കാർഷിക സർവകലാശാലയിൽ വിരമിച്ചവർക്ക് പുനർനിയമന നീക്കം
text_fieldsതൃശൂർ: കേരള കാർഷിക സർവകലാശാലയിൽ വിരമിച്ചവർക്ക് പുനർനിയമനം നൽകാൻ നീക്കം. കാർഷിക കോഴ്സുകൾ പഠിച്ച നിരവധി പേർ ജോലിക്കായി കാത്തിരിക്കുമ്പോഴാണ് വിരമിച്ച ജീവനക്കാരെ ഫാം ഓഫിസർ തസ്തികകളിൽ നിയമിക്കുന്നത്. വൈസ് ചാൻസലറായിരുന്ന ഡോ. ആർ. ചന്ദ്രബാബു വിരമിക്കുന്നതിന് മുമ്പെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ ഉത്തരവിന്റെ ബലത്തിലാണ് നിയമന നീക്കം.
സർവകലാശാലയിൽ ഫാം മാനേജർ ഗ്രേഡ്-രണ്ട്/ഫാം ഓഫിസർ തസ്തികയിൽ അനുവദിക്കപ്പെട്ട 201 ഒഴിവിൽ നിലവിൽ 152 എണ്ണം ഒഴിഞ്ഞു കിടക്കുകയാണെന്നും സ്ഥിരം ജീവനക്കാരുടെ അഭാവത്തിൽ ഫാമുകളുടെ പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നത് ശ്രമകരമാണെന്നും കഴിഞ്ഞ സെപ്റ്റംബർ 29ന് ഇറക്കിയ ഉത്തരവിൽ രജിസ്ട്രാർ വിശദീകരിക്കുന്നു. ഈ സാഹചര്യത്തിൽ വിരമിച്ച ഫാം ജീവനക്കാരെ എൻട്രി കേഡർ ഒഴികെയുള്ള തസ്തികകളിൽ നിയമിക്കാൻ ഭരണസമിതി തീരുമാനിച്ചുവെന്ന ഉത്തരവാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
അതേസമയം, സർവകലാശാലയിൽ വിരമിച്ച തൊഴിലാളികൾക്കും ജീവനക്കാർക്കും പുനർനിയമനം നൽകുന്നതിനെതിരായ മുൻ ജനറൽ കൗൺസിൽ തീരുമാനം അട്ടിമറിച്ചാണ് ഇപ്പോഴത്തെ കരാർ നിയമന ഉത്തരവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.വിരമിച്ച തൊഴിലാളികളെയും ജീവനക്കാരെയും ജീവനക്കാരെയും ഒഴിവാക്കണമെന്ന 129ാം ജനറൽ കൗൺസിൽ തീരുമാനം നിലനിൽക്കെ അവർ അതത് സ്ഥലങ്ങളിൽ ജോലിയിൽ തുടരുന്നത് 2017 നവംബർ 25ന് ചേർന്ന 130ാം ജനറൽ കൗൺസിലിൽ പ്രമേയമായി വന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇത്തരക്കാർക്ക് പുനർനിയമനം നൽകരുതെന്ന് നിർദേശം നൽകിയതായി 130ാം ജനറൽ കൗൺസിൽ തീരുമാനിക്കുകയും മിനിട്സ് ചെയ്യുകയും ചെയ്തതാണ്. അത് നിലനിൽക്കെയാണ് ഇപ്പോഴത്തെ നീക്കം. അതിനിടെ, വിരമിച്ച ജീവനക്കാർക്ക് പുനർനിയമനം നൽകാനുള്ള നീക്കം അപലപനീയമാണെന്ന വിമർശനവുമായി സി.പി.എം അനുകൂല സംഘടനയായ കാർഷിക സർവകലാശാല എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി രംഗത്തെത്തി.
തൊഴിലിനായി ഒട്ടേറെപ്പേർ കാത്തിരിക്കുമ്പോൾ വിരമിച്ചവർക്ക് പുനർനിയമനം നൽകുന്നത് ഇടത് സർക്കാർ നയങ്ങൾക്ക് വിരുദ്ധമാണെന്നും തീരുമാനം തിരുത്താൻ വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന കാർഷികോൽപാദന കമീഷണർ തയാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.