ആർ.സി.സി ഡയറക്ടറും അർബുദ രോഗവിദഗ്ധനുമായ എം. കൃഷ്ണൻനായർ അന്തരിച്ചു
text_fieldsതിരുവനന്തപുരം: റീജനൽ കാന്‍സര്‍ സെൻറർ (ആർ.സി.സി) സ്ഥാപക ഡയറക്ടറും പ്രശസ്ത അർബുദരോഗ വിദഗ്ധനുമായ ഡോ. എം. കൃഷ്ണന് നായര്‍ (82) അന്തരിച്ചു. അര്‍ബുദചികിത്സാ മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു.
വെള്ളയമ്പലം ഇലങ്കം ഗാര്‍ഡൻസിലെ വീട്ടിൽ ഒരാഴ്ച മുമ്പുണ്ടായ വീഴ്ചയെതുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൃഷ്ണന് നായരുടെ അന്ത്യം വ്യാഴാഴ്ച പുലര്‍ച്ച മൂന്നരക്കായിരുന്നു. മൃതദേഹം ഉച്ചക്ക് ഒന്നരക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിച്ചു.
അർബുദചികിത്സാരംഗത്ത് നിര്‍ണായക സംഭാവനകള്‍ നല്കുന്ന നിലയിലേക്ക് ആര്.സി.സിയെ ഉയര്‍ത്തുന്നതില്‍ കൃഷ്ണൻ നായര്‍ വിലപ്പെട്ട പങ്ക് വഹിച്ചു. രാജ്യത്ത് സമഗ്ര കാന്‍സര്‍ നിയന്ത്രണം ലക്ഷ്യമിട്ട് ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിക്കാൻ മുന്‍കൈയെടുത്തു. 11ാം പഞ്ചവത്സര പദ്ധതിയുടെ കാന്‍സർ പദ്ധതി തയാറാക്കുന്ന കമ്മിറ്റി ചെയര്‍മാനായിരുന്നു. കേന്ദ്ര സര്‍ക്കാറിെൻറ ഏകാംഗ കമീഷനായി റീജനൽ കാന്‍സര്‍ സെൻററുകൾ ആധുനീകരിക്കാനും വികസിപ്പിക്കാനുമുള്ള ശിപാര്‍ശകൾ സമര്‍പ്പിച്ചു.
പശുപതിനാഥ് വാഹി അവാര്‍ഡ്, ഐ.സി.എം.ആറിെൻറ സാന്‍ഡോസ് ഒറേഷന്‍ അവാര്‍ഡ് എന്നിവയും നേടി. ലോകാരോഗ്യ സംഘടന വിദഗ്ധസമിതി അംഗം, അസോസിയേഷന് ഓഫ് റേഡിയേഷന് ഓങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യ പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവര്‍ത്തിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജ്, പഞ്ചാബ് സര്‍വകലാശാല, ലണ്ടൻ റോയല്‍ കോളജ് ഓഫ് റേഡിയോളജി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1965ൽ റേഡിയേഷന് വിഭാഗത്തില്‍ ട്യൂട്ടറായി മെഡിക്കൽ കോളജില്‍ ചേര്‍ന്നു. വത്സലയാണ് ഭാര്യ. മകള്‍: പരേതയായ മഞ്ജു. മരുമകന്: വി. രവീന്ദ്രന് (റിട്ട. ഡെപ്യൂട്ടി സി.എ.ജി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.