ആർ.സി.സിയിൽ ഇനിമുതൽ ദിവസം രണ്ട് ഒ.പി
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി ആർ.സി.സി ഒ.പി വിഭാഗത്തിൽ 17 മുതൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തും.
രാവിലെ ഒമ്പതുമുതൽ 12 വരെയും ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലുവരെയും രണ്ടു ഷിഫ്റ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ഷിഫ്റ്റിലേക്കുള്ള പ്രവേശനം രാവിലെ 7.30നും രണ്ടാം ഷിഫ്റ്റിലേക്കുള്ള പ്രവേശനം രാവിലെ 11നും ആരംഭിക്കും.
പരിശോധനകൾക്കും ചികിത്സകൾക്കും ആവശ്യമായ സമയം, രോഗിയുടെ ആരോഗ്യസ്ഥിതി എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡോക്ടർമാർ സമയം നിശ്ചയിച്ചുനൽകുന്നത്. ഏത് ഷിഫ്റ്റിൽ ഏതുസമയത്താണ് രോഗി ആശുപത്രിയിൽ എത്തേണ്ടതെന്ന് കൃത്യമായി രേഖപ്പെടുത്തിയ സ്ലിപ് രോഗികൾക്ക് നൽകും.
ഷിഫ്റ്റ് മാറിയോ സമയം മാറിയോ വരാതിരിക്കാൻ രോഗികൾ ശ്രദ്ധിക്കണം. നേരത്തേ അപ്പോയിൻമെൻറ് ലഭിച്ച രോഗികൾ െസക്യൂരിറ്റി കൗണ്ടറിൽനിന്ന് സ്ലിപ് വാങ്ങണം.
കിടത്തിചികിത്സ ആവശ്യമുള്ള രോഗികൾക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി. രോഗിയെ വാർഡിൽ പ്രവേശിപ്പിക്കുമ്പോൾ അത്യാവശ്യഘട്ടങ്ങളിൽ പരിചരിക്കാനെത്തുന്നത് ഒരേ സഹായിതന്നെ ആയിരിക്കണം.
സഹായി മാസ്ക്കും ഷീൽഡും ഉൾപ്പെടെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും തിരിച്ചറിയൽ കാർഡ് കൈവശം സൂക്ഷിക്കുകയും വേണം.
രക്തപരിശോധനക്കായുള്ള കാത്തിരിപ്പ് ഒഴിവാക്കാനായി രോഗികൾ അവരുടെ പ്രദേശത്തുള്ള NABL അംഗീകൃത ലാബുകളിൽ പരിശോധന നടത്തിയതിനുശേഷം വന്നാൽ മതി. കീമോതെറപ്പി ഉൾപ്പെടെ സേവനം വേഗത്തിൽ നൽകാൻ ഇത് സഹായിക്കും.
അർബുദരോഗികൾക്കുള്ള പെൻഷൻ സർട്ടിഫിക്കറ്റ് ജില്ല, താലൂക്ക് ആശുപത്രികളുമായി ബന്ധപ്പെട്ടാൽ ലഭിക്കുമെന്ന് ഡയറക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.