ആഘോഷമായി ബി.ജെ.പിയിലെത്തി; എവിടെയാണ് ഇവർ?
text_fieldsകൊച്ചി: തെരഞ്ഞെടുപ്പ് അടുത്തതോടെ പല പാർട്ടികളിൽനിന്നും നേതാക്കൾ ബി.ജെ.പിയിൽ എത്തിയിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസിനെ ഞെട്ടിച്ച് പത്മജ വേണുഗോപാലാണ് ഏറ്റവും ഒടുവിൽ സംഘ്പരിവാർ കൂടാരത്തിലെത്തിയത്. മുൻ തെരഞ്ഞെടുപ്പ് കാലങ്ങളിൽ ഇങ്ങനെ പലതും മോഹിച്ചും കലഹിച്ചും ബി.ജെ.പി പാളയത്തിലെത്തിയ രാഷ്ട്രീയക്കാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും ഇന്നത്തെ അവസ്ഥ എന്താണ്? ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചവരും ആ പാർട്ടിക്കായി നാടുനീളെ പ്രസംഗിച്ചവരുമെല്ലാം അക്കൂട്ടത്തിലുണ്ട്. ചിലർ പാർട്ടിയുമായി അകന്ന് സ്വന്തം കാര്യം നോക്കി ജീവിക്കുന്നു. ചിലർ മറ്റെങ്ങും പോകാനില്ലാതെ, കാര്യമായ സ്ഥാനമാനങ്ങളിലെത്താതെ ബി.ജെ.പിയുടെ സാധാരണ അംഗം മാത്രമായി ഒതുങ്ങിക്കഴിയുന്നു.
മുൻ ഡി.ജി.പി ഡോ. ജേക്കബ് തോമസ് സർവിസിൽനിന്ന് വിരമിച്ച ശേഷം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പാണ് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയിൽനിന്ന് അംഗത്വം സ്വീകരിച്ചത്. ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിയായി. മൂന്നാം സ്ഥാനത്തെത്തിയ ജേക്കബ് തോമസ് 34,329 വോട്ടാണ് നേടിയത്. വായനയും പുസ്തകരചനയും യാത്രകളും ക്ലാസുകളുമായി എറണാകുളം പള്ളിക്കരയിലെ വീട്ടിൽ കഴിയുന്ന അദ്ദേഹത്തോട് നിലവിലെ രാഷ്ട്രീയത്തെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ: ബി.ജെ.പിയുമായി സജീവ ബന്ധമില്ല. വെറുമൊരു അംഗം മാത്രം. അതിനപ്പുറത്തേക്കില്ല. എന്റേതായ കാര്യങ്ങളുമായി പോകുന്നു. കഴിഞ്ഞ ഒരു വർഷമായി പാർട്ടി പരിപാടികളിൽ ഞാനില്ല. ബി.ജെ.പിയിൽ നേതാക്കൾ ഇഷ്ടം പോലെയുണ്ട്. കഴിവ് കൂടിയവരുള്ളപ്പോൾ മറ്റുള്ളവരെ ആവശ്യമില്ല. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗമായി എന്നു വെച്ച് രാഷ്ട്രീയക്കാരനാകണമെന്നില്ല. ഞാൻ ജോലി ചെയ്ത് ജീവിക്കുന്നയാളാണ്. ഒരു പണിയും ചെയ്യാതെ നാട്ടുകാരുടെ പോക്കറ്റടിച്ച് ജീവിക്കുന്നവരാണ് പല രാഷ്ട്രീയക്കാരും. എന്റെ പ്രതിനിധിയായി പാർലമെന്റിൽ പോയി നല്ല നിയമങ്ങളുണ്ടാക്കാൻ കരുത്തുള്ള സ്ഥാനാർഥിയുണ്ടെങ്കിലേ പ്രചാരണത്തിനിറങ്ങണോയെന്ന് ചിന്തിക്കേണ്ടതുള്ളൂ. എങ്കിലും ഇപ്പോഴും എന്റേത് ബി.ജെ.പി രാഷ്ട്രീയമാണ്’.
ആർ.എസ്.എസ് ദേശവിരുദ്ധ സംഘടനയല്ലെന്നും ന്യൂനപക്ഷത്തിന്റെ മതതീവ്രവാദമാണ് എതിർക്കപ്പെടേണ്ടതെന്നും പ്രഖ്യാപിച്ചാണ് ഡി.ജി.പിയുടെ യൂനിഫോം അഴിച്ചുവെച്ച ശേഷം ടി.പി. സെൻകുമാർ സംഘ്പരിവാറിനൊപ്പം കൂടിയത്. ബി.ജെ.പി നേതാക്കൾ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരായ പ്രക്ഷോഭം വ്യാപിപ്പിക്കാൻ രൂപവത്കരിച്ച ശബരിമല കർമസമിതി ദേശീയ ഘടകത്തിന്റെ ഉപാധ്യക്ഷനായി. ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമോയെന്ന് ചോദിച്ചപ്പോൾ അതേക്കുറിച്ച് അറിയില്ലെന്നും താൻ പാർട്ടി അംഗമല്ലെന്നുമായിരുന്നു മറുപടി. ‘രണ്ട് വർഷമായി എല്ലാ പരിപാടികളും കുറച്ചു. ഏതെങ്കിലും സംഘടനയുടെ ഭാഗമായാൽ പിന്നെ അവരെ കുറ്റം പറയാനാവില്ല’ -സെൻകുമാറിന്റെ വാക്കുകൾ.
2006ൽ എൽ.ഡി.എഫ് പ്രതിനിധിയായി കാഞ്ഞിരപ്പള്ളിയിൽനിന്ന് നിയമസഭയിലെത്തിയ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ അൽഫോൻസ് കണ്ണന്താനം 2011 മാർച്ചിലാണ് ബി.ജെ.പിയിൽ ചേർന്നത്.
കേന്ദ്രമന്ത്രിയും 11 വർഷം പാർട്ടിയുടെ ദേശീയ നിർവാഹക സമിതി അംഗവുമായി. നിലവിൽ പാർട്ടിയിൽ ഭാരവാഹിത്വമോ മറ്റ് ചുമതലകളോ ഒന്നുമില്ല. താൻ സാധാരണ പ്രവർത്തകൻ മാത്രമാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്നും ഡൽഹിയിൽ താമസിക്കുന്ന കണ്ണന്താനം പറയുന്നു.
2021 ഫെബ്രുവരി 18ന് ബി.ജെ.പിയിൽ ചേർന്ന മെട്രോമാൻ ഇ. ശ്രീധരൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിച്ച് 35.34 ശതമാനം വോട്ട് പിടിച്ചു. അതേ വർഷം ഡിസംബറിൽ സജീവ രാഷ്ട്രീയം വിട്ട ശ്രീധരൻ ഇപ്പോൾ ബി.ജെ.പി പരിപാടികളിലൊന്നുമില്ല. മെട്രോ മേഖലയിലെ പ്രവർത്തനങ്ങളുമായി കേരളത്തിലും ഡൽഹിയിലുമുണ്ട്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ടോം വടക്കൻ ഇപ്പോൾ പാർട്ടി ദേശീയ വക്താവാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പാർട്ടിയെ ആദ്യമേ അറിയിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
ബി.ജെ.പിയിലേക്ക് പോയ സംവിധായകൻ രാജസേനൻ പിന്നീട് സി.പി.എമ്മിലെത്തി. കഴിഞ്ഞ തവണ പത്തനാപുരത്ത് ബി.ജെ.പി സ്ഥാനാർഥിയിരുന്ന നടൻ ഭീമൻ രഘുവും ഇപ്പോൾ സി.പി.എമ്മിനൊപ്പമാണ്. ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്ന് പ്രഖ്യാപിച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ) കഴിഞ്ഞവർഷം ജൂണിലാണ് ബി.ജെ.പി വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.