ആർ.സി ബുക്ക് ലഭിക്കുന്നില്ല; ഫാസ് ടാഗ് എടുക്കാനാകാതെ വാഹന ഉടമകൾ
text_fieldsകണ്ണൂർ: ആർ.സി ബുക്കില്ലാത്തത് കാരണം വാഹന ഉടമകൾ നേരിടുന്നത് കടുത്ത സാമ്പത്തിക നഷ്ടം. തലശ്ശേരി- മാഹി ബൈപാസിലൂടെ യാത്ര ചെയ്യേണ്ടിവരുന്ന ആർ.സിയില്ലാത്ത വാഹന ഉടമകൾക്കാണ് സാമ്പത്തിക നഷ്ടം ഏറെ. ആർ.സി ബുക്കില്ലാത്തത് കാരണം ഫാസ് ടാഗ് എടുക്കാനാകുന്നില്ല. ഇത് കാരണം വലിയ തുക നൽകേണ്ടി വരുന്നതായി വാഹന ഉടമകൾ പറയുന്നു.
അപേക്ഷ നൽകിയിട്ടും പുതിയ ആർ.സി ബുക്ക് കിട്ടാത്ത സ്ഥിതിയാണുള്ളത്. ആവശ്യമായ പണം മുന്‍കൂറായി വാങ്ങിയാണ് ആർ.സി ബുക്ക് ഉടമകൾക്ക് നല്‍കാതിരിക്കുന്നത്. എട്ട് കോടിയിലേറെ രൂപ പ്രിന്റിങ് കമ്പനിക്ക് കുടിശ്ശികയായതോടെയാണ് പ്രിന്റിങ് മുടങ്ങിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഈ പണം നല്‍കാനാകാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.
ആർ.സി തപാലിൽ അയക്കുന്നതിനാണ് പണം മുൻകൂറായി കൈപ്പറ്റിയത്. തപാലിൽ വന്നില്ലെങ്കിൽ ആർ.ടി ഓഫിസുകളിൽ പോയി നേരിട്ട് കൈപറ്റാമെന്ന് വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ രണ്ടാഴ്ച മുമ്പ് വ്യക്തമാക്കിയെങ്കിലും ഇതുവരെ ആർ.സി ബുക്കുകൾ ഓഫിസുകളിൽ എത്തിയിട്ടില്ല.
ഇതേത്തുടർന്ന് ഒട്ടേറെ പേർ ദിവസവും ഓഫിസുകളിൽ എത്തുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർ കൈമലർത്തുകയാണ്. നിലവിൽ 3.80 ലക്ഷം ലൈസൻസും 3.50 ലക്ഷം ആർ.സിയും വിതരണം ചെയ്യാനുണ്ടെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മൂന്നേകാൽ കോടി രൂപയാണ് ഈ ഇനത്തിൽ മാത്രം സർക്കാർ ജനങ്ങളുടെ പക്കൽ നിന്ന് വാങ്ങിയത്. ആർ.സിയും ലൈസൻസുകളും കെ.എസ്.ആർ.ടി.സി കൊറിയർ വഴി റീജനൽ ഓഫിസുകളിൽ എത്തിച്ച ശേഷം അവിടെ നിന്ന് നേരിട്ട് വിതരണം ചെയ്യാനാണ് നീക്കം.
അതേസമയം പുതിയ അപേക്ഷകരിൽ നിന്നും തപാൽ നിരക്ക് അധികൃതർ കൈപ്പറ്റുന്നുണ്ട്. വാഹനാപകടങ്ങൾ വല്ലതും സംഭവിച്ചാൽ ഇൻഷൂർ ക്ലെയിം ചെയ്യാനും ഒറിജിനൽ ആർ.സി തന്നെ വേണം. ആർ.സിയും ലൈസൻസും കിട്ടാൻ വൈകുന്നത് വാഹന ഉടമകളെ ഏറെ പ്രതിസന്ധിയിലാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.