഒരു മാസത്തേക്ക് പ്രഖ്യാപിച്ച ധനസഹായം പുനരധിവാസം പൂർത്തിയാകുന്നത് വരെ തുടരണം. ഇതുവരെ വിതരണം ചെയ്ത സാമ്പത്തിക സഹായത്തിന്റെ കണക്ക് വിവരങ്ങൾ പുറത്തു വിടണം. അത് വഴി വിട്ടു പോയവരെ കണ്ടെത്തി അവർക്ക് ധനസഹായം ലഭിക്കുന്നത് ഉറപ്പാക്കാൻ സാധിക്കും.

കാണാതായ 47 പേരുടെ കാര്യത്തിൽ തീരുമാനം അനിശ്ചിതമായി നീളുകയാണ്. ഇവർക്ക് നഷ്ടപരിഹാരം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച ധനസഹായം ലഭിക്കാൻ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിർദേശം ബോഡി കണ്ടെത്താൻ സാധിക്കാത്തവരുടെ കുടുംബങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട നടപടികൾ ലഘൂകരിക്കണം. ശരീര ഭാഗങ്ങൾ കണ്ടെത്തിയ കേസുകളിൽ ഡി.എൻ.എ ടെസ്റ്റ് വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടി സർക്കാർ കൈക്കൊള്ളണം. കാണാതായി പോയവരെ കൂടി സർക്കാർ നൽകുന്ന ദുരിരാശ്വാസ പാക്കേജിൽ ഉൾപ്പെടുത്തണം.

ഏതാനും ചില ബാങ്കുകൾ മാത്രമാണ് ദുരിതബാധിതരുടെ ലോണുകൾ എഴുതിത്തള്ളിയത്. അതിൽത്തന്നെ ചെറിയ തുകകളുള്ള ലോണുകളാണ് തള്ളിയത്. മുഴുവൻ ലോണുകളും സർക്കാർ ഏറ്റെടുക്കണം. ബാങ്കുകൾ പലിശ തള്ളുകയും മുതൽ അടക്കാനുള്ള നടപടികൾ സർക്കാർ ബാങ്കുകളുമായി ചർച്ച നടത്തി തീരുമാനം കൈക്കൊള്ളുകയും വേണം. സ്വകാര്യ ബാങ്കുകളുടെ ലോണും ഈ വിധം എഴുതി തള്ളാൻ സർക്കാർ നടപടി സ്വീകരിക്കണം.

ദുരന്തത്തിൽ പരിക്കേറ്റവരുടെ തുടർചികിൽസ സൗകര്യങ്ങൾ പ്രഖ്യാപനത്തിലൊതുങ്ങിയിരിക്കുകയാണ്. പരിക്കേറ്റ 113 പേർക്ക് തുടർ ചികിത്സ അനിവാര്യമാണെന്ന് സർക്കാർ രേഖകളിലുണ്ടെങ്കിലും നിലവിൽ ഫണ്ട് അനുവദിക്കുന്നില്ല. തുടർ ഓപ്പറേഷനും അത്യാവശ്യ ചികിത്സയും മുടങ്ങിയിരിക്കുന്നു. അവരുടെ ഏകആശ്രയം മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയാണ്. സൗജന്യ ചികിത്സ ലഭിച്ചു കൊണ്ടിരുന്ന അവസ്ഥ മാറി ഇപ്പോൾ ചികിത്സക്ക് പണം ആവശ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. വാടകവീടുകളിൽ കഴിയുന്നവർക്കും കൃത്യമായി വരുമാന മാർഗം ഉണ്ടാക്കാൻ ഇനിയും സാധിക്കാത്തവർക്കും ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അടിയന്തിരമായ സർക്കാർ ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാകണം. തുടർചികിത്സയുമായി ബന്ധപ്പെട്ട് സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണം.

ദുരന്ത മേഖലയിലെ ടുറിസ്റ്റ് കേന്ദ്രങ്ങൾ തുറന്നു കൊടുക്കണം. 900 കണ്ടിയിൽ മാത്രം 220 ജീപ്പുകൾ ടൂറിസ്റ്റ് വാഹനങ്ങളായി ഉണ്ട്. നിലവിൽ ടൂറിസ്റ്റുകൾ എത്താത്തതിനാൽ പലർക്കും തൊഴിലും വരുമാനവുമില്ല. എല്ലാ വാഹനങ്ങളും ലോൺ അടവ് മുടങ്ങി പ്രതിസന്ധിയിലാണ്. ബാധ്യതകൾ ഏറ്റെടുക്കാൻ സർക്കാർ തയ്യാറാവണം. കുറഞ്ഞ പക്ഷം ഇത്തരം വായ്പകൾക്ക് ഒരു വർഷത്തെ മോറട്ടോറിയം അനുവദിക്കണം.

മുണ്ടക്കൈ - ചൂരൽമല പ്രദേശങ്ങളിലെ കച്ചവട സ്ഥാപനങ്ങൾ, ഗോഡൗണുകൾ, വാടക ക്വാർട്ടേഴ്സുകൾ തുടങ്ങി പലതും തകരുകയോ ഭാഗികമായി നശിക്കുകയോ ചെയ്തിട്ടുണ്ട്. സർക്കാർ ഇതൊന്നും പരിഗണിച്ചിട്ടില്ല. വീടുകൾക്ക് മാത്രമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുള്ളത്. ഉപജീവനമാർഗം നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും നഷ്ടപരിഹാരം നൽകണം.

റസാഖ് പാലേരി (വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്), ഫൈസൽ സി.എച്ച് (വെൽഫെയർ പാർട്ടി വയനാട് ജില്ല ജനറൽ സെക്രട്ടറി), ഇബ്രാഹീം പി.എ (വെൽഫെയർ പാർട്ടി വയനാട് ജില്ല സെക്രട്ടറി), പി. അബ്ദുറഹ്മാൻ (വെൽഫെയർ പാർട്ടി കൽപ്പറ്റ മണ്ഡലം പ്രസിഡന്റ്), വി.വി.കെ മുഹമ്മദ് ( വെൽഫെയർ പാർട്ടി കൽപ്പറ്റ മണ്ഡലം വൈസ്. പ്രസിഡന്റ് ) എന്നിവർ പ്രസ്സ് മീറ്റിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rehabilitationMundakaiChuralmalaRazaq Paleri
News Summary - razaq paleri about Mundakai - Churalmala Rehabilitation
Next Story