ആദിവാസി ഭൂമിയെന്ന് 2011ൽ ആർ.ഡി.ഒ കെ.പി. രമാദേവി; 2023ൽ പുതിയ ഉത്തരവിട്ട് ഡി. ധർമലശ്രീ
text_fieldsകോഴിക്കോട്: ആദിവാസി ഭൂമിയെന്ന് 2011ലെ ആർ.ഡി.ഒ കെ.പി. രമാദേവിയുടെ ഉത്തരവ് തിരുത്തി ഒറ്റപ്പാലം മുൻ സബ് കലക്ടർ ഡി. ധർമലശ്രീ. ഒറ്റപ്പാലത്തെ രണ്ട് മുൻ സബ് കലക്ടർമാർ പരസ്പര വിരുദ്ധമായ രണ്ട് ഉത്തരവുകൾ പുറപ്പെടുവിച്ചുവെന്നാണ് ആദിവാസികളുടെ ആരോപണം. രണ്ട് ഉത്തരവുകളുടെയും പകർപ്പ് അട്ടപ്പാടി വെള്ളകുളം ഊരിലെ ആദിവാസി സ്ത്രീകളായ രാമിയുടെയും രങ്കിയുടെയും കൈവശമുണ്ട്. 2011 മെയ് 31ന് ആർ.ഡി.ഒ കെ.പി. രമാദേവിയുടെ ഉത്തരവ് പുറപ്പെടുവിച്ചത്. അത് പ്രകാരം ആദിവാസികൾക്ക് അന്യാധീനപ്പെട്ടതും എതിർകക്ഷി കൈവശം വെച്ചിരുന്നതുമായ മുഴുവൻ ഭൂമിയും അപേക്ഷകനായ പൊന്നൻ കരട്ടിക്ക് (രാമിയുടെയും രങ്കിയുടെയും മുത്തച്ഛൻ) പുനസ്ഥാപിച്ചു നൽകണമെന്നായിരുന്നു.
നിശ്ചിത സമയത്തനകം ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ 1999ലെ ആദിവാസി ഭൂനിയമപ്രകാരം നടപടി സ്വീകരിക്കണം. മണ്ണാർക്കാട് തഹസിൽദാർ താലൂക്ക് സർവേയറുടെയും സഹായത്തോടെ മുഴുവൻ സ്ഥലവും വേർതിരിച്ച് അടയാളപ്പെടുത്തണം. സ്ഥലം ആദിവാസികൾക്ക് വീണ്ടെടുത്തു നൽകി സ്കെച്ച് സഹിതം മഹസർ തയാറാക്കി സമർപ്പിക്കണമെന്നായിരുന്നു ആർ.ഡി.ഒ കെ.പി. രമാദേവിയുടെ ഉത്തരവ്. എന്നാൽ, ഉത്തരവിൽ പറഞ്ഞ കാര്യങ്ങളൊന്നും റവന്യൂ ഉദ്യോഗസ്ഥർ പാലിച്ചില്ല. ഭൂമി ആദിവാസികളുടെ കൈവശം ആയതിനാൽ അവർ പരാതിയും നൽകിയില്ല.
എന്നാൽ, ഒറ്റപ്പാലം മുൻ ആർ.ഡി.ഒ ധർമലശ്രീക്ക് മേട്ടുപ്പാളയം സ്വദേശി മൂത്തമ്മാൾ 2023 ഡിസംബർ ആറിന് പരാതി നൽകി. ഷോളയൂർ വില്ലേജിൽ 1816/2,3, 1817/2 എന്നീ സർവേ നമ്പരുകളിൽ 10.15 ഏക്കർ സ്ഥലം മണ്ണാർക്കാട് സബ് രജിസ്ട്രാർ ഓഫീസിലെ 1967ലെ ആധാര പ്രകാരം മുത്തമ്മാളുടെ പേരിലുള്ളതാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതിൽ സർവേ 1816/3 ൽ ഉൾപ്പെട്ട 2.49 ഹെക്ടർ സ്ഥലത്തിന് വെള്ളകുളം ഊരിലെ രങ്കി വില്ലേജ് ജീവനക്കാരുടെ ഒത്താശയോടെ ഭൂനികുതി അടച്ചു. അതിനെ തുടർന്ന് ഈ സ്ഥലം രങ്കി കൈയേറിയിരിക്കുകയാണ്. മുത്തമ്മാൾക്ക് വേണ്ടി മുക്ത്യാർ ഏജന്റ് സദാനന്ദ രംഗരാജ് ആണ് പരാതി നൽകിയതെന്നും ധർമലശ്രീയുടെ ഉത്തരവിൽ പറയുന്നു.
ഷോളയൂർ വില്ലേജിലെ 1816/3ൽ ഉൾപ്പെട്ട സ്ഥലത്തിന് ഭൂനികുതി സ്വീകരിച്ചത് വില്ലേജ് ജീവനക്കാരുടെ ഒത്താശയോടെ ആണെന്ന പരാതിയിന്മേൽ ആർ.ടി.ഒയുടെ കാര്യാലയം അന്വേഷണം നടത്തുന്നുണ്ട്. തർക്ക രഹിതമായ സർവേ 1816/ 2 1817/ 2 എന്നിവയിൽ ഉൾപ്പെട്ട സ്ഥലത്ത് പ്രവേശിക്കുന്നതിന് ഭൂവുടമക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നാണ് സബ് കലക്ടർ ധർമലശ്രീയുടെ 2023 ഡിസംബർ 13ന് അഗളി ഡി.വൈ.എസ്.പിക്ക് നൽകിയ ഉത്തരവ്.
അന്വേഷണം പൂർത്തിയാക്കാതെ സബ് കലക്ടർ പടിയിറങ്ങുന്നതിന് തലേ ദിവസമാണ് ഉത്തരവിറക്കാൻ തിടുക്കം കാട്ടിയെന്ന കാര്യത്തിൽ ദുരൂഹത വർധിപ്പിക്കുന്നു. സബ് കലക്ടറുടെ ഉത്തരവിനെതിരെ രാമിയും രങ്കിയും പാലക്കാട് കലക്ടർ ഡോ. എസ്. ചിത്രക്ക് പരാതി നൽകി. പുതിയ സബ് കലക്ടർ ഡോ. മിഥുൻ പ്രേരാജിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആദിവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.