അക്ഷര തുരുത്തിൽ ആകാശച്ചിറകേറിയവർ
text_fieldsവായന കുറഞ്ഞുവരുമ്പോഴും ജീവിത പ്രതിസന്ധികളിൽ പതറാതെ അക്ഷരത്തുരുത്തിൽ അതിജീവനം കണ്ടെത്തി മാതൃകയാവുകയാണ് ഈ എഴുത്തുകാർ. തീക്ഷ്ണമായ ജീവിതാനുഭവങ്ങളും കൃത്യമായ നിലപാടുകളും വരികളാക്കി കാലമേൽപിച്ച പ്രഹരങ്ങളെയെല്ലാം മനസ്സിന്റെ ഇച്ഛാശക്തി കൊണ്ട് പൊരുതി തോൽപ്പിക്കുന്നവർ. നിരാശകളുടെയും അവഗണനയുടെയും കൈപ്പേറിയ അനുഭവങ്ങൾക്ക് പകരമായി പ്രത്യാശയുടെ പുഞ്ചിരിയാണ് ഇവർ അക്ഷരവിരുന്നിലൊരുക്കുന്നത്.
നുസ്റത്ത് എന്ന നദി ഒഴുകുകയാണ്
വഴിക്കടവ് മരുത വേങ്ങാപാടം മുതിരക്കുളവൻ വീട്ടിൽ കോയ-റംലത്ത് ദമ്പതികളുടെ നാല് മക്കളിൽ മൂത്ത മകളാണ് നുസ്റത്ത് വഴിക്കടവ്. നാല് വയസ്സ് പ്രായമുള്ളപ്പോഴാണ് പേശികളുടെ ബലം ക്ഷയിച്ച് പോകുന്ന അസുഖം (മസ്കിലോ ഡിസ്ട്രോഫി) വന്നത്. സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ലെങ്കിലും അക്ഷരങ്ങളെയും വാക്കുകളെയും കൂടെ കൂട്ടാൻ തന്നെയായിരുന്നു അവളുടെ തീരുമാനം. പത്താം ക്ലാസ് തുല്യത പരീക്ഷയെഴുതി മികച്ച വിജയം നേടിയ നുസ്റത്ത് പ്ലസ് ടു പഠനം പൂർത്തിയാക്കി കമ്പ്യൂട്ടർ ടി.ടി.സിയും പഠിച്ചു. ചെറുപ്രായത്തിലെ പുസ്തകങ്ങൾ വായിക്കുന്ന ശീലമുള്ള നുസ്റത്തിന്റെ ആദ്യപുസ്തകമായ ‘നദി പിന്നെയും ഒഴുകുന്നു’ പിറക്കുന്നത് 2019ലാണ്. രാഹുൽ ഗാന്ധിയാണ് പുസ്തകം പ്രകാശനം ചെയ്തത്. 2020ൽ രണ്ടാമത്തെ പുസ്തകം ‘പ്രണയത്തീവണ്ടി’യും പുറത്തിറങ്ങി.
അതിജീവനമാണ് റഷീദിന്റെ കരുത്ത്
ജന്മനാ എണീറ്റ് നടക്കാൻ കഴിയാത്ത മമ്പാട് സ്വദേശി പി.പി. റഷീദ് ഇതുവരെ പുറത്തിറക്കിയത് അഞ്ച് പുസ്തകങ്ങളാണ്. ജനിക്കുമ്പോൾ തന്നെ റഷീദിന്റെ കൈയും കാലും പിറകോട്ട് ആയിരുന്നു. നടക്കാനോ എഴുതാനോ കഴിയാതിരുന്ന റഷീദ് സ്കൂളിൽ പോകാതെ വീട്ടിലിരുന്ന് പഠിച്ചാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് മലയാളത്തിൽ ബിരുദം വരെ കരസ്ഥമാക്കിയത്. അനാഥ ബാലനും പക്ഷിയും (ബാലസാഹിത്യം), മാരിവില്ല് (കവിതാ സമാഹാരം), തിരു ഗീതങ്ങൾ (പ്രവാചക പ്രകീർത്തനം), അതിജീവനത്തിന്റെ ആദ്യപാഠം (പ്രചോദനം) എന്നിവയാണ് മലയാള കൃതികൾ. ‘അതിജീവനത്തിന്റെ ആദ്യപാഠം’ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. നാടകം, നോവൽ, ഷോർട്ട് ഫിലിം, ഗാനം തുടങ്ങിയവ പുറത്തിറക്കിയ റഷീദ് സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമാണ്.
