സൗജന്യ ഭക്ഷണം, മരുന്ന് ബാങ്കുകൾ; രോഗികൾക്കുള്ള സേവനങ്ങൾ വിപുലീകരിച്ച് ആർ.സി.സി
text_fieldsമെഡിക്കൽ കോളജ്: രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള സേവനങ്ങൾ വിപുലീകരിച്ച് റീജണൽ കാൻസർ സെന്റർ.
സൗജന്യമായി ഭക്ഷണവും മരുന്നുകളും ലഭ്യമാക്കുന്ന സൗജന്യ ഡ്രഗ് ബാങ്ക്, ഫുഡ് ബാങ്ക് എന്നിവ പ്രവർത്തനം തുടങ്ങി. ആർ.സി.സിയിൽ ചികിത്സ തേടുന്ന നിർധനരായ രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകുന്ന സൗജന്യ ഡ്രഗ് ബാങ്കിന്റെ വിപുലീകരിച്ച കൗണ്ടർ രോഗികൾക്കും കൂട്ടിരുപ്പുകാർക്കുമുള്ള വിശ്രമ സങ്കേതവും അനുബന്ധ സേവനങ്ങളും ലഭ്യമാക്കുന്ന പേഷ്യന്റ് വെൽഫയർ ആൻഡ് സർവീസ് ബ്ലോക്കിലാണ് പ്രവർത്തിക്കുന്നത്. കീമോതെറാപ്പി മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, ഡിസ്പോസിബിൾസ്, സപ്പോർട്ടീവ് മരുന്നുകൾ എന്നിവ ഈ ഡ്രഗ് ബാങ്കിലൂടെ സൗജന്യമായി വിതരണം ചെയ്യും.
ചികിത്സ തേടുന്ന നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി ഭക്ഷണം നൽകുന്നതിന് സൗജന്യ ഫുഡ് ബാങ്കും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിൽ അഡ്മിറ്റാകുന്ന എഫ് വിഭാഗത്തിലുള്ളവർക്ക് (ബി.പി.എൽ കാർഡ് അംഗങ്ങൾ) നിലവിൽ ഭക്ഷണം സൗജന്യമാണ്. ഇതിന് പുറമേയാണ് ഒ.പി യിൽ എത്തുന്നവർക്കുകൂടി പ്രയോജനപ്പെടുത്താനാകും വിധമാണ് സൗജന്യ ഫുഡ് ബാങ്ക് പദ്ധതി ആരംഭിച്ചത്.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ആർ.സി.സിയിലെത്തുന്നവർക്ക് ഭക്ഷണം നൽകാനാഗ്രഹിക്കുന്നവർക്ക് ഇതിനുള്ള പണം സംഭാവനയായി നൽകാവുന്നതാണ്. ഇതിനു പുറമേ നിർധനരായ രോഗികൾക്ക് സൗജന്യനിരക്കിൽ പരിശോധനകൾ നടത്തുന്നതിനും ചികിത്സ തേടുന്നതിനുമുള്ള പദ്ധതിയും പരിഗണനയിലാണ്.
സംഭാവനകൾ ആർ.സി.സിയിൽ നേരിട്ടോ ഓൺലൈനായോ അല്ലെങ്കിൽ ഡയറക്ടർ, ആർ.സി.സി തിരുവനന്തപുരം എന്ന പേരിൽ ചെക്ക്/ഡി.ഡി ആയോ നൽകാം. അക്കൗണ്ട് വിവരങ്ങൾ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മെഡിക്കൽ കോളജ് ബ്രാഞ്ച്, പി.ബി നം. 2417, മെഡിക്കൽ കോളേജ് ക്യാമ്പസ്, തിരുവനന്തപുരം - 695011, അക്കൗണ്ട് നമ്പർ: 57036241251, എംഐസിആർ കോഡ്: 695009015, ഐഎഫ്എസ്സി കോഡ്: SBIN0070029.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.