നാട്ടുകാരോട് പറഞ്ഞത് ശ്രീമഹേഷിനെയും വീട്ടുകാരെയും പൂട്ടിയിട്ട ശേഷം വിദ്യ ജീവനൊടുക്കിയെന്ന്; നക്ഷത്രയുടെ മാതാവിന്റെ മരണത്തിൽ പുനരന്വേഷണം തുടങ്ങി
text_fieldsമാവേലിക്കര: പിതാവിന്‍റെ വെട്ടേറ്റ് അതിദാരുണമായി കൊല്ലപ്പെട്ട ആറു വയസ്സുകാരി നക്ഷത്രയുടെ മാതാവ് വിദ്യയുടെ മരണത്തെപ്പറ്റി പൊലീസ് പുനരന്വേഷണം തുടങ്ങി. 2019 ജൂൺ നാലിനാണ് പുന്നമൂട് ആനക്കൂട്ടിൽ വീട്ടിലെ മുറിയിൽ വിദ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയാണെന്നായിരുന്നു നിഗമനം.
പിതാവ് ശ്രീമഹേഷ് നക്ഷത്രയെ കൊലപ്പെടുത്തിയതിന് പിന്നാലെ, വിദ്യയും കൊല്ലപ്പെട്ടതാണെന്ന സംശയം ഉന്നയിച്ച് വിദ്യയുടെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്നാണ് പുനരന്വേഷണത്തിന് പൊലീസ് തീരുമാനിച്ചത്.
ഭർത്താവ് ശ്രീമഹേഷിനെയും വീട്ടുകാരെയും ഒരു മുറിയിലാക്കി വെളിയിൽനിന്ന് കതക് കുറ്റിയിട്ടശേഷം വിദ്യ ആത്മഹത്യ ചെയ്തെന്നാണ് നാട്ടുകാരോട് പറഞ്ഞത്. പരാതി ഇല്ലാത്തതിനാൽ അന്വേഷണത്തിൽ തുടർനടപടി ഉണ്ടായില്ല. വിദ്യയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങളാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. വിദ്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്‍റെ ഫയലുകൾ പൊലീസ് ശേഖരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറോടും വീണ്ടും വിവരങ്ങൾ അന്വേഷിക്കും. അന്ന് കേസിൽ മൊഴി നൽകിയവരുടെ മൊഴി വീണ്ടും ശേഖരിക്കും. കഴുത്തിലും കൈയിലും മുറിവുണ്ടാക്കി ആത്മഹത്യക്ക് ശ്രമിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെല്ലിൽ ചികിത്സയിലുള്ള ശ്രീമഹേഷിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കഴുത്തിലെ തുന്നൽ എടുത്തശേഷം ജയിലിലേക്ക് തിരികെ എത്തിക്കുമെന്നാണ് വിവരം. ജയിലിലേക്ക് മാറ്റിയശേഷം ശ്രീമഹേഷിനെ അവിടെയെത്തി ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി വാങ്ങാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.