മുത്തലാഖ്: മുസ്ലിം സംഘടനകളുടെ പ്രതികരണം കരുതലോടെ
text_fieldsകോഴിക്കോട്: മുത്തലാഖ് ഭരണഘടനവിരുദ്ധമാണെന്ന സുപ്രീംകോടതി വിധിയെക്കുറിച്ച് മുസ്ലിം സംഘടനകളുടെ പ്രതികരണം കരുതലോടെ. ഒറ്റയിരിപ്പിൽ മൂന്ന് തലാഖും ചൊല്ലി വിവാഹമോചനം നടത്തുന്നത് (മുത്തലാഖ്) ഭരണഘടനവിരുദ്ധവും ഇസ്ലാമിക ശാസനക്ക് വിരുദ്ധവുമാണെന്നാണ് ബെഞ്ചിെൻറ വിധിയിലുള്ളത്. ഇതേക്കുറിച്ച് കേരളത്തിലെ മുഖ്യധാര മുസ്ലിം സംഘടനകളൊക്കെയും സൂക്ഷ്മതയോടെയാണ് പ്രതികരിച്ചത്. സൂക്ഷ്മമായി പഠിച്ചശേഷമേ പ്രതികരിക്കുന്നുള്ളൂ എന്ന നിലപാടിലാണ് മുസ്ലിം ലീഗുൾെപ്പടെ പല സംഘടനകളും. അതേസമയം, പ്രതികരിച്ച സംഘടനകളാകട്ടെ വിധിയെ പൂർണമായി തള്ളാനോ കൊള്ളാനോ തയാറായിട്ടില്ല.
മുത്തലാഖ് സംബന്ധിച്ച് ശരീഅത്തിെൻറ വ്യവസ്ഥകൾ പാലിച്ച് മാത്രമേ ഇക്കാര്യത്തിൽ നിയമമുണ്ടാക്കാവൂ എന്ന് സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു. സങ്കുചിത രാഷ്ട്രീയ അജണ്ടകൾവെച്ച് ഓർഡിനൻസ് ഇറക്കുന്ന സാഹചര്യമുണ്ടാകാൻ പാടില്ല. പണ്ഡിതന്മാരെയും മുസ്ലിം നേതാക്കളെയും ഉൾപ്പെടുത്തി വിശദമായി ചർച്ചചെയ്യുകയും ശരീഅത്തിെൻറ നിയമം വ്യക്തമായി പഠിക്കുകയും ചെയ്തതിനുശേഷമാകണം ഈ വിഷയത്തിൽ നിയമം നിർമിക്കേണ്ടത്. ഭരണഘടന അനുവദിക്കുന്ന വിശ്വാസസ്വാതന്ത്ര്യത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും അപകടപ്പെടുത്തുന്ന നിലപാട് കേന്ദ്ര സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാവുകയില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുത്തലാഖിെന സംബന്ധിച്ച് നിയമനിര്‍മാണം നടത്തുമ്പോള്‍ പണ്ഡിതന്മാരുടെയും പേഴ്സനല്‍ ലോ ബോര്‍ഡ് പോലുള്ള സംഘടനകളുടെയും അഭിപ്രായം പരിഗണിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. മുത്തലാഖ് ഭരണഘടന വകവെച്ചുതന്ന മുസ്ലിം പേഴ്സനല്‍ ലോയുടെ ഭാഗമാണ്. ഇക്കാര്യത്തിൽ സമുദായത്തിനകത്ത് വ്യത്യസ്ത വീക്ഷണങ്ങള്‍ നിലവിലുണ്ട്. ശരീഅത്ത് മുന്നോട്ടുവെക്കുന്ന സാമൂഹികനീതി സങ്കൽപത്തോട് പൊരുത്തപ്പെടുന്നതല്ല മുത്തലാഖ് എന്ന് കരുതുന്നവരും, എന്നാല്‍ വിശ്വാസത്തിെൻറയും ശരീഅത്തിെൻറയും ഭാഗമാണ് എന്ന് വിശ്വസിക്കുന്ന വിലയൊരു വിഭാഗവും മുസ്ലിം സമുദായത്തിലുണ്ട്. പരിഷ്കരണങ്ങള്‍ നടത്തേണ്ടത് മതപണ്ഡിതന്മാരുടെയും മുസ്ലിം സമുദായത്തിെൻറ പൊതുവേദിയായ ഒാള് ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് പോലുള്ള സംഘടനകളുടെ നേതൃത്വത്തിലുമാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുത്തലാഖ് ഭരണഘടനവിരുദ്ധമാണെന്ന സുപ്രീംകോടതി വിധി മതസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. തലാഖിെൻറ ദുരുപയോഗം തടയുകയാണ് ലക്ഷ്യമെങ്കിൽ അത് ചർച്ചയിലൂടെയാകണം. മുസ്ലിം വ്യക്തിനിയമ ബോർഡ് നേരേത്ത രാജ്യത്തെ മുസ്ലിംകളുടെ നിലപാട് കേന്ദ്ര സർക്കാറിനെ അറിയിച്ചതാണ്. എന്നാൽ, അതൊന്നും മുഖവിലക്കെടുക്കാതെ വിധി പറയുന്നതും, ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്ന നിലപാടിനെ പ്രധാനമന്ത്രി തങ്ങളുടെ അജണ്ടകൾ നടപ്പാക്കിയതിെൻറ വിജയമായി സ്വാഗതംചെയ്തതും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
മുത്തലാഖ് ഭരണഘടനവിരുദ്ധമാക്കിയ കോടതിവിധി ഏകീകൃത സിവിൽകോഡിലേക്കുള്ള കാൽവെപ്പായി മാറ്റുന്നത് ആപത്കരമാവുമെന്ന് എം.ഇ.എസ് പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ പറഞ്ഞു. ആറു മാസത്തിനുള്ളിൽ നിയമനിർമാണത്തിന് സർക്കാറിന് നിർദേശം നൽകുകയെന്നാൽ സാമുദായിക ധ്രുവീകരണത്തിന് അവസരം കൊടുക്കുക എന്നാണർഥം. ഏകീകൃത സിവിൽ കോഡ് വരണമെന്നാണ് സർക്കാറിെൻറ കാഴ്ചപ്പാട്. ഇതിനെ എല്ലാ മതസംഘടനകളും മിക്ക രാഷ്ട്രീയ പാർട്ടികളും എതിർത്തതാണ്. മുത്തലാഖും സിവിൽ കോഡും കൂട്ടിക്കുഴക്കുന്നത് ആശങ്കജനകമാണെന്നും ഫസൽ ഗഫൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.