കാത്തിരിക്കണം; ആർ.സി, ലൈസൻസ് വിതരണത്തിൽ മെല്ലെപ്പോക്ക് തുടരുന്നു
text_fieldsപാലക്കാട്: ഇടനില സ്ഥാപനത്തിന് അച്ചടി കുടിശ്ശിക തുക നൽകിയിട്ടും ആർ.സി, ലൈസൻസ് വിതരണത്തിൽ മെല്ലെപ്പോക്ക് തുടരുന്നു. ഇനിയും കൊടുക്കാനുള്ളത് 6.2 ലക്ഷം വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളാണ്. കാൽ ലക്ഷത്തിലേറെ ലൈസൻസുകളും അച്ചടിച്ച് വിതരണം ചെയ്യാനുണ്ട്. സെപ്റ്റംബർ മുതലുള്ള ആർ.സികളാണ് ഇനിയും അച്ചടിച്ച് കൊടുത്തുതീർക്കാനുള്ളത്. എറണാകുളം ജില്ലയിൽ 72,410 ആർ.സികളും മലപ്പുറത്ത് 70,627 ആർ.സികളും അച്ചടിക്കാൻ കാത്തുകിടക്കുകയാണ്. പെറ്റ് ജി കാർഡ് (ആർ.സി.) തയാറാക്കാൻ കരാർ ഏറ്റെടുത്തിരുന്ന ഐ.ടി.ഐ പാലക്കാട് കുടിശ്ശിക വന്നതോടെ പ്രിന്റിങ് നിർത്തിയിരുന്നു. മുന്നറിയിപ്പില്ലാതെ പ്രിന്റിങ് നിർത്തിയതിൽ പ്രതിഷേധിച്ച് കരാർ കമ്പനിയെ ഒഴിവാക്കി ലൈസൻസും ആർ.സിയും നേരിട്ട് അച്ചടിക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ്കുമാർ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല.
എന്നാൽ, കുടിശ്ശിക തീർത്തിട്ടും അച്ചടിയിൽ പുരോഗതി വന്നില്ല. 2023 ഒക്ടോബർ ഒന്ന് മുതലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐക്ക് അച്ചടിക്കരാർ നൽകിയത്. ഐ.ടി.ഐ മറ്റൊരു സ്ഥാപനത്തിനെ ജോലി ഏൽപിച്ചത് മോട്ടോർ വാഹന വകുപ്പിന്റെ തലപ്പത്തുള്ള ചിലരുടെ താൽപര്യം മൂലമാണെന്ന് ആരോപണമുയർന്നിരുന്നു. ചിപ്പ് സംവിധാനത്തോടെ ഹൈടെക് കാർഡ് എന്നൊക്കെ അവകാശപ്പെട്ടിരുന്നെങ്കിലും സാധാരണ പി.വി.സി കാർഡ് രേഖകളാണ് കമ്പനി ഉപഭോക്താക്കൾക്ക് നൽകിയത്. ആദ്യ രണ്ട് മാസംവരെ കൃത്യമായി അച്ചടിച്ച് വിതരണം ചെയ്തിരുന്നെങ്കിലും പിന്നീട് അച്ചടിയിൽ മെല്ലെപ്പോക്ക് വന്നു. ഉപഭോക്താക്കൾക്ക് കാർഡ് ലഭിക്കാൻ ഒരു ഘട്ടത്തിൽ ആറുമാസം വരെ കാത്തിരിക്കേണ്ടിവന്നു. സംസ്ഥാനത്ത് ലൈസൻസും ആർ.സി ബുക്കും പ്രിൻറ് ചെയ്ത് നൽകുന്നത് നിർത്തി ഡിജിറ്റലാക്കുന്ന നടപടിയിലാണ്. ആദ്യഘട്ടത്തിൽ ലൈസൻസിന്റെയും രണ്ടാം ഘട്ടത്തിൽ ആർ.സി ബുക്കിന്റെയും പ്രിൻറിങ്ങാണ് നിർത്തലാക്കുന്നത്.
ആർ.സി ‘കുടിശ്ശിക’ ഇങ്ങനെ
തിരുവനന്തപുരം 61,702
കൊല്ലം 54,856
പത്തനംതിട്ട 41,492
ആലപ്പുഴ 45,026
കോട്ടയം 47,627
ഇടുക്കി 19,361
എറണാകുളം 72,410
തൃശൂർ 51,481
പാലക്കാട് 37,769
മലപ്പുറം 70,627
കോഴിക്കോട് 49,802
വയനാട് 11,666
കണ്ണൂർ 41,794
കാസർഗോഡ് 14,989
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.