ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതൽ മോഷണം; അന്വേഷണം ക്രൈംബ്രാഞ്ചിന്
text_fieldsതിരുവനന്തപുരം: കലക്ടറേറ്റിലുള്ള ആർ.ഡി.ഒ കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. നിലവിൽ പേരൂർക്കട പൊലീസ് അന്വേഷിക്കുന്ന കേസ് സംഭവത്തിന്‍റെ വ്യാപ്തിയും ഉദ്യോഗസ്ഥരുൾപ്പെടെ സംശയത്തിന്‍റെ മുനയിലുള്ള മോഷണക്കേസുമായത് പരിഗണിച്ചാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
വിവിധ കേസുകളിൽ തൊണ്ടിമുതലായി ആർ.ഡി.ഒ കോടതിയുടെ ചെസ്റ്റിൽ സൂക്ഷിച്ചിരുന്ന സ്വർണവും വെള്ളിയും പണവുമടക്കമുള്ള തൊണ്ടിമുതലുകളാണ് കാണാതായത്.
സ്വർണം മോഷ്ടിച്ചശേഷം മുക്കുപണ്ടം വെച്ചതുൾപ്പെടെ 140 പവന്‍റെ സ്വർണാഭരണങ്ങളും വെള്ളിയും അമ്പതിനായിരത്തോളം രൂപയും രണ്ട് മൊബൈൽ ഫോണുകളും കവർന്നെന്നാണ് ഇതുവരെ കണ്ടെത്തിയത്. കുറ്റകൃത്യത്തിന്‍റെ വ്യാപ്തി വലുതാണെന്നും പിന്നിൽ വൻ ഗൂഢാലോചനയും ആസൂത്രണവും നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ പേരൂർക്കട എസ്.എച്ച്.ഒ കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. 2010 മുതൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന വസ്തുക്കളാണ് കാണാതായത്.
ഒരു സ്ത്രീ തൊണ്ടിമുതൽ ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിന്മേലുള്ള അന്വേഷണത്തിലാണ് സ്വർണം കാണാതായതായി കണ്ടെത്തിയത്. അന്വേഷണം വിജിലൻസിന് വിടണമെന്നാവശ്യപ്പെട്ട് റവന്യൂമന്ത്രി കെ. രാജൻ ആഭ്യന്തരവകുപ്പിന് കത്ത് നൽകിയിരുന്നു. സർക്കാർ പൊതുമുതൽ അപഹരിച്ചെന്നതിനാൽ വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു റവന്യൂ വകുപ്പിന്‍റെ ശിപാർശ. എന്നാൽ, തൊണ്ടിമുതലിന് പകരം മുക്കുപണ്ടം വെച്ച് കവർച്ച നടത്തിയെന്നുകൂടി കണ്ടെത്തിയതോടെയാണ് ക്രൈംബ്രാഞ്ചിന് വിടാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.