നസ്റയുടെ താരാട്ടുപാട്ടിൽ ‘മിഴി അടക്കാനാവില്ല’
മകനെ താരാട്ടുപാടി ഉറക്കുന്നതിനിടയിലും തന്റെ സങ്കടങ്ങൾ വരച്ചിട്ട കവിതകളിലൂടെയാണ് നസ്റ അതിജീവന സന്ദേശം പകരുന്നത്. കൊട്ടപ്പുറത്തെ സഫിയയുടെയും നാസറിന്റെയും മകളായാണ് നസ്റയുടെ ജനനം. 19ാം വയസ്സിലാണ് അത്തിക്കോടൻ ഷബീറുമായി നസ്റയുടെ വിവാഹം നടന്നത്. 2019ലാണ് നസ്റക്ക് നടുവേദന ഉണ്ടായത്. ഏറെ ചികിത്സക്ക് ശേഷമാണ് നട്ടെല്ലിനുള്ളിൽ ട്യൂമർ ആണെന്ന് കണ്ടെത്തിയത്. പ്രതീക്ഷയുടെ കണിക പോലും ഇല്ലാത്ത വിധം മുന്നിലാകെ ഇരുട്ട് വന്ന് മൂടിയ അവസ്ഥയിലും ആത്മവിശ്വാസത്തോടെ രോഗത്തെ സധൈര്യം നേരിടുകയാണ് നസ്റ. നട്ടെല്ലിനെ ബാധിച്ച ട്യൂമറിന്റെ വേദനക്കു മേലെയാണ് മകൻ മുഹമ്മദ് ഷാഹിൻ ഷാ കൈകാലുകൾ ചലിപ്പിക്കാനാവാതെ ഗുരുതര രോഗം ബാധിച്ച് കിടപ്പിലായത്. ചക്രക്കസേരയിൽ കഴിയുന്ന മകനെ താലോലിക്കുന്നതിനിടയിലും എഴുതിയ കവിതകളാണ് ‘മിഴി അടയുമ്പോൾ’ എന്ന പേരിൽ സമാഹരിച്ചത്. പത്ത് വർഷത്തിനിടെ കുറിച്ചിട്ട നൂറിലധികം കവിതകളിൽനിന്ന് തിരഞ്ഞെടുത്ത 36 കവിതകളാണ് സമാഹാരത്തിലുള്ളത്. ഇപ്പോഴും തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സ തേടുന്നുണ്ട്.
അപകടത്തിനും തോൽപ്പിക്കാനാവാത്ത ആത്മവിശ്വാസം
ഗൾഫിലേക്ക് ജോലിക്ക് പോകുന്നതിനോടനുബന്ധിച്ചുള്ള ആവശ്യത്തിന് ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ 2010 സെപ്റ്റംബർ 23നാണ് തമിഴ്നാട്ടിലെ സേലത്തിനടുത്ത് വെച്ച് അൻവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. കൂടെ സഞ്ചരിച്ച രണ്ട് സുഹൃത്തുക്കൾ മരണപ്പെട്ടു. അൻവറിന് നട്ടെല്ലിനു പരിക്കേറ്റതിനാൽ 70 ശതമാനവും ചലനശേഷി നഷ്ടപ്പെട്ടു. എന്നാൽ, അപകടത്തിനും തോൽപ്പിക്കാനാവാത്ത ആത്മവിശ്വാസവുമായി എഴുത്തിന്റെയും വായനയുടെയും ലോകത്ത് അൻവർ സജീവമായി. വായനയാണ് അൻവറിന് ജീവിക്കാനുള്ള ഊർജം നൽകുന്നത്.
വിവിധ ആനുകാലികങ്ങളിൽ അൻവർ എഴുതിയ 45 ലേഖനങ്ങളുടെ സമാഹാരമാണ് ‘നീ വരുമെന്ന് എനിക്കറിയാമായിരുന്നു’ എന്ന പുസ്തകം. രാഷ്ട്രീയ നിരീക്ഷണങ്ങളും ഓർമകളും പഠനങ്ങളുമാണ് ഈ പുസ്തകത്തിലുള്ളത്.
വായനയെ അതിജീവന തന്ത്രമാക്കി ഫർസാന
കുറ്റിപ്പുറം സ്വദേശിനി ഫർസാന സെറിബ്രൽ പാൾസി രോഗം ബാധിച്ച് വീൽചെയറിലിരുന്നാണ് ജീവിതത്തിന്റെ താളുകൾ മറിക്കുന്നത്. വീട്ടിൽ ഇരുന്ന് പഠിച്ചാണ് ഫർസാന പത്താംക്ലാസ് പരീക്ഷയെ മറികടന്നത്.
കാലിക്കറ്റ് സർവകലാശാലയിൽനിന്നും ഈ വർഷം ബി.എ സോഷ്യോളജി ബിരുദവും നേടി. പ്രതിസന്ധികളിൽ പതറാതെ നിൽക്കാനുള്ള അതിജീവന തന്ത്രമാണ് ഫർസാനക്ക് എഴുത്ത്. തന്റേതായ ഒരു ലോകം സൃഷ്ടിക്കാൻ പ്രാപ്തയാക്കിയത് വായനയായിരുന്നു.
വായനവഴി പല ജീവിതങ്ങളെ അറിഞ്ഞു. പിന്നീടാണ് എഴുത്തിലേക്ക് തിരിയുന്നത്. ഫർസാനയുടെ ‘മൗനം പുണർന്ന ശലഭച്ചിറകുകൾ’ എന്ന കവിതാ സമാഹാരം നിയതം ബുക്സാണ് പുറത്തിറക്കിയത്. 96 കവിതകളുടെ സമാഹാരമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